Thursday, August 1, 2019

കടല്‍ത്തീരത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.  ''കാരണവരേ, കട്ടാല്‍ മതി, ജയിലിലെത്തിച്ചേരാം.''
''എങ്ങട്ടാ  ഈ രാവിലെ?''
'വെള്ളായിയപ്പന്‍ വെങ്ങി. ഒരു കുട്ടിയുടെ നിസ്സഹായതയോടെ അയാള്‍ പാറാവുകാരന്റെ മുന്നില്‍ നിന്നു.'
- വെള്ളായിയപ്പനോടുള്ള നാഗരികസമൂഹത്തിന്റെ ഈ മനോഭാവത്തോടുള്ള നിങ്ങളുടെ പ്രതികരണമെന്ത്?  കുറിപ്പ് തയാറാക്കുക.        അറിവുകുറഞ്ഞവരോടും ഗ്രാമീണരോടും വൃദ്ധരോടും പരിഷ്‌കാരികളെന്ന്  ഭാവിക്കുന്ന ചില നഗരവാസികളുടെ പെരുമാറ്റം പലപ്പോഴും ക്രൂരവും മനുഷ്യത്വരഹിതവുമാണ്. വൃദ്ധനും ഗ്രാമീണകര്‍ഷകനുമായ വെള്ളായിയപ്പന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെ അവസാനമായി ഒന്നു കാണാന്‍വേണ്ടിയാണ് പുലര്‍ച്ചെ നഗരത്തിലെത്തിയത്. ജയിലിലേക്കുള്ള വഴി  ചോദിച്ചപ്പോള്‍ നഗരവാസികളും ജയിലിലെത്തിയപ്പോള്‍ പാറാവുകാരനും പറയുന്ന പുച്ഛംനിറഞ്ഞ വാക്കുകള്‍ ഏറ്റവും അപലപനീയമാണ്. ഇത്ര പുലര്‍ച്ചെ ജയിലിലേക്കുള്ള വഴിയന്വേഷിക്കുന്ന വൃദ്ധപിതാവിന്റെ മനസ്സ് കാണാനല്ല, അയാളെ പുച്ഛിക്കാനും ഫലിതമുണ്ടാക്കാനുമാണ് ആളുകള്‍ ശ്രമിക്കുന്നത്. അധികാരത്തിന്റെ സ്വരമാണ് ജയിലിലെ പാറാവുകാരന്റേത്. ആരോടായാലും ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.
മനുഷ്യര്‍ അറിവുനേടുന്നത് കൂടുതല്‍ നല്ല മനുഷ്യരാവാന്‍ വേണ്ടിയാണ്. മകന്റെ ശിക്ഷയറിയിച്ചുകൊണ്ടുള്ള കുറിപ്പ് വായിച്ചതിനുശേഷമാണ് പാറാവുകാരന്‍ വെള്ളായിയപ്പനോട് അല്‍പ്പം മനുഷ്യത്വത്തോടെ സംസാരിക്കാന്‍ തുടങ്ങിയത്. പലപ്പോഴും, നമ്മള്‍ കാണുന്നത് പുറമേയുള്ള രൂപം മാത്രമാണ്. സ്‌നേഹത്തോടെ   മറ്റുള്ളവരുടെ മനസ്സു  കാണാന്‍     കഴിയുന്നതാണ് ശരിയായ വിദ്യാഭ്യാസം.
2. 'കടല്‍ത്തീരത്ത്' എന്ന കഥയെ അടിസ്ഥാനമാക്കി 'സ്‌നേഹസങ്കല്‍പ്പം മലയാളസാഹിത്യത്തില്‍' എന്ന വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധം തയാറാക്കുക. 
സ്‌നേഹസങ്കല്‍പ്പം മലയാളസാഹിത്യത്തില്‍ 
മനുഷ്യബന്ധങ്ങളുടെ കഥയാണ് സാഹിത്യം. സാഹിത്യരചനകളുടെ വേരുകള്‍ പടര്‍ന്നിറങ്ങിയിരിക്കുന്നത് സ്‌നേഹസങ്കല്‍പ്പങ്ങളുടെ വൈവിധ്യങ്ങളിലാണെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.
ബന്ധങ്ങളുടെ വൈവിധ്യവും വൈരുധ്യവും ശക്തമായി പ്രതിഫലിപ്പിക്കുന്ന  കഥയാണ് ഒ. വി. വിജയന്റെ 'കടല്‍ത്തീരത്ത്'. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മകനെ അവസാനമായി കാണാന്‍ പുറപ്പെടുന്ന വെള്ളായിയപ്പന്റെ കഥയാണിത്. വെള്ളായിയപ്പനും ഗ്രാമവാസികളും തമ്മിലുള്ള സ്‌നേഹബന്ധത്തിന് അതിരുകളില്ല. അവര്‍ കൈമാറുന്ന സംബോധനയുടെ ഒറ്റവാക്കിനുള്ളില്‍ വികാരവിചാരങ്ങളുടെ അടികാണാത്ത മഹാസമുദ്രമാണ് വായനക്കാരന് അനുഭവപ്പെടുന്നത്. നഗരവാസികള്‍ക്ക് ഗ്രാമവാസികളോടുള്ള പുച്ഛവും പരിഹാസവും സ്‌നേഹബന്ധങ്ങളുടെ ഉറവ വറ്റിയതിന്റെ സൂചനയാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യം തുളുമ്പിനില്‍ക്കുന്ന പാറാവുകാരന്റെ ശബ്ദവും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. കണ്ണീരുചേര്‍ത്ത് കണ്ടുണ്ണിയുടെ അമ്മ കോടച്ചി കെട്ടിക്കൊടുത്ത പൊതിച്ചോറ് വെള്ളായിയപ്പന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന് കണ്ടുണ്ണിക്ക് ബലിച്ചോറായി മാറുന്നതും സ്‌നേഹത്തിന്റെ  ഉള്ളുപൊള്ളിക്കുന്ന നേരനുഭവമാണ്. തീവണ്ടിയാപ്പീസിലേക്കുള്ള നടവഴികളും, വഴിയരികിലെ പനകളും, പുഴയിലെ ഓളങ്ങളും, ഇളംകാറ്റും, രാത്രിയുമെല്ലാം സ്‌നേഹത്തിന്റെയും സഹതാപത്തിന്റെയും സാന്ത്വനത്തിന്റെയും ഊഷ്മളത പകരുന്നുണ്ട്. ഹൃദയംകൊണ്ടുമാത്രം തൊട്ടറിയാവുന്ന സ്‌നേഹബന്ധങ്ങളുടെ ആവിഷ്‌കാരമാണ് 'കടല്‍ത്തീരത്ത്' എന്ന കഥ.
ഒരു രചനയെ മാത്രം അടിസ്ഥാനമാക്കി മലയാളസാഹിത്യത്തിലെ സ്‌നേഹബന്ധങ്ങളിലൂടെ സഞ്ചരിക്കുന്നത് അതിസാഹസമാണ്. വൈവിധ്യമാര്‍ന്ന സ്‌നേഹസങ്കല്‍പ്പങ്ങളാണ് മലയാളത്തിലെ മിക്ക കൃതികളും വായനക്കാരിലേക്കു പകരുന്നത്. ബന്ധങ്ങളുടെ വൈവിധ്യമാണ് സാഹിത്യത്തെ ശ്രേഷ്ഠമാക്കുന്നത്. സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ബന്ധങ്ങള്‍ക്ക് അടിസ്ഥാനം. അവയുടെ പ്രതിഫലനമാണ് കലകള്‍ എല്ലാംതന്നെ. ഒന്നുറപ്പാണ്, എണ്ണിയാലൊടുങ്ങാത്ത മുഖങ്ങളുള്ള സ്‌നേഹമെന്ന മൂലക്കല്ലില്‍ പണിതുയര്‍ത്തിയ പ്രകാശഗോപുരമാണ് മലയാളസാഹിത്യം.
3. ''കടല്‍ത്തീരത്ത്' എന്ന കഥയുടെ ഏറ്റവും വലിയ സവിശേഷത അതിലെ മൗനമാണ്.'' കഥയിലെ ഏറ്റവും പ്രധാനപ്പെട്ട മൗനം ഏതാണ്? 
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനമായി കാണാന്‍പോകുന്ന ഒരു പിതാവിന്റെ കഥയാണ് ഒ.വി. വിജയന്റെ 'കടല്‍ത്തീരത്ത്.' ഈ കഥയുടെ വൈകാരികാവസ്ഥയെ തീവ്രമാക്കുന്നതില്‍ കഥയില്‍ നിറഞ്ഞുനില്‍ക്കുന്ന മൗനങ്ങള്‍ക്കും പ്രധാന പങ്കുണ്ട്.  മകനെ കാണാന്‍ കണ്ണൂരിലേക്ക് പോകുന്നവഴി ഗ്രാമവാസികളായ മരയ്ക്കാറും നീലിയും വെള്ളായിയപ്പനോട് നടത്തുന്ന സംഭാഷണത്തിലും  മൗനം കടന്നുവരുന്നുണ്ട്. ഇവിടെ പ്രകൃതിപോലും പ്രകടിപ്പിക്കുന്ന മൗനം ശ്രദ്ധേയമാണ്. എന്നാല്‍ മൗനം ഏറ്റവും  തീവ്രമാവുന്നത് വെള്ളായിയപ്പനും തൂക്കിലേറ്റപ്പെടാനിരിക്കുന്ന മകനും തമ്മില്‍ നടക്കുന്ന സംഭാഷണത്തിനിടയില്‍ വരുന്ന നീണ്ട  മൗനങ്ങളാണ്. ഈ മൗനത്തില്‍ വേദനയും സാന്ത്വനവും  സ്‌നേഹവുമുണ്ട്.  മരണത്തിലേക്ക് പോകുന്ന കണ്ടുണ്ണിയുടെയും മകനെക്കുറിച്ചുള്ള വേദനകള്‍ ഉള്ളിലൊതുക്കുന്ന വെള്ളായിയപ്പന്റെയും മാനസികാവസ്ഥയ്ക്കു തീര്‍ത്തും അനുയോജ്യമാണ് ഈ   മൗനം. മൗനത്തെപ്പോലും ഒരു കഥാപാത്രമാക്കിക്കൊണ്ട് എഴുതിയ മികച്ച ഒരു കഥയാണിത്.

No comments:

Post a Comment