Sunday, May 17, 2020

കേരളപാഠാവലി (യൂണിറ്റ്-1) : ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്തിന്റെ ആശയം (Class 10)

ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗത്തിന്റെ ആശയം
അല്ലയോ പ്രിയപ്പെട്ട ലക്ഷ്മണാ, മത്സരബുദ്ധി ഉപേക്ഷിച്ച് നീ എന്റെ വാക്കുകള്‍ കേള്‍ക്കുക. നിന്റെ മനസ്സ് എന്താണെന്ന് എനിക്ക് നേരത്തേതന്നെ അറിയാം. നിന്നെപ്പോലെ മറ്റാരും എന്നെ സ്‌നേഹിക്കുന്നില്ലെന്നും അറിയാം. തീര്‍ച്ചയായും, നിനക്ക് അസാധ്യമായി  ഒന്നുമില്ല. എങ്കിലും ചില കാര്യങ്ങള്‍ നീ അറിയേണ്ടതുണ്ട്. രാജ്യം, ദേഹം, പ്രപഞ്ചം, ധനധാന്യങ്ങള്‍ എന്നിവയെല്ലാം സത്യമാണെങ്കില്‍ നിന്റെ പ്രയത്‌നം ശരിയാണ്. അവ സത്യമല്ലെങ്കില്‍ നിന്റെ പ്രയത്‌നംകൊണ്ട് എന്താണ് പ്രയോജനം? ഈ ലോകത്തിലെ സുഖങ്ങളെല്ലാം മിന്നല്‍പ്പിണര്‍പോലെ നൈമിഷികമാണ്.  ആയുസ്സും വളരെ വേഗത്തില്‍ നശിച്ചുപോകും. തീയില്‍ ചുട്ടുപഴുത്ത ലോഹത്തില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ പെട്ടെന്ന് നശിക്കുന്നതാണ് മനുഷ്യജന്മം. പാമ്പിന്റെ  വായില്‍ അകപ്പെട്ടിരിക്കുന്ന തവള ഭക്ഷണത്തിന്  ആഗ്രഹിക്കുന്നതുപോലെയാണ് കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടിരിക്കുന്ന ലോകം (മനുഷ്യര്‍) ചഞ്ചലമനസ്സോടെ ലൗകികസുഖങ്ങള്‍ തേടുന്നത്. പുത്രന്മാര്‍, മിത്രങ്ങള്‍, സമ്പത്ത്, ഭാര്യ  എന്നിവരോടുള്ള ബന്ധങ്ങളെല്ലാം വളരെക്കുറച്ചു കാലത്തേക്ക് മാത്രമേയുള്ളുവെന്ന് നീ ഓര്‍ക്കുക. യാത്രചെയ്ത് ക്ഷീണിച്ച വഴിയാത്രക്കാര്‍ പെരുവഴിയമ്പലത്തില്‍ ഒരുമിച്ചുകൂടി പിരിഞ്ഞുപോകുന്നതുപോലെയും നദിയിലൂടെ പൊങ്ങുതടികള്‍ ഒഴുകുന്നതുപോലെയും  അസ്ഥിരമാണ് കുടുംബജീവിതം. ഐശ്വര്യവും അസ്ഥിരമാണ്. യൗവനവും  ആരിലും സ്ഥിരമായിട്ടു നില്‍ക്കുകയില്ലല്ലോ. ഭാര്യയോടൊത്തുള്ള ജീവിതം സ്വപ്‌നത്തിനു  തുല്യമാണ്. മനുഷ്യര്‍ക്ക് ആയുസ്സും അല്‍പ്പകാലത്തേക്കു  മാത്രമേയുള്ളൂ.  രാഗാദിസങ്കുലമായുള്ള (രാഗം, ദ്വേഷം, മദം, മാത്സര്യം, ലോഭം എന്നിവകൊണ്ട് നിറഞ്ഞ)  ഈ ലോകവും സ്വപ്‌നത്തിനു തുല്യമാണ്.
അജ്ഞാനികളായ മനുഷ്യര്‍ ദേഹമാണ് പ്രധാനമെന്നു കരുതുന്നു. അഹംബുദ്ധികൊണ്ട് ഞാന്‍  ബ്രാഹ്മണനാണ്, ഞാന്‍ രാജാവാണ്, ഞാന്‍ ആഢ്യനാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മരണം സംഭവിച്ചേക്കാം. നമ്മുടെ ശരീരം ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിച്ചെന്നുവരാം. വെന്ത് ചാരമായി മാറാം. മണ്ണിന്റെ അടിയില്‍ കൃമികളായിത്തീരാം. അതുകൊണ്ട് ദേഹത്തിന്റെ പേരിലുള്ള അതിമോഹം ഒട്ടും നല്ലതല്ല.  തൊലി, മാംസം, രക്തം, അസ്ഥി, മലം, മൂത്രം,  ശുക്ലം എന്നിവ ചേര്‍ന്നതാണ്  പഞ്ചഭൂതനിര്‍മ്മിതമായ ഈ ശരീരം. മായാമയവും നാശോന്മുഖവുമായ  ഈ ശരീരം സദാ മാറിക്കൊണ്ടിരിക്കുന്നതും നശ്വരവുമാണ്. ദേഹത്തെക്കുറിച്ചുള്ള അഭിമാനം  നിമിത്തമുണ്ടായ മോഹംകൊണ്ടാണ് ലോകം ദഹിപ്പിച്ചുകളയാമെന്ന് നീ കരുതിയത്. അത്  നിന്റെ അജ്ഞതയാണെന്ന് അല്ലയോ ലക്ഷ്മണാ, നീ  മനസ്സിലാക്കിയാലും.  ദേഹത്തെക്കുറിച്ച്  അഭിമാനം കൊള്ളുന്നവരുടെ ക്രോധം മൂലമാണ് ദോഷങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ശരീരമാണ് ഞാന്‍ എന്ന വിചാരമാണ് മനുഷ്യരില്‍ മോഹം ജനിപ്പിക്കുന്ന അവിദ്യ. ഈ ശരീരമല്ല, ആത്മാവാണ് ഞാന്‍ എന്ന ബോധമാണ് മോഹത്തെ ഇല്ലാതാക്കുന്ന വിദ്യ. സംസാരകാരിണി (ജനനമരണ സുഖദുഃഖ സമ്മിശ്രമായ ഈ ലോകമാണ് പ്രധാനമെന്ന് കരുതുന്നത്) ആണ് അവിദ്യ. സംസാരനാശിനി (ഈ ലോകം അപ്രധാനമാണ് എന്ന് കരുതുന്നത്) ആണ് വിദ്യ. നീ മോക്ഷമാണ്  ആഗ്രഹിക്കുന്നതെങ്കില്‍ ഏകാഗ്രബുദ്ധിയോടെ വിദ്യ അഭ്യസിക്കണം. പക്ഷേ, ആ സമയത്ത് കാമം, ക്രോധം, ലോഭം, മോഹം ആദിയായ ശത്രുക്കള്‍ കടന്നുവരുമെന്നും നീ മനസ്സിലാക്കണം. മോക്ഷമാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവയില്‍ ഏറ്റവും കരുത്തുള്ളത്  ക്രോധത്തിനാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സ്‌നേഹിതര്‍ എന്നിവരെപ്പോലും ക്രോധം മൂലം മനുഷ്യര്‍ കൊല്ലുന്നു. ക്രോധം മനോദുഃഖത്തിന് കാരണമായിത്തീരും. മനുഷ്യര്‍ക്ക് ലൗകികബന്ധനങ്ങളുണ്ടാക്കുന്നത് ക്രോധമാണ്. ക്രോധം  നിനക്ക്  ധര്‍മ്മക്ഷയമുണ്ടാക്കും. അതിനാല്‍  അറിവുള്ളവര്‍ ക്രോധത്തെ ഉപേക്ഷിക്കണം.

8 comments: