Monday, October 14, 2019

ജീവചരിത്രക്കുറിപ്പിന്റെ മാതൃകകള്‍

മുകളില്‍ കൊടുത്തിരിക്കുന്ന സൂചനകളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
കുമാരനാശാന്‍ - സ്‌നേഹഗായകനായ കവി
ആധുനിക കവിത്രയത്തില്‍ ഒരാളായ മഹാകവി കുമാരനാശാന്‍ 1873-ഏപ്രില്‍ 12-ന് തിരുവന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനിച്ചു. നാരായണനും കാളിയമ്മയും ആയിരുന്നു 'കുമാരു' എന്ന കുമാരനാശാന്റെ മാതാപിതാക്കള്‍. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ തന്റെ കാവ്യങ്ങളെ മഹത്തായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാക്കി. സ്‌നേഹത്തെക്കുറിച്ച് ഇത്ര ആഴത്തില്‍ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവികള്‍ വേറെയുണ്ടാവില്ല. സമൂഹത്തില്‍ ജാതിമതവിവേചനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ആശാന്‍ ജീവിച്ചിരുന്നത്. ശ്രീനാരായണഗുരുവിനെപ്പോലൊരു ആധ്യാത്മികഗുരുവിനെ കിട്ടിയത് ആശാന്റെ കാഴ്ചപ്പാടുകളെ വിപുലപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി സാമൂഹികപരിഷ്‌കരണത്തില്‍ നല്ലൊരു പങ്കുവഹിക്കാനും ആശാന് കഴിഞ്ഞു. ജാതീയമായ വേര്‍തിരിവുകളെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികള്‍ ഉദാഹരണങ്ങളാണ്. സ്‌നേഹത്തിന്റെ ഉജ്ജ്വലഗാഥകളാണ് ആശാന്റെ 'നളിനി'യും 'ലീല'യും 'കരുണ'യുമെല്ലാം. സ്‌നേഹത്തെക്കുറിച്ചു പാടുന്നുണ്ടെങ്കിലും മാംസനിബദ്ധമല്ലാത്ത പ്രേമത്തെയാണ് ഈ കൃതികള്‍ വിളംബരം ചെയ്യുന്നത്. പുരുഷന്റെ മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള വെല്ലുവിളിയായ 'ചിന്താവിഷ്ടയായ സീത'യും എ. ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ വിലപിച്ചെഴുതിയ 'പ്രരോദന'വും കുമാരനാശാന്റെ ജീവിതവീക്ഷണവും തത്ത്വചിന്താപരതയും  എടുത്തുകാണിക്കുന്നു. മലയാളസാഹിത്യത്തില്‍ ഒരു പുതിയ അധ്യായം കുറിച്ച കൃതിയാണ് ആശാന്റെ   'വീണപൂവ്'. ഗ്രാമവൃക്ഷത്തിലെ കുയില്‍, പുഷ്പവാടി, മണിമാല, വിചിത്രവിജയം, വനമാല, ശ്രീബുദ്ധചരിതം, ബാലരാമായണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. 1922-ല്‍ ആശാന്റെ സാഹിത്യസേവനത്തെ ബഹുമാനിച്ച് മദ്രാസില്‍വച്ച് വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി. 1924 ജനുവരി 16-ന് പല്ലനയാറ്റില്‍ വച്ചുണ്ടായ 'റെഡീമര്‍' ബോട്ടപകടം സ്‌നേഹഗായകനായ ആ മഹാകവിയുടെ ജീവന്‍ കവര്‍ന്നെടുത്തു.
2. താഴെ കൊടുത്തിട്ടുള്ള വിവരങ്ങളും നിങ്ങള്‍ക്കറിയാവുന്ന മറ്റു വസ്തുതകളും ഉള്‍പ്പെടുത്തി വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
വൈക്കം മുഹമ്മദ് ബഷീര്‍ (1908-1994)
★ ബേപ്പൂര്‍സുല്‍ത്താന്‍
★ തന്റേതുമാത്രമായ ശൈലികളും ജീവിതവും
★ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, പ്രേമലേഖനം, പാത്തുമ്മായുടെ ആട്, മതിലുകള്‍, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊന്‍കുരിശും....
★ ജനുവരി 21 ജനനം, ജൂലൈ 5 മരണം
★ പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ 
അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം.
വൈക്കം മുഹമ്മദ് ബഷീര്‍
'ബേപ്പൂര്‍സുല്‍ത്താന്‍' എന്നറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21-ന് വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്  ജയില്‍വാസം അനുഭവിച്ചു. വര്‍ഷങ്ങളോളം ഇന്ത്യയിലെമ്പാടും ചുറ്റിസഞ്ചരിച്ച അദ്ദേഹം തന്റേതുമാത്രമായ ശൈലിയിലൂടെ ജീവിതത്തെ അവതരിപ്പിച്ച എഴുത്തുകാരനാണ്. ജീവിതാനുഭവങ്ങളാണ് ബഷീറിനെ സാഹിത്യകാരനാക്കിയത്. തന്റെ കഥകളിലൂടെ ബഷീര്‍ സൃഷ്ടിച്ച എട്ടുകാലിമമ്മൂഞ്ഞ്, പൊന്‍കുരിശുതോമ, ആനവാരി രാമന്‍നായര്‍ എന്നീ കഥാപാത്രങ്ങള്‍ കേരളത്തിലെ സാധാരണക്കാര്‍ക്കുപോലും സുപരിചിതരാണ്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭൂമിയുടെ അവകാശികള്‍, ആനപ്പൂട തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 
പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പദ്മശ്രീ, ഡി-ലിറ്റ് ബിരുദം, പ്രേംനസീര്‍ അവാര്‍ഡ്, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ,് മുട്ടത്തു വര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ 5- ന് അന്തരിച്ചു.


3 comments: