Friday, October 11, 2019

അടിസ്ഥാനപാഠാവലി (യൂണിറ്റ്-2) : കേരളീയം - കൂടുതല്‍ വിവരങ്ങള്‍ (Class 6)

പാഠം 1:  ജീവിതത്തിന്റെ ഉപ്പ്‌

പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ശ്ലോകം 
''മേഷ (ള)ത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതലമരുവും 
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.''
◼️ പറയിപെറ്റ പന്തിരുകുലം - ഒരു ഐതിഹ്യം
പറയിപെറ്റ പന്തിരുകുലത്തിലെ  അംഗങ്ങളെല്ലാം പല ദിക്കുകളിലായാണ് താമസിച്ചിരുന്നത്.  എങ്കിലും ബാല്യം കഴിഞ്ഞപ്പോഴേക്കും തങ്ങള്‍ സഹോദന്മാരാണെന്ന് അവര്‍ അറിയുകയും തമ്മില്‍ത്തമ്മില്‍ സ്‌നേഹത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അദ്ഭുതകര്‍മങ്ങളും അവസാനമില്ലാതെയുണ്ട്. പന്തിരുകുലത്തിന്റെ മാതാപിതാക്കളായ  വരരുചിയും പഞ്ചമിയും പിന്നീടുള്ള അവരുടെ ജീവിതം സഞ്ചാരംകൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കളുടെ ശ്രാദ്ധത്തിനു മേല്‍പ്പറഞ്ഞ പന്ത്രണ്ടുപേരില്‍  വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമായിരുന്നു പതിവ്. അത് മേളത്തോളഗ്നിഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍  ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ  മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നുമാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരു ദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. ''ആട്ടെ അതിനു സമാധാനമുണ്ടാക്കാം'' എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു. 
അങ്ങനെയിരിക്കുമ്പോള്‍ വരരുചിയുടെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തുപേരും  ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രികളുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനായി  അഗ്നിഹോത്രികള്‍ പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരും  അവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍  പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ച് ഒരു വിളക്കുമായി പത്തുപേരും കിടക്കുന്ന സ്ഥലത്തു കൊണ്ടുപോയി.  ''എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍'' എന്ന് അഗ്നിഹോത്രി അവരോടു പറഞ്ഞു. അന്തര്‍ജനവും  ചാത്തക്കാരനും  അഗ്നിഹോത്രികളെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ പത്തുപേരും ഒന്നുപോലെ  ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഏറ്റവും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്‌കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റുള്ള ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും  ഇവര്‍ എല്ലാവരും  സാക്ഷാല്‍  മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാക്കുകയും ചെയ്തു. 
-കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യില്‍നിന്ന്‌
പാഠം 2:  പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ
◼️ കൃഷിപ്പാട്ടുകള്‍
    1. പുഞ്ചപ്പാടത്തെ....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടുഞാന്‍ ഇക്കണ്ടം നട്ടുഞാന്‍
മേലേക്കണ്ടത്തില്‍ ഞാറു നട്ടു
ഞാറുകുത്തി കേറി വരുമ്പം
എന്നാലും തമ്പ്രാന് തീണ്ടലാണ് (പുഞ്ച...)
നെല്ലായ നെല്ലെല്ലാം കൊയ്തു മെതിച്ച്
അറയിലിടുമ്പം തീണ്ടലില്ല.
അറകള്‍ നിറച്ച് പത്തായം നിറച്ച്
ഇറങ്ങിവരുമ്പോഴും തീണ്ടലാണ് (പുഞ്ച....)
പൊന്‍മണിവാരി അറനിറച്ചാലും
കേറിയിറങ്ങിയാലും തീണ്ടലില്ല.
കൊയ്ത്തുകാലം കഴിഞ്ഞാ-
പടിപ്പുര കേറിയാ
പിന്നെയും തമ്പ്രാന് തീണ്ടലാണ് (പുഞ്ച...)
കന്നിക്കൊയ്ത്ത് കഴിഞ്ഞ പാടത്ത്
നെന്മണി വാരി വിതറിയാലും
മാസം പലതു കഴിഞ്ഞാലും പിന്നെയും
തമ്പ്രാന്റെ മൂക്കത്തു കോപം തന്നെ (പുഞ്ച...)
2.     ചന്നംപിന്നം....
ചന്നംപിന്നം മയപൊയിക്കിണ്
കറുത്ത മാനത്തിക്കുടുക്കമോ
നെലത്തിപ്പെയ്യണ മയയും നമ്മുടെ
പൊരക്കുമ്മോളിലും കൊടയിണോ?

കാറും കൊണ്ടേ മാനം നമ്മടെ
കരളീക്കെടന്നു പെടക്കിണേ
ആനവാലന്‍ തേരുകൊണ്ടൊരു 
മയവില്ലിമ്മിണി തെളിഞ്ഞെടീ

വരമ്പിന്‍ കൂയീക്കെടന്ന നമ്മടെ
കുയിയന്‍ നെലവിത്തെളിഞ്ഞെടീ
കന്നിപ്പുള്ള കറുമ്പന്‍ പുള്ളയൊ-
ന്നെളവി മറിഞ്ഞു കെടക്കിണേ!

ഞാറു നട്ടു നടുവു കൂനിണ
കറുമ്പിപ്പെണ്ണുങ്ങളൊരുതരം
മുട്ടിക്കൂനി മുതുകെളവിയും
കട്ടക്കാലിക്കറുമ്പിയും

വലിച്ചും പിരിച്ചും നടണം നമ്മടെ
തലക്കണ്ടത്തിന്റെ പൊലിപൊലി
ഒരു നെരയ്ക്കു നിന്നൊരു പറയ്‌ക്കൊള്ള
നെരനെരത്തെടീ കറുമ്പിച്ചീ!

ആറുമാതക്കള്ളിമാരെല്ലാം
നടുക്കണ്ടത്തിലോട്ടെറങ്ങട്ടെ
പുള്ളയൊള്ള തള്ളമാരെല്ലാം
വരമ്പരിവത്തു നെരക്കട്ടെ.




No comments:

Post a Comment