▲അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ചാവറയച്ചന്‍, വൈകുണ്ഠസ്വാമികള്‍, വക്കം മൗലവി തുടങ്ങി അനേകം മഹാന്മാര്‍ നമുക്കുണ്ട്. അവരുടെ ജീവിതത്തില്‍നിന്നു നമുക്ക് പലതും ഉള്‍ക്കൊള്ളാനുണ്ട്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത അവര്‍ കേരളത്തിലെ സാമൂഹികപുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരുമാണ്. പാഠഭാഗങ്ങളില്‍നിന്നും മറ്റു കൃതികളില്‍നിന്നും ഇങ്ങനെയുള്ള മഹാന്മാരെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉപന്യാസം തയാറാക്കുക.
കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍
മഹാന്മാരുടെ ജീവിതം എന്നും നമുക്ക് പ്രചോദനവും പ്രത്യാശയും പകര്‍ന്നുനല്‍കിയിട്ടുണ്ട്. ലോകത്തെ അജ്ഞാനത്തിന്റെ പടുകുഴിയില്‍നിന്നും അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കുന്നവരാണവര്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന ഒരു നാടായിരുന്നു കേരളം. സ്വാമിവിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയം' എന്നാണ് വിശേഷിപ്പിച്ചത്. നാടിനെ ബാധിച്ചിരുന്ന ഏറ്റവും വലിയ സാമൂഹികവിപത്തായിരുന്നു ജാതിവിവേചനം. ജനങ്ങളെ സവര്‍ണര്‍, അവര്‍ണര്‍ എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചിരുന്നു. അവര്‍ണരെ എല്ലാ രംഗങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്നു. മനുഷ്യരായിപ്പോലും അവരെ കരുതിയിരുന്നില്ല. സവര്‍ണരായ ജന്മികള്‍ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു. സമൂഹത്തില്‍നിന്ന് പിന്തള്ളപ്പെട്ട ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പോരാടിയ മഹദ്‌വ്യക്തികളാണ് വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങിയവര്‍.
പുലയസമുദായത്തില്‍പ്പെട്ട അയ്യങ്കാളി തന്റെ കഠിനമായ പ്രയത്‌നത്തിലൂടെ അവര്‍ണര്‍ക്ക് പൊതുവഴിയെ നടക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തു. കൂടാതെ ജന്മിത്തത്തിനെതിരെ യുവാക്കളെ സംഘടിപ്പിക്കുകയും കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനെ സാമൂഹ്യപുരോഗതിയിലേക്ക് നയിച്ച മഹാനാണ് ശ്രീനാരായണഗുരു. നമ്മുടെ നാടിന്റെ സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച ആചാര്യനാണ് ചട്ടമ്പിസ്വാമികള്‍. ബ്രാഹ്മണമേധാവിത്വത്തെ ചോദ്യംചെയ്ത അദ്ദേഹം ജാതിഭേദത്തെ നിഷേധിച്ചു. സ്ത്രീപുരുഷസമത്വം, എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങി സമൂഹനന്മയ്ക്കുള്ള നൂതനാശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടവര്‍ക്ക് മറ്റുള്ളവരോടൊപ്പം നില്‍ക്കാനുള്ള കരുത്തു നല്‍കി. അറിവിലൂടെ മാത്രമേ സാമൂഹികപുരോഗതി സാധ്യമാവുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചു. സാമുദായികപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നീനിലകളിലെല്ലാം ശ്രദ്ധനേടിയ ചാവറയച്ചന്‍, സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും പണ്ഡിതനുമായ വക്കം അബ്ദുല്‍ഖാദര്‍ മൗലവി, രാഷ്ട്രീയപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സൈദ്ധാന്തികന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇ. എം. എസ്. നമ്പൂതിരിപ്പാട്
തുടങ്ങിയവരും നമ്മുടെ നാടിനെ സാംസ്‌കാരികമായ ശോഷണത്തില്‍നിന്നും കരകയറ്റിയവരാണ്. ഇവരുടെയെല്ലാം പരിശ്രമഫലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായ സാമൂഹികനവോത്ഥാനം.
ഇത്തരത്തിലുള്ള നിരവധി മഹദ്‌വ്യക്തികളുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തെ ഇന്നു കാണുന്ന നിലയിലെത്തിച്ചത്. പുരോഗമനപരമായ ആശയങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഏതൊരു നാടിനെയും പുരോഗതിയിലേക്ക് നയിക്കാന്‍ മഹാന്മാരായ വ്യക്തികള്‍ക്ക് സാധിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറകള്‍ക്കൂടി പ്രയോജനപ്പെടുന്നവയാണ്. അങ്ങനെയുള്ള വ്യക്തികളുടെ ജീവിതമാണ് പുതിയ തലമുറ മാതൃകയാക്കേണ്ടത്.
▲കൃഷിയെ ഒരു ജീവിതമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരമായി കണ്ടവരാണ് പണ്ടത്തെ ആളുകള്‍. എന്നാല്‍ ഇന്നത്തെ യുവതലമുറ കൃഷിയില്‍നിന്ന് അകലുകയാണോ? 'കൃഷി അന്നും ഇന്നും' എന്ന വിഷയത്തെ ആസ്പദമാക്കി ലഘു ഉപന്യാസം തയാറാക്കുക.
കൃഷി അന്നും ഇന്നും
മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയത് കൃഷി ആരംഭിച്ചതോടുകൂടിയാണ്. നമ്മുടെ ജീവിതത്തിന് ആവശ്യമായതെല്ലാം നാം നിറവേറ്റിയിരുന്നത് കൃഷിയിലൂടെയാണ്. കൃഷി നമുക്ക് ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, സംസ്‌കാരവുമായിരുന്നു. നമ്മുടെ പ്രധാന ആഘോഷങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി ദൈവികമായ ഒരു പ്രവൃത്തിയായിട്ടാണ് പണ്ടത്തെ മനുഷ്യര്‍ കണ്ടിരുന്നത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷിരീതിയാണ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത്. ഭക്ഷണം മാത്രമല്ല, കായികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും കൃഷിയില്‍നിന്നും അവര്‍ അനുഭവിച്ചു. വിളവെടുപ്പ് നാടിന്റെ ഉത്സവംതന്നെയായിരുന്നു.
എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യ പുരോഗമിച്ചതോടെ കൃഷിയിലും വലിയ മാറ്റങ്ങള്‍ വന്നു. കാളയും കലപ്പയും ഉപയോഗിച്ച് നിലമുഴുതിരുന്ന സ്ഥാനത്ത് ഇന്ന് ട്രാക്ടറാണ് ഉപയോഗിക്കുന്നത്. ജലസേചനത്തി
നുവേണ്ടി ഉപയോഗിച്ചിരുന്ന ചക്രങ്ങളുടെ സ്ഥാനത്ത് പമ്പുസെറ്റുകള്‍ ഉപയോഗിക്കുന്നു. ഞാറുനടീലും കൊയ്ത്തുമെല്ലാം ഇന്ന് യന്ത്രത്തിന്റെ സഹായത്താല്‍ത്തന്നെ. ഒരു പരിധിവരെ ഈ യന്ത്രസംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്രദമാണ്. പക്ഷേ മനുഷ്യന്റെ കായികാധ്വാനത്തെ ഇത് കുറയ്ക്കുകയും കൃഷിയെന്ന കലയുടെ സൗന്ദ്യരത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗമാണ്. കുറച്ചു സ്ഥലത്തുനിന്നും കൂടുതല്‍ വിളവു ലഭിക്കാന്‍വേണ്ടി മനുഷ്യര്‍ ഉപയോഗിക്കുന്ന പല രാസവളങ്ങളും പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷംചെയ്യുന്നതാണ്. മാരകവിഷമടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതുമൂലം പലതരം രോഗങ്ങള്‍ നമ്മെ പിടികൂടുന്നു
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് കാര്‍ഷികമേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷി ലാഭകരമല്ലെന്ന തോന്നല്‍ ചെറുപ്പക്കാരെ കൃഷിയില്‍നിന്ന് അകറ്റുന്നു. കൃഷിഭൂമി നികത്തി
കെട്ടിടങ്ങളും വ്യവസായശാലകളും പണിയുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യം. മനുഷ്യരാശിയുടെ നിലനില്‍പ്പിന് കൃഷി കൂടിയേ തീരൂ എന്ന് ബോധ്യമുള്ളവരായി മാറാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.
ഈ മനോഭാവമുള്ള ആളുകളുടെ എണ്ണം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂടിവരുന്നുണ്ടെണ്ടന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.
Uu
ReplyDelete👍👍👍👍💞
ReplyDelete👍👍🏻👍🏼👍🏽👍🏾👍🏿
ReplyDelete