Thursday, August 1, 2019

ഓണമുറ്റത്ത്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.'ഓണമുറ്റത്ത്' എന്ന കവിതയെ അടിസ്ഥാനമാക്കി 'മാറുന്ന ഓണസങ്കല്‍പ്പങ്ങള്‍' എന്ന വിഷയത്തില്‍  ലേഖനം തയാറാക്കുക.
മാറുന്ന ഓണസങ്കല്‍പ്പങ്ങള്‍
തൊടിയിലെ പൂക്കള്‍കൊണ്ട് പൂക്കളമൊരുക്കിയും സ്വന്തം കൃഷിയിടങ്ങളിലെ വിഭവങ്ങള്‍കൊണ്ട് സദ്യയൊരുക്കിയുമാണ് മലയാളികള്‍ പണ്ട് ഓണം ആഘോഷിച്ചിരുന്നത്. അന്നത്തെ ഓണം ഒരുമയുടെയും കാര്‍ഷികസമൃദ്ധിയുടേതുമായിരുന്നു. എന്നാല്‍ ഇന്നത്തെ കേരളമാകട്ടെ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലാണ്. അതിനാല്‍ത്തന്നെ ഓണവും ആ രീതിയിലേക്ക് മാറി. പൂക്കളമിടാനുള്ള പൂക്കളും സദ്യയൊരുക്കാനുള്ള വിഭവങ്ങളുമെല്ലാം വിപണിയില്‍നിന്ന് മലയാളികള്‍ വാങ്ങുന്നു. ചിലരാവട്ടെ, ഓണസ്സദ്യപോലും ഹോട്ടലുകളില്‍നിന്ന് ഓര്‍ഡര്‍ചെയ്തു വാങ്ങുന്നു. ഓണക്കളികളും ഓണപ്പാട്ടുകളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ ഓണാഘോഷം. പഴയകാലത്തെ ഓണത്തെക്കുറിച്ചും ഓണത്തപ്പനെക്കുറിച്ചും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് കേട്ടറിവ് മാത്രമാണുള്ളത്. കവിക്കാകട്ടെ ആ പാരമ്പര്യത്തെക്കുറിച്ചോര്‍ക്കുന്നത് അഭിമാനമാണ്. മലനാടിന്റെ പ്രകൃതിപോലും ഓണത്തപ്പനെ എതിരേല്‍ക്കാന്‍ തയാറെടുക്കുന്ന കാലമാണ് ഓണക്കാലം. പരിഷ്‌കാരങ്ങളുടെ കസേരയില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ക്ക് നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാതായിരിക്കുകയാണ്. ആരെല്ലാം പരിഹസിച്ചാലും പുച്ഛിച്ചാലും വൈലോപ്പിള്ളിക്ക് പാടാനുള്ളത് അഭിമാനകരമായ പാരമ്പര്യത്തെക്കുറിച്ചുതന്നെയാണ്. താന്‍ പുള്ളുവനാണെന്ന് കവി പറയുന്നത് അതുകൊണ്ടാണ്.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയത വൈലോപ്പിള്ളിയെ ദുഃഖിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ നന്മകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കരുതുന്നു. പരിഷ്‌കാരത്തിന്റെ മറവില്‍ വിപണി നമ്മുടെ വിലപ്പെട്ട സമ്പത്തുകള്‍ കൈയടക്കുന്നത്  ദുഃഖത്തോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. ആ മഹത്ത്വത്തെപ്പറ്റി പാടുമ്പോള്‍ ആര് പരിഹസിച്ചാലും അദ്ദേഹമത് വകവയ്ക്കുന്നുമില്ല. കാരണം വൈലോപ്പിള്ളിക്ക്  ഓണം വെറുമൊരു ആഘോഷമല്ല, ആദര്‍ശംതന്നെയാണ്.
2. മഞ്ഞാലീറനുടുത്തൊരു പാവനഭാവം 
അടിവരയിട്ട പദം വിഗ്രഹിച്ചാല്‍
പാവനവും ഭാവവും
പാവനം കൊണ്ടുള്ള ഭാവം
പാവനമായ ഭാവം
പാവനത്തിന്റെ ഭാവം
ഉത്തരം: പാവനമായ ഭാവം
3. ''നീളും മലയുടെ ചങ്ങലവട്ടയില്‍
നാളം പാടലവിരലാല്‍  നീട്ടിയു-
മോമല്‍ക്കവിളു തുടുത്തും തെല്ലൊരു
നാണത്തോടു പരുങ്ങിയൊരുങ്ങിടു-
മോണക്കോടിയുടുത്തൊരുഷസ്സേ,''    (ഓണമുറ്റത്ത്)
പ്രഭാതത്തെ മനുഷ്യഭാവത്തിലവതരിപ്പിച്ചതിന്റെ സൗന്ദര്യം വിശകലനം ചെയ്യുക.
ചങ്ങലവിളക്കേന്തി ഓണത്തപ്പനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന കന്യകയായിട്ടാണ് കവി പുലരിയെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഓണക്കോടിയുടുത്ത്, നാണത്തോടെ ഉഷസ്സ് തന്റെ ചുവപ്പുവിരലുകള്‍കൊണ്ട് ചങ്ങലവിളക്കിന്റെ തിരിനാളം നീട്ടുന്നു. ഉഷസ്സിനെ കന്യകയായും പ്രഭാതത്തിലെ സൂര്യകിരണങ്ങളെ കന്യകയുടെ കവിളിലെ ചുവപ്പായും പ്രഭാതസൂര്യനെ പെണ്‍കുട്ടിയുടെ കൈയിലെ തിരിനാളമായും കവി അവതരിപ്പിക്കുന്നു. വളരെ മനോഹരമായ ഒരു സദൃശ്യകല്‍പ്പനയാണിത്. പ്രകൃതിയില്‍  കവി കാണുന്നത് മനുഷ്യഭാവങ്ങള്‍തന്നെയാണ്.

2 comments:

  1. Vailoppillikkavithayile keraleeya tha enna vishayathile ഉപന്യാസം തരാമോ?

    ReplyDelete