Tuesday, August 13, 2019

മുഖപ്രസംഗത്തിന്റെ മാതൃകകള്‍

1. മണ്ണിനോടും പ്രകൃതിയോടുമുള്ള മലയാളിയുടെ ഇന്നത്തെ കാഴ്ചപ്പാട് വിലയിരുത്തി മുഖപ്രസംഗം തയാറാക്കുക.           
നമ്മള്‍ മാറിയേ തീരൂ...!
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. എന്നാല്‍ മണ്ണിനോടും പ്രകൃതിയോടുമുള്ള പരിഷ്‌കൃതസമൂഹത്തിന്റെ നിഷേധമനോഭാവം ഒരിക്കലും അംഗീകരിക്കാനാവാത്തതും വിനാശകരവുമാണ്. വരുംതലമുറകള്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും ഭക്ഷണവും ലഭിക്കാനാവാത്തവിധമാണ് വികസനത്തിന്റെ പേരിലുള്ള നമ്മുടെ ചെയ്തികള്‍. ഇനിയെങ്കിലും നിയന്ത്രണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം കേരളം മരുപ്പറമ്പായിത്തീരും.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശുദ്ധവായുവും ശുദ്ധജലവും  വെറും സങ്കല്‍പ്പം മാത്രമാണ്. മാലിന്യക്കൂമ്പാരങ്ങളാണ് നമുക്കുചുറ്റും. വയലുകളെല്ലാംതന്നെ നികത്തിക്കഴിഞ്ഞു. പാറ ഖനനം ചെയ്യാനും വെട്ടിനിരത്താനും ഇനി മലകള്‍ ബാക്കിയില്ല. പുഴകളെല്ലാം വറ്റിത്തീരുന്നു. കൊടുംചൂടും പെരുമഴയും കൊടുങ്കാറ്റും നമ്മെത്തേടിയെത്തുന്നു. എന്നിട്ടും നമ്മുടെ വികസനഭ്രാന്തിന്റെ വേഗം അല്‍പ്പംപോലും കുറഞ്ഞിട്ടില്ല. രാസവളങ്ങളും കീടനാശിനികളും കലരാത്ത ഒരിഞ്ച് മണ്ണുപോലും ഇവിടെയില്ല. ഭക്ഷണത്തിനും കുടിവെള്ളത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് എത്രകാലം നമുക്ക് കഴിയാന്‍ സാധിക്കും. ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍  ബാധിച്ച ഒരു ബന്ധുവെങ്കിലും ഇല്ലാത്ത ആരെങ്കിലും ഈ നാട്ടിലുണ്ടോ? അധികംവൈകാതെ നമ്മുടെ നാടിനെ രോഗങ്ങളുടെ സ്വന്തം നാടെന്ന് വിളിക്കേണ്ടിവരും. പെരുകുന്ന മരുന്നുശാലകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും  നല്‍കുന്ന സൂചന അതാണ്. ഓരോ മലയാളിയും ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദിയാണ്.
പ്രകൃതിയെയും മണ്ണിനെയും സ്‌നേഹത്തോടെ പരിരക്ഷിക്കുക-അതുമാത്രമാണ് ഏക പോംവഴി. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ നിര്‍ബന്ധപൂര്‍വം പരിശീലിക്കേണ്ട പരമപ്രധാനമായ ധര്‍മ്മമാണിത്. വീണ്ടുവിചാരമില്ലാത്ത ഇപ്പോഴത്തെ വികസനഭ്രാന്തിന് കടിഞ്ഞാണിട്ടേ മതിയാകൂ. വലിയൊരു അപകടത്തിന്റെ വക്കിലാണ് ഈ വികസനഭ്രാന്ത് നമ്മെ എത്തിച്ചിരിക്കുന്നത്.
2. ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മയക്കുമരുന്നുകളുടെ ഉപയോഗം. 
തീവ്രവാദത്തേക്കാള്‍ വിനാശകാരിയായ ഈ വിപത്തിനെതിരെ ഒരു  മുഖപ്രസംഗം തയാറാക്കുക.
ചതിക്കുഴികള്‍ തിരിച്ചറിയുക
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മയക്കുമരുന്നുകളുടെ ഉപയോഗം. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ യുവാക്കളാണ് ഇതിന്റെ വലയില്‍ വീഴുന്നതെന്നത് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നു. ഇന്ന് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളിലും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളിലും വിദ്യാസമ്പന്നരായ ആളുകള്‍പ്പോലും ഉള്‍പ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം ലഹരിയുടെ സ്വാധീനമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്.
തീവ്രവാദസംഘടനകള്‍, ശത്രുരാജ്യങ്ങള്‍, സമ്പത്തിനോട് അത്യാര്‍ത്തിയുള്ളവര്‍ എന്നിവരാണ് മയക്കുമരുന്നിന്റെ പ്രധാന വിതരണക്കാര്‍. ആയുധംകൊണ്ട് എതിരാളികളെ കീഴടക്കുന്നതിനേക്കാള്‍ അനായാസമായി സമൂഹത്തെയും രാജ്യത്തെയും ലഹരികൊണ്ട് തകര്‍ക്കാന്‍ കഴിയും. ലഹരിക്ക് അടിമപ്പെട്ടവര്‍ ഏതു നീചകൃത്യവും നടത്താന്‍ മടിക്കുകയില്ല എന്നതുതന്നെയാണ് അതിനു കാരണം. സമൂഹശരീരത്തിലെ കാന്‍സറാണ് ലഹരിമരുന്നിന് അടിമകളായിട്ടുളളവര്‍. വളരെയെളുപ്പത്തില്‍ വശത്താക്കാന്‍ കഴിയുന്ന സ്‌കൂള്‍വിദ്യാര്‍ഥികളെയാണ് മയക്കുമരുന്നുമാഫിയ ലക്ഷ്യമിടുന്നത്. ഈ കുട്ടികള്‍വഴി അവരുടെ കൂട്ടുകാരിലേക്കും ലഹരിയുടെ വല നീളുന്നു. സമൂഹത്തിന്റെ കാതലായ യുവതലമുറയെ ചിന്താശേഷിയില്ലാത്തവരാക്കി മാറ്റുകയാണ് അവരുടെ ഗൂഢലക്ഷ്യം. ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍പ്പോലും ജീവിതകാലം മുഴുവന്‍ ലഹരിമരുന്നിന് അടിമയാക്കിമാറ്റാന്‍ ശക്തിയുള്ള മയക്കുമരുന്നുകള്‍പോലും ഇന്ന് സാര്‍വത്രികമാണ്. അതിനാല്‍ കുട്ടികള്‍ തീര്‍ച്ചയായും വളരെ കരുതലോടെയായിരിക്കണം സമൂഹത്തില്‍  ഇടപെടേണ്ടത്.
അപരിചിതര്‍ തരുന്ന ഭക്ഷണവും ലഹരിവസ്തുക്കളും പാനീയങ്ങളും എത്ര രുചിയുള്ളതായാലും വേണ്ടെന്നു പറയാനുള്ള ധൈര്യമാണ് കുട്ടികള്‍ക്ക്  ആദ്യം വേണ്ടത്. നിത്യജീവിതത്തിലുണ്ടാവുന്ന എല്ലാ കാര്യങ്ങളും മാതാപിതാക്കളോടും അധ്യാപകരോടും തുറന്നുപറയാന്‍പറ്റുന്ന തരത്തിലുള്ള ബന്ധവും വളര്‍ത്തിയെടുക്കണം. എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയില്ല എന്ന പ്രതിജ്ഞയെടുക്കുകയും പാലിക്കുകയും വേണം. നല്ല സൗഹൃദങ്ങളുണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യണം. എപ്പോഴും പുകഴ്ത്തുന്നവരല്ല, തെറ്റുകള്‍ തിരുത്തുകയും ശരികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് നല്ല കൂട്ടുകാര്‍. ഇത്തരത്തിലുള്ള  മുന്‍കരുതലുകളെടുത്താല്‍ ചതിക്കുഴികളില്‍ വീഴാതെ ജീവിതലക്ഷ്യത്തിലെത്താന്‍ കഴിയും. ലഹരിമുക്തമായ നാടായിരിക്കട്ടെ ഇനി നമ്മുടെ ലക്ഷ്യം.

2 comments: