Thursday, August 1, 2019

പ്രിയദര്‍ശനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1. ''പ്രാണനോടുമൊരുനാള്‍ ഭവല്‍പദം
കാണുവാന്‍ ചിരമഹോ കൊതിച്ചു ഞാന്‍
കേണുവാണിവിടെ, യേകുമര്‍ഥിയാം
പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.''
''പിന്നെയൊന്നൊരുപകാരമേതിനോ-
യെന്നെയോര്‍ത്തു സഖി, ഏതതോതുക;
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍.''
ദിവാകരന്റെയും നളിനിയുടെയും സ്‌നേഹസങ്കല്‍പ്പങ്ങളിലെ വ്യത്യാസമെന്ത്?
പ്രാപഞ്ചികസ്‌നേഹവും വ്യക്ത്യാധിഷ്ഠിതസ്‌നേഹവും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം?
ദീര്‍ഘനാളത്തെ വേര്‍പാടിനുശേഷം കണ്ടുമുട്ടിയവരാണ് നളിനിയും ദിവാകരനും. 'മരിക്കുന്നതിനുമുമ്പ് അങ്ങയെ ഒരുനോക്കു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനമുരുകി  പ്രാര്‍ഥിക്കുന്നവരുടെ ആഗ്രഹം ഈശ്വരന്‍ സാധിച്ചുകൊടുക്കും' എന്നാണ് നളിനി ദിവാകരനെ കണ്ടുമുട്ടുമ്പോള്‍ പറയുന്നത്. ദിവാകരന്‍ തന്നെ  ഓര്‍ത്താലും ഇല്ലെങ്കിലും തന്റെ മനസ്സില്‍ ദിവാകരന്‍ മാത്രമേയുള്ളൂവെന്ന് നളിനി വെളിപ്പെടുത്തി. ഈയവസരത്തിലാണ്, തന്നില്‍നിന്ന്  പ്രതീക്ഷിക്കുന്നതെന്താണെന്ന്  ദിവാകരന്‍ അവളോട് അന്വേഷിക്കുന്നത്. അന്യര്‍ക്ക് സഹായം ചെയ്തുകൊണ്ട് ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാവുന്നതെന്ന് ദിവാകരന്‍ നളിനിയെ ഓര്‍മ്മപ്പെടുത്തി. നളിനിയുടെയും ദിവാകരന്റെയും സ്‌നേഹസങ്കല്‍പ്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. നളിനിയുടെ സ്‌നേഹം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചു മാത്രമുള്ളതാണ്. സന്ന്യാസിനിയായിരിക്കുമ്പോഴും അവളുടെ മനസ്സില്‍ ദിവാകരന്‍ മാത്രമേയുള്ളൂ. എന്നാല്‍ വിശാലമായ സ്‌നേഹസങ്കല്‍പ്പമാണ് ദിവാകരനുള്ളത്. മറ്റുള്ളവര്‍ക്കുവേണ്ടി, അവരുടെ നന്മയ്ക്കുവേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്നാണ് ദിവാകരന്റെ  കാഴ്ചപ്പാട്. വ്യക്ത്യാധിഷ്ഠിതസ്‌നേഹത്തേക്കാള്‍ പ്രാപഞ്ചികസ്‌നേഹമാണ് മഹത്തരമെന്ന് കുമാരനാശാന്‍ ദിവാകരനിലൂടെ വ്യക്തമാക്കുന്നു.
2. ''അന്യജീവനുതകി സ്വജീവിതം
  ധന്യമാക്കുമമലേ! വിവേകികള്‍.'' (നളിനി)
''അവനവനാത്മസുഖത്തിനാചരിക്കുന്നവ-
  യപരന്നു സുഖത്തിനായ് വരേണം.''
                   (ശ്രീനാരായണഗുരു)
തന്നിരിക്കുന്ന വരികളിലെ ജീവിതദര്‍ശനം താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
രണ്ടു കാവ്യഭാഗങ്ങളിലെയും ആശയം ഒന്നുതന്നെയാണ്. അന്യര്‍ക്ക് സഹായം ചെയ്തുകൊണ്ട് ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാവുന്നതെന്ന്  കുമാരനാശാന്‍ പറയുന്നു. ഒരാള്‍ തന്റെ സുഖത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിന് പ്രയോജനപ്പെടണമെന്നാണ്  ശ്രീനാരായണഗുരുവിന്റെ അഭിപ്രായം.
3. ''പ്രാണനോടുമൊരുനാള്‍ ഭവല്‍പദം
   കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍''
''ധന്യയായ് സപദി കാണ്‍കമൂലമ-
   ങ്ങെന്നെയോര്‍ക്കുകിലുമോര്‍ത്തിടായ്കിലും.''  (നളിനി- കുമാരനാശാന്‍)
സ്‌നേഹഗായകനായ ആശാനെയാണോ വരികളില്‍  കാണാനാവുന്നത്? വരികള്‍ വിലയിരുത്തി കുറിപ്പ് തയാറാക്കുക.
 'സ്‌നേഹഗായകനെ'ന്ന് അറിയപ്പെടുന്ന കുമാരനാശാന്‍ 'നളിനി'യിലൂടെ സ്‌നേഹത്തിന്റെ മഹത്ത്വംതന്നെയാണ് വ്യക്തമാക്കുന്നത്.  ജീവിതത്തിലുടനീളം ദിവാകരനെ ആത്മാര്‍ഥമായി സ്‌നേഹിച്ചവളാണ് നളിനി. ദിവാകരന്‍ തന്നെ വിട്ടുപോയെങ്കിലും അവളുടെ സ്‌നേഹത്തിന് യാതൊരു കുറവും ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം സന്ന്യാസിയായ ദിവാകരനെ കണ്ടുമുട്ടുമ്പോള്‍ വെറുപ്പിന്റെ ഒരു കണികപോലും നളിനി പ്രകടിപ്പിക്കുന്നില്ല. 'മരിക്കുന്നതിനുമുമ്പ് അങ്ങയെ ഒരുനോക്കു കാണണമെന്ന് ഞാന്‍ കൊതിച്ചു. അങ്ങ് എന്നെ ഓര്‍ത്താലും ഇല്ലെങ്കിലും അങ്ങയെ കണ്ടതുമൂലം ഞാന്‍ ധന്യയായി' എന്നാണ് നളിനി പറയുന്നത്. ദിവാകരനോട് നളിനിക്കുള്ള ആത്മാര്‍ഥസ്‌നേഹത്തില്‍നിന്നും ഉണ്ടായ വാക്കുകളാണിവ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് നളിനിയിലൂടെ കുമാരനാശാന്‍ അവതരിപ്പിക്കുന്നത്. ആത്മാര്‍ഥസ്‌നേഹത്തിന്റെ പ്രതീകമായ നളിനിയെ അവതരിപ്പിക്കുന്നതിലൂടെ സ്‌നേഹഗായകനാണ് താനെന്ന് ആശാന്‍ തെളിയിക്കുന്നു.

6 comments: