Tuesday, July 2, 2019

വിശ്വരൂപം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1. ▲ മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചുവെന്നു മാത്രം. മുലകൊടുത്തിട്ടില്ല. താരാട്ടുപാടിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോള്‍ ശാസിക്കയോ സുഖക്കേടില്‍ ശുശ്രൂഷിക്കയോ ചെയ്തിട്ടില്ല. അലങ്കരിച്ച ബൊമ്മകളെപ്പോലെ ഇടയ്ക്ക് ഉമ്മവയ്ക്കാന്‍ മാത്രം അവര്‍ അടുത്തുവരും.'
▲ മിസ്സിസ് തലത്ത് ഒരു യജമാനത്തിയുടെ  അകല്‍ച്ച പാലിച്ചുകൊണ്ട് മന്ദഹസിച്ചു കൈനീട്ടി. പക്ഷേ, ആ പാണികള്‍ ഗ്രഹിച്ചപ്പോള്‍ ഇന്നത്തെപ്പോലെയുള്ള ചൂട് ഇല്ലായിരുന്നുവെന്ന് അയാളോര്‍ത്തു.'
◼️ അമ്മയെന്നനിലയില്‍ മിസ്സിസ് തലത്തിന്റെ പ്രവൃത്തി നിങ്ങള്‍ വിലയിരുത്തുന്നതെങ്ങനെ?
◼️ യജമാനത്തിയുടെ അകല്‍ച്ച എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
◼️ മിസ്സിസ് തലത്തിന്റെ  പ്രവൃത്തികള്‍ സുധീര്‍ വിലയിരുത്തുന്നതെങ്ങനെയെല്ലാം?
സ്‌നേഹവും  പരിചരണവും  ലഭിക്കേണ്ട പ്രായത്തില്‍ നാലുമക്കളെയും ബോര്‍ഡിങ്ങിലാക്കുകയാണ്  മിസ്സിസ് തലത്ത് ചെയ്തത്. കുട്ടികളെ പാലൂട്ടുകയോ താരാട്ടുപാടി ഉറക്കുകയോ ശാസിക്കുകയോ ഒന്നും അവര്‍  ചെയ്തിരുന്നില്ല. കുട്ടികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും  പരിഗണിക്കാതെ കുട്ടികളെ അലങ്കരിച്ച  ബൊമ്മകളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. ഒരു അമ്മയെന്നനിലയിലുള്ള കടമകളൊന്നും അവര്‍ പാലിച്ചില്ല. അമ്മയുടെ സ്‌നേഹവും ലാളനകളും അനുഭവിച്ചുതന്നെയാണ് തീര്‍ച്ചയായും കുട്ടികള്‍ വളരേണ്ടത്. എന്നാല്‍ മാത്രമേ അമ്മയെന്നത് കുട്ടികളുടെ ജീവിതത്തിന്റെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ. മക്കള്‍ക്കു സ്‌നേഹവാത്സല്യങ്ങള്‍ നല്‍കിയിട്ടില്ലെന്ന് വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയപ്പോഴാണ് മിസ്സിസ് തലത്ത് തിരിച്ചറിയുന്നത്. മക്കള്‍ക്ക് താന്‍ നല്‍കാത്ത സ്‌നേഹം തിരിച്ച് മക്കളില്‍
നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് കരുതുന്നതുകൊണ്ടാണ് ഡോക്ടര്‍ തലത്തിന്റെ മരണശേഷം അവര്‍ ഒറ്റയ്ക്ക് കഴിയുന്നത്.  
            മിസ്സിസ് തലത്തിനെ സുധീര്‍ ആദ്യം പരിചയപ്പെട്ടപ്പോള്‍  അവര്‍ യജമാനത്തിയുടെ അകല്‍ച്ചയോടെയാണ് ഇടപെട്ടതെന്ന് സുധീര്‍ ഓര്‍ത്തു.  'നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു' എന്നുപറഞ്ഞ് ഡോക്ടര്‍ തലത്ത് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ മന്ദഹസിച്ചുകൊണ്ട് മിസ്സിസ് തലത്ത് കൈനീട്ടിയതും സുധീറിന്റെ ഓര്‍മ്മയിലെത്തി. ആ കൈകള്‍ക്ക് ഇന്നത്തേതുപോലുള്ള സ്‌നേഹത്തിന്റെ ചൂട് ഉണ്ടായിരുന്നില്ലെന്ന് സുധീറിന് തോന്നി. എല്ലാവരോടും ഒരകലം പാലിച്ചാണ് മിസ്സിസ് തലത്ത് ഇടപെട്ടിരുന്നത്. ഔപചാരികമായി ചിട്ടപ്പെടുത്താതെ കരയാനോ ചിരിക്കാനോ പോലും അവര്‍ക്ക് കഴിയുകയില്ലെന്ന് സുധീര്‍ വിചാരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം  മിസ്സിസ് തലത്തില്‍നിന്നും താഴത്തു കുഞ്ഞുക്കുട്ടിയമ്മയായി അവരുടെ ജീവിതം മാറി. ഇപ്പോഴവരുടെ  ജീവിതം  സ്‌നേഹം കൊടുക്കുവാനും വാങ്ങുവാനുംവേണ്ടി കൊതിക്കുന്നതാണ്. ഇത് അവരുടെ പ്രവൃത്തികളില്‍
മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്.

2. ''നിങ്ങളുടെ വരാന്‍ പോകുന്ന ഭാര്യയോടു പറയൂ, കുട്ടികളെ ബോര്‍ഡിങ്ങുകളില്‍ അയയ്ക്കരുതെന്ന്. അവര്‍ക്ക് ആയയെ വയ്ക്കരുത്. അമ്മതന്നെ വളര്‍ത്തണം. ശാസിക്കയും  ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നത് കുട്ടികളുടെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ.''
മിസ്സിസ് തലത്തിന്റെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിച്ചുകൊണ്ട് ആനുകാലികസംഭവങ്ങള്‍കൂടി പരിഗണിച്ച് 'മക്കളെ വളര്‍ത്തുമ്പോള്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖപ്രസംഗം (എഡിറ്റോറിയല്‍) തയാറാക്കുക.
                                                                  മക്കളെ വളര്‍ത്തുമ്പോള്‍
കൂണുകള്‍പോലെ വൃദ്ധസദനങ്ങള്‍ പെരുകുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. മക്കള്‍ക്ക് പ്രായമായ മാതാപിതാക്കളെ ശ്രദ്ധിക്കാനോ പരിചരിക്കാനോ നേരമില്ല. ഇതിനുകാരണം ഒരു പരിധിവരെ മാറിയ ജീവിതസാഹചര്യങ്ങളാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മക്കളെത്തന്നെ കുറ്റം  പറയാനും സാധിക്കുകയില്ല.  ബാല്യകാലത്തില്‍ത്തന്നെ മക്കളെ ഹോസ്റ്റലിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ധക്യത്തില്‍ മക്കളില്‍നിന്നും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. സാമൂഹികമായ പദവി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവ   ലക്ഷ്യംവയ്ക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് കുടുംബത്തില്‍നിന്നും ലഭിക്കേണ്ട സ്‌നേഹലാളനകള്‍ നല്‍കുന്നില്ല. ഇന്ന് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം കുറയുന്നതാണ്. ഈ പ്രതിസന്ധി കാലങ്ങള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം.
മാഡം തലത്തിനെപ്പറ്റി അവര്‍ എഴുതിയ 'വിശ്വരൂപം' എന്ന കഥ ശ്രദ്ധേയമാണ്. ബാല്യകാലത്തില്‍ത്തന്നെ മക്കളെ കുടുംബത്തില്‍നിന്ന് മാറ്റിനിര്‍ത്തി പഠിപ്പിക്കാനയച്ച മാഡം തലത്ത് വാര്‍ധക്യത്തിലാണ് തന്റെ തെറ്റ് മനസ്സിലാക്കുന്നത്. 'കുട്ടികളെ അമ്മതന്നെ വളര്‍ത്തണം. ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ കുട്ടികളുടെ ഒരു ഭാഗവും കുട്ടികള്‍ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ' എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവുന്നു. കാലാതിവര്‍ത്തിയായി നില
നില്‍ക്കുന്ന ഈ കഥ ആനുകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാണ്. മനുഷ്യത്വം, മൂല്യങ്ങള്‍, സാമൂഹിക മര്യാദകള്‍ തുടങ്ങിയവയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ ആര്‍ജിക്കേണ്ടത് കുടുംബങ്ങളില്‍നിന്നാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന ചൊല്ല് ഇവിടെ സാര്‍ഥകമാണ്.
കുട്ടികളെ നോക്കാനായി പലരും ഇന്നും ഡേകെയറിനെയും ബോര്‍ഡിങ്ങിനെയുമൊക്കെ ആശ്രയിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നത് സ്‌നേഹവും കരുതലും നന്മയുമൊക്കെയാണ്. ലഭിക്കാത്ത സ്‌നേഹം തിരിച്ചു നല്‍കാന്‍ മക്കള്‍ക്കാവില്ലെന്ന സത്യം ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ വികസനം കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണെന്നതിനാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാവണം.
3. ''മാഡം തലത്ത് മരിച്ചുപോയി മോനേ. ഡോക്ടര്‍ തലത്തിനോടൊപ്പം അവരും പോയി. ഇത് അമ്മയാണ്; താഴത്തു 
കുഞ്ഞുക്കുട്ടിയമ്മ.'' മിസ്സിസ് തലത്ത് മാറി കുഞ്ഞുക്കുട്ടിയമ്മയാവുന്നു.
ഈ വാക്കുകള്‍ അവരുടെ ജീവിതത്തെക്കുറിച്ച് നല്‍കുന്ന സൂചനകളെന്തെല്ലാം? വാക്യം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരികളിലൊരാളായ ലളിതാംബിക അന്തര്‍ജനത്തിന്റെ 'വിശ്വരൂപം' എന്ന കഥയിലെ പ്രമേയം ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രസക്തമാണ്.  മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തിന്റെ ആഴം ഈ കഥ ആവിഷ്‌കരിക്കുന്നു.
താഴത്തു കുഞ്ഞുക്കുട്ടിയമ്മ ഡോക്ടര്‍ തലത്തിന്റെ ഭാര്യയായതോടെയാണ് മിസ്സിസ് തലത്ത് എന്ന പേരില്‍ തിളങ്ങിയിരുന്നത്. ആകര്‍ഷകമായ വ്യക്തിത്വവും കുലീനതയും ആതിഥ്യമര്യാദയും അവര്‍ക്ക് സമൂഹത്തില്‍  വലിയ അംഗീകാരം നേടിക്കൊടുത്തു. പക്ഷേ, ഭര്‍ത്താവിന്റെ മരണത്തോടെ ആ തിളക്കങ്ങളും ത്തില്‍നിന്ന് അവര്‍ക്ക് പിന്‍വലിയേണ്ടിവന്നു. ഡോക്ടറുടെ ഭാര്യ എന്ന അംഗീകാരവും നഷ്ടമായി. മക്കള്‍ ദൂരദേശങ്ങളില്‍ താമസമായതോടെ മിസ്സിസ് തലത്ത് നാട്ടിലേക്ക് തിരിച്ചുവന്നു.
വീണ്ടുമവര്‍ താഴത്തു കുഞ്ഞുക്കുട്ടിയമ്മയായി മാറി. തുളസിത്തറയ്ക്കപ്പുറത്ത് മുറ്റത്തരികില്‍ കോളാമ്പിപ്പൂക്കളും മഞ്ഞമന്ദാരവും കാടുപോലെ വളര്‍ന്നുനില്‍ക്കുന്ന  ചെറിയൊരു വീട്ടില്‍ താമസിക്കുന്ന താഴത്തു കുഞ്ഞുക്കുട്ടിയമ്മയ്ക്ക് 'മാഡം' എന്ന സംബോധനയോ ഡോക്ടര്‍ തലത്തിന്റെ ഭാര്യയെന്ന സ്ഥാനമോ ചേരില്ല. നാട്ടില്‍ അവര്‍ അറിയപ്പെടുന്നത് താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്നുതന്നെയാണ്. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ സ്വയം പരിചയപ്പെടുത്തിയത്.


No comments:

Post a Comment