Thursday, October 10, 2019

കേരളപാഠാവലി (യൂണിറ്റ്-3) : അന്യജീവനുതകി സ്വജീവിതം - കൂടുതല്‍ വിവരങ്ങള്‍ (Class 8)

പാഠം - 1:   എന്റെ ഗുരുനാഥന്‍

ഗാന്ധിസൂക്തങ്ങള്‍
''എവിടെയാണോ സത്യമുള്ളത്, അവിടെ യഥാര്‍ഥ ജ്ഞാനവുമുണ്ട്. എവിടെ സത്യമില്ലയോ, അവിടെ യഥാര്‍ഥ ജ്ഞാനവും കാണുകയില്ല.
''അഹിംസയുടെ ശരിക്കുള്ള അര്‍ഥം ആരെയും ക്ലേശിപ്പിക്കാതിരിക്കുക എന്നാണ്; വച്ചുപുലര്‍ത്തിക്കൂടാ എന്നല്ല. അഹിംസയാണ് പരമമായ മതം. സത്യം സ്വയം പ്രകടമാണ്. അതിന്റെ  പാകം വന്ന കനിയാണ്
അഹിംസ.''
 ''നമ്മുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടുന്ന വക പ്രകൃതി നിത്യവും ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോ  മനുഷ്യനും അവനവന്റെ ആവശ്യത്തിന് വേണ്ടതു മാത്രം കൈക്കൊള്ളുകയും കൂടുതലൊട്ടും എടുക്കാതിരിക്കുകയും ചെയ്താല്‍ ഈ ലോകത്തില്‍ ദാരിദ്ര്യമെന്ന ഒന്ന് ഉണ്ടാവുകയില്ല. ആരും പട്ടിണികിടന്ന് ചാവുകയുമില്ല.''
''ആരുംതന്നെ തൊട്ടുകൂടാത്തവരായി പിറക്കുന്നില്ല. എല്ലാവരും ഒരേയൊരു അഗ്നിയില്‍നിന്നു പൊട്ടിയുതിരുന്ന സ്ഫുലിംഗങ്ങളാണ്. ചില മനുഷ്യരെ മാത്രം ജന്മനാ തൊട്ടുകൂടാത്തവരെന്നു കരുതുന്നത് തെറ്റാണ്. അയിത്തം ഹിന്ദുമതത്തിലെ ഏറ്റവും വലിയ കളങ്കമാണെന്ന് ഞാന്‍ കരുതുന്നു.''
''സ്വാതന്ത്ര്യമെന്നത് ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കണം. അവരെ ഭരിക്കുന്നത് അസ്വാതന്ത്ര്യമായിരിക്കരുത്. സ്വാതന്ത്ര്യം താഴെനിന്ന് ആരംഭിക്കണം. ഓരോ ഗ്രാമവും കഴിയുന്നിടത്തോളം സ്വയം
പര്യാപ്തമാകണം. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം സ്വാശ്രയത്വമാണ്.

ത്യാഗത്തെ നേട്ടമായും താഴ്മയെ ഉന്നതിയായും കണ്ട മഹാത്മാവാണ് ഗാന്ധിജി. ഇവ അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രണ്ട് സന്ദര്‍ഭങ്ങള്‍ 
◼️ ദക്ഷിണാഫ്രിക്കയില്‍വച്ച് ഗാന്ധികുടുംബത്തിന് ഗംഭീരമായൊരു യാത്രയയപ്പ് നല്‍കപ്പെട്ടു. സ്വര്‍ണവും മുത്തും പവിഴവും കൊണ്ടുള്ള ആഭരണങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവയെല്ലാം സമ്മാനമായി കിട്ടി. അന്നുരാത്രി ഗാന്ധിജിക്ക് ഉറക്കം വന്നില്ല. സമൂഹസേവനത്തിന്റെ പേരില്‍ പ്രതിഫലം  വാങ്ങുന്നത് ശരിയോ എന്ന ചിന്ത അദ്ദേഹത്തെ  അലട്ടി. അടുത്തദിവസം തന്റെ  കുടുംബാംഗങ്ങളെ വിളിച്ച് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. കിട്ടിയ ഉപഹാരങ്ങളെല്ലാം തിരിച്ചുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 
◼️ വട്ടമേശസമ്മേളനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പുതന്നെ ഗാന്ധിജിയുടെ വസ്ത്രധാരണത്തെപ്പറ്റി ചിലര്‍ നേരിട്ട് വിമര്‍ശിക്കാതിരുന്നില്ല. മുട്ടുമറയാത്ത മുണ്ട് ഒരു മഹാത്മാവിന്  യോജിച്ചതല്ലെന്നും ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. അതിന്  ഗാന്ധിയുടെ മറുപടി ഇപ്രകാരമായിരുന്നു. 'അര്‍ധനഗ്നരും പാതിപ്പട്ടിണിക്കാരുമായ പാവങ്ങളുടെ പ്രതിനിധിയായിട്ടാണ് ഞാന്‍ പോകുന്നത്. അവരുടെ നിലയ്ക്ക് പറ്റിയതാവണം എന്റെ വസ്ത്രം.'

മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ മഹാത്മാഗാന്ധിയെക്കുറിച്ചെഴുതിയ കവിതയാണ് 'എന്റെ ഗുരുനാഥന്‍'. മഹദ്‌വ്യക്തികളെക്കുറിച്ചെഴുതിയ മറ്റു കവിതകള്‍. 

മേഘരൂപന്‍ 
(പി. കുഞ്ഞിരാമന്‍നായരെക്കുറിച്ച് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ കവിത)
സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ
നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണപ്പുസ്തകം
നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍

എഴുത്തച്ഛനെഴുമ്പോള്‍
(എഴുത്തച്ഛനെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ കവിത)
എഴുത്തച്ഛനെഴുതുമ്പോള്‍
സംഭവിപ്പതെന്തെന്നെനിക്കറിയാം
എഴു,ത്തച്ഛനായ് മാറുന്നു
പിന്നെ, യച്ഛനെഴുത്തായും

മരണമില്ലാത്ത മനുഷ്യന്‍
(മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ
ക്കുറിച്ച് അക്കിത്തം എഴുതിയ കവിത.)
എട്ടില്‍ ഞാന്‍ പഠിക്കുമ്പോള്‍
ദിനപത്രവുമായി-
ട്ടെത്തുന്നു ക്ലാസില്‍ക്കുട്ടി-
രാമമേനോനെന്‍ മാസ്റ്റര്‍
കവിളില്‍ കടുക്കന്റെ
തുടുപ്പും നെറ്റിക്കര-
ക്കാലുറുപ്പിക പോലെ
ചന്ദനപ്പൊട്ടും മിന്നീ
''ശബ്ദിക്കൊല്ലാരും'' വിരല്‍
മൂക്കുപാലത്തില്‍ ചേര്‍ത്താന്‍
''അബ്ദുറഹിമാന്‍  സായ്‌വിന്‍
പ്രസംഗം ചെവിക്കൊള്‍വിന്‍!''
പിന്നെ മോതിരക്കൈകള്‍
വിടര്‍ത്തിക്കാട്ടും പത്ര-
ത്തിനു മേല്‍  മിഴിയൂന്നി
വായിക്കാന്‍ തുടങ്ങുന്നു
അവസാനത്തെ പ്രഭാ-
ഷണത്തില്‍ മുക്കത്തുവ-
ച്ചദ്ദേഹമുദ്‌ഘോഷിച്ച
ദൈവികവചനങ്ങള്‍,
''ആളുകളുടെ മൊഴി-
യപ്പടിയനുസരി-
ക്കായ്‌വിന്‍; ഏവരും മര്‍ത്ത്യര്‍
(മരിക്കുന്നവര്‍) മാത്രം.
മരിക്കുന്നവനത്രേ
ഞാനും; എന്‍വാക്കും തിര-
സ്‌കരിപ്പിന്‍; കേള്‍പ്പിന്‍ ദൈവ-
ത്തിന്റെ വാക്കുകള്‍ മാത്രം.
ദൈവത്തിന്‍ വചനത്തില്‍
ഖുര്‍ആനില്‍ രമിക്കുവിന്‍;
ജൈവമീ പ്രപഞ്ചത്തെ
മുഴുവന്‍ സ്‌നേഹിക്കുവിന്‍!
അയലില്‍പ്പാര്‍ക്കും ഹിന്ദു-
ക്കളിലെസ്സുഹൃത്തിനെ-
യറിവിന്‍; ശത്രുത്വം നി-
ങ്ങള്‍ക്കു ദോഷമേ ചെയ്യൂ.''
വായന നിലച്ചപ്പോള്‍
ഇടിവെട്ടേറ്റാല്‍പ്പോലെ
വാ പൊളിച്ചിരിപ്പത്രേ
സഹപാഠികള്‍, ഞാനും.

പാഠം - 3:   വേദം
1993-ല്‍ കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം പട്ടിണിയുടെ ഭീകരമായ മുഖം വെളിവാക്കുന്നതാണ്. കലാപവും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് സുഡാന്‍ എന്ന ആഫ്രിക്കന്‍രാജ്യത്ത് ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുകയും ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തു. ഈ സമയത്ത് സുഡാനിലെത്തിയ കെവിന്‍ കാര്‍ട്ടര്‍ അവിടുത്തെ കാഴ്ചകള്‍ പകര്‍ത്തുകയായിരുന്നു. അപ്പോഴാണ് ദയനീയമായ ഒരു കാഴ്ച കാര്‍ട്ടര്‍ കണ്ടത്. പട്ടിണികൊണ്ട് എല്ലും തോലുമായ ഒരു പെണ്‍കുട്ടി തല കുമ്പിട്ടുകൊണ്ടു മണ്ണിലൂടെ ഇഴഞ്ഞുനീങ്ങുന്നു.   കുറച്ചുപിറകില്‍ കുട്ടിയുടെ മരണം കാത്തിരിക്കുന്ന ഒരു കഴുകനെയും  കാര്‍ട്ടര്‍ കണ്ടു.  ആ ദൃശ്യം  അദ്ദേഹം  തന്റെ ക്യാമറയിലാക്കി. 1993 മാര്‍ച്ച് 23-ന് ന്യൂയോര്‍ക്ക് ടൈംസ്  ഈ ചിത്രം പ്രസിദ്ധീകരിച്ചു. ലോകത്തെ മുഴുവന്‍ കരയിച്ച ആ ചിത്രത്തിന് 1994-ലെ പുലിറ്റ്‌സര്‍ പ്രൈസ്  ലഭിച്ചു. കാര്‍ട്ടര്‍  പകര്‍ത്തിയ  ഈ ചിത്രം പട്ടിണിയുടെ എക്കാലത്തെയും ഏറ്റവും ഭീകരവും ദയനീയവുമായ കാഴ്ചയായി കരുതപ്പെടുന്നു.


No comments:

Post a Comment