Thursday, October 10, 2019

കേരളപാഠാവലി (യൂണിറ്റ്-3) : ഉണര്‍വിന്റെ പാതയില്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)

പാഠം 1:  കതുവനൂര്‍ വീരന്‍


തീയാട്ട്
ക്ഷേത്രങ്ങളിലും തറവാടുകളിലും അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാനകല. 'ദൈവമായിട്ടാടല്‍' എന്നതാണ് സങ്കല്‍പ്പം. തീയ് ഉഴിച്ചിലിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് തീയാട്ട് എന്ന പേര് വന്നത്. ദേവതാപ്രീണനമാണ് ലക്ഷ്യം. അയ്യപ്പന്‍ തീയാട്ട്, ഭദ്രകാളി തീയാട്ട് എന്നിങ്ങനെ തീയാട്ട് രണ്ടു വിധമുണ്ട്. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍  എന്നിവയാണ് തീയാട്ടിന്റെ മുഖ്യചടങ്ങുകള്‍.

കണിയാര്‍കളി
ഒരു കാര്‍ഷിക- അനുഷ്ഠാനനൃത്തം. കണ്ണിയാര്‍കളി, കണ്യാര്‍കളി എന്നീ പേരുകളിലും അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന പുതിയങ്കം, കൊടുവായൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, പല്ലശ്ശന, കുനിശ്ശേരി, മഞ്ഞളീര്‍, ആലത്തൂര്‍, കാക്കൂര്‍, മാത്തൂര്‍, കൂത്തനൂര്‍, നെന്മാറ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഈ കളി പ്രചാരത്തിലുള്ളത്. കളരിയുമായി ബന്ധപ്പെട്ടതാണ് കണിയാര്‍കളി, കണിയാര്‍കളിയിലെ ചുവടുകള്‍ക്ക് ആയോധനനൃത്തങ്ങളിലെ ചുവടുമായി സാദൃശ്യമുണ്ട്. മേടം ഒന്നിന് (വിഷുദിവസം) 'കണിയാര്‍കൊള്ളല്‍' (കണികണ്ട് ആവേശഭരിതരാവുക) എന്ന ചടങ്ങോടെയാണ് ഒരു കാര്‍ഷികനൃത്തം കൂടിയായ കണിയാര്‍കളി ആരംഭിക്കുന്നത്. വിഷു കഴിഞ്ഞുള്ള ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചവരെ  കളി ഉണ്ടായിരിക്കും. കണിയാര്‍കളി സംഘടിപ്പിച്ചുകൊണ്ടാണ് വിത്തിടീല്‍ ആരംഭിക്കുന്നത്. വട്ടക്കളി, പൊറാട്ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് കണിയാര്‍കളി കളിക്കുന്നത്. മൂന്നു ദിവസങ്ങളിലായി അമ്പതിലധികം പൊറാട്ട് നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ തെലുങ്ക്‌ചെട്ടി, മാലമക്കളി, മാപ്പിളപൊറാട്ട്, കുറവന്‍പൊറാട്ട് എന്നിവയാണ്.
               -ഡോ. ചുമ്മാര്‍ ചൂണ്ടല്‍ ( സര്‍വവിജ്ഞാനകോശം - 6-ാം വാല്യം)


കാക്കാരശ്ശിനാടകം
കേരളത്തിലെ നാടോടികളായ  കാക്കാലന്മാര്‍ പരമ്പരാഗതമായ രീതിയില്‍ അവതരിപ്പിച്ചുവന്നിരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കാരശ്ശിനാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉള്‍ച്ചേര്‍ന്ന ഈ കലാരൂപത്തിലെ  പ്രധാന കഥാപാത്രങ്ങള്‍ സുന്ദരന്‍ കാക്കാനും അയാളുടെ ഭാര്യമാരായ കാളിയും നീലിയുമാണ്. മധ്യതിരുവിതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളില്‍ നിലനിന്നുപോന്നിരുന്ന ഒരു നാടന്‍കലയാണിത്. കുറവര്‍, ഈഴവര്‍, നായര്‍ എന്നീ സമുദായങ്ങള്‍ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ കാക്കാലര്‍ എന്ന നാടോടിവര്‍ഗമാണ്  ഈ കലാരൂപം  അവതരിപ്പിച്ചിരുന്നത്. അവരില്‍നിന്നാണ് കാക്കാരശ്ശി
നാടകം എന്ന പേര്  ഈ കലാരൂപത്തിന് ലഭിച്ചത്.  കാക്കാലച്ചിനാടകം, കാക്കാലനാടകം, കാക്കാചരിതം, കാക്കാരുനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്.  ശിവന്‍, പാര്‍വതി, ഗംഗ തുടങ്ങിയ പുരാണകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം അരങ്ങേറുന്നത്. ഇവര്‍ കാക്കാലന്മാരുടെ ഇടയില്‍ ജനിക്കുന്നതായാണ്  കഥയുടെ പ്രധാന ചട്ടക്കൂട്. നിത്യജീവിതത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മറ്റും ചേര്‍ത്ത് കഥയുടെ മറ്റുഭാഗങ്ങള്‍ ചിട്ടപ്പെടുത്തുന്നു. കാക്കാന്‍  കത്തുന്ന പന്തവുമായി അരങ്ങില്‍ പ്രവേശിക്കുന്നതോടെ കാക്കാരശ്ശിനാടകം  ആരംഭിക്കുന്നു. കാക്കാന്റെ പിന്നിലായി കളിയരങ്ങിലേക്ക് വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെ കാക്കാരശ്ശിനാടകം പുരോഗമിക്കുന്നു. ഏകദേശം നാലുമണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ് ഈ കലാരൂപം.  ഉപകഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതനുസരിച്ച് ഇതിന്റെ  ദൈര്‍ഘ്യം കൂടാറുണ്ട്.
പ്രാകൃതരീതിയിലുള്ള വേഷവിധാനങ്ങളാണ് കാക്കാരശ്ശിനാടകത്തില്‍ ഉപയോഗിക്കുന്നത്. കറുത്ത തുണികൊണ്ടുള്ള ഉടുത്തുകെട്ടാണ് കാക്കാലന്റെ വേഷം. തലയില്‍ കള്ളിത്തുണികൊണ്ട് വട്ടക്കെട്ടും കെട്ടും. ഒട്ടിച്ചുവച്ച കറുത്ത മീശയുമുണ്ടാകും. മുഖത്ത് കറുത്തചായം തേച്ച്, അതില്‍ വെള്ളപ്പുള്ളികള്‍കൊണ്ട് ചില ചിത്രപ്പണികള്‍ ചെയ്യും. ശരീരത്തിലാകെ കുറി വരയ്ക്കും. കഴുത്തില്‍ മാലയും തോളില്‍ വടിയും അതില്‍ ഭാണ്ഡവുമുണ്ടാകും. മുറുക്കിയുടുത്ത ചേല, മൂക്കുത്തി, ചിലങ്ക എന്നിവയാണ് കാക്കാത്തിമാരുടെ വേഷം. ഇലത്താളം, ഗഞ്ചിറ, മൃദംഗം, ഹാര്‍മോണിയം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍. കഥാസന്ദര്‍ഭത്തിനനുസരിച്ച് കാക്കാന്‍ സ്വന്തം രീതിയില്‍ പുരാണകഥാഖ്യാനം നടത്തുന്ന പതിവും കാക്കാരശ്ശിനാടകത്തിനുണ്ട്.

1 comment: