പാഠം -1: അജഗജാന്തരം
ആനയുടെ വലുപ്പവും ആടിന്റെ വലുപ്പമില്ലായ്മയുമാണ് 'അജഗജാന്തരം' എന്ന പ്രയോഗത്തിനടിസ്ഥാനം. എന്നാല്‍ ഈ പ്രയോഗത്തിന്റെ പ്രഖ്യാപിതമായ അര്ഥത്തിന് വിപരീതമാണ് എസ്. വി. വേണുഗോപന്നായരുടെ കഥ. ഇതിനു സമാനമായ രചനകള്‍ വേറെയുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ചുനോക്കൂ.
കാക്ക
കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
കാക്കയ്ക്ക് കൊക്കാകണ്ടെങ്കിലോ?
കൊക്കിന്റെ നാണംകെട്ട ഉയരവും
കണ്ണടച്ചുള്ള ധ്യാനവും മടിയന്‍പറക്കലും
തൊണ്ടയിലെ മുള്ളും കുറുക്കന്റെ വിരുന്നും
ആമയെയുമേറ്റി ആകാശം കടക്കലും
കാക്കയ്ക്ക് വേണ്ടെങ്കിലോ?
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല,
സ്വന്തം കറുപ്പ് ഒന്നുകൂടി തിളങ്ങാനാണെങ്കിലോ?
അല്ലാ, കൊക്ക് കുളിച്ചാല്‍ കാക്കയാകുമോ?
കാക്കയുടെ ചന്തക്കറുപ്പും കല്ലിട്ടു വെള്ളം കുടിക്കുന്ന ബുദ്ധിയും
പ്രവചനശക്തിയും പിതൃക്കളുടെ ആത്മാവുമേറ്റി
മനുഷ്യര്‍ക്ക് പിടികൊടുക്കാത്ത പറക്കലും
ആപത്തുകാലത്തെ ഒരുമയും
മണ്ടന്കൊക്കിനു സ്വപ്നം കാണാനാവുമോ?
- സച്ചിദാനന്ദന്
പാഠം -1: സഫലമീയാത്ര
▲ ധനുമാസത്തിലെ തിരുവാതിര
കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച്, ഈ നക്ഷത്രം പരമശിവന്റെ പിറന്നാള്‍ ആയതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷിക്കുന്നത്. മംഗല്യവതികളായ സ്ത്രീകള്‍ ദീര്ഘമാംഗല്യത്തിനുവേണ്ടിയും കന്യകമാര്‍ വിവാഹം വേഗം നടക്കാന്‍വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനു മുമ്പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ടുപാടി തുടിച്ചുകുളിക്കല്, നോയമ്പ് നോല്‍ക്കല്‍, തിരുവാതിരകളി, ഉറക്കമൊഴിപ്പ്, പാതിരാപ്പൂവ് ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍.
▲ തിരുവാതിരയെ എതിരേല്ക്കുന്ന കവി
''നിലാവ് ആയിരം കല്‍മണ്ഡപം നിവര്‍ത്തുന്ന ധനുമാസത്തിലെ തിരുവാതിര ജീവിതമധുമാസത്തിന്റെ വരവേല്‍പ്പാണ്. നാരിമാര്‍ നെടുമാംഗല്യത്തിനുവേണ്ടി നടത്തുന്ന നേര്‍ച്ച.'' - ഡി. വിനയചന്ദ്രന്
പാതിപിന്നിട്ട ജീവിതവഴിയില്വച്ച് കക്കാട് ജീവിതസഖിയോടൊപ്പം തിരുവാതിരയെ എതിരേല്ക്കുന്നത് പലരീതിയില്‍ വായിച്ചെടുക്കാം. ദീര്ഘമാംഗല്യത്തിനുവേണ്ടിയുള്ള ഈ അനുഷ്ഠാനം ദൃഢദാമ്പത്യത്തിന്റെ ഉടമകളായ കവിക്കും ജീവിതസഖിക്കും കേവലമൊരു അനുഷ്ഠാനമല്ല. മൂന്നു പതിറ്റാണ്ടു ഒന്നിച്ചുജീവിച്ചിട്ടും മതിവരാത്ത ദാമ്പത്യജീവിതത്തിന്റെ നീണ്ടുനില്പ്പിനായുള്ള പ്രാര്‍ഥനയാണ്. പരസ്പരം ലയിച്ചുചേര്‍ന്ന, ഊന്നുവടികളായി നില്ക്കുന്ന ദമ്പതിമാര്‍ ആര്ദ്രമനസ്സിനുടമകളാണ്. രോഗപീഡയാല്‍ മനസ്സും ശരീരവും
തപിച്ചുനില്‍ക്കുന്ന മുഹൂര്‍ത്തത്തില്‍ കടന്നുവരുന്ന കുളിരും ആര്‍ദ്രതയുമുള്ള ധനുമാസത്തിലെ ആതിരയ്ക്ക് സവിശേഷമായ കാവ്യപ്രസക്തിയുണ്ട്. അനിശ്ചിതത്വം നിറഞ്ഞുനില്ക്കുന്ന ജീവിതസന്ദര്‍ഭത്തില്‍ ഈ ആണ്ടറുതിയെ അവര്‍ സൗമ്യമായി എതിരേല്ക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
▲ 'സഫലമീയാത്ര'യെക്കുറിച്ച്...
★ അതുവരെ എഴുതിയ കവിതകളുടെ തുടര്‍ച്ചയും മറ്റു കവിതകളിലെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമാണെങ്കിലും വ്യത്യസ്തമായ ടോണില്‍ എഴുതപ്പെട്ട കവിതയാണ് 'സഫലമീയാത്ര'. ഇതില്‍ മുന്നിട്ടുനിന്ന പ്രശമത്തിന്റെ സ്വരമാണ് തുടര്‍ന്നെഴുതിയ കവിതകളിലെല്ലാം നിഴലിച്ചത്.
രോഗാവസ്ഥയില്‍ എഴുതപ്പെട്ടത് എന്ന ഒരു പൊതുധാരണ 'സഫലമീയാത്ര'യെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. രോഗമെന്താണെന്ന് സ്ഥിരീകരിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ്, സാമാന്യേന സാധാരണജീവിതം നയിക്കുന്ന കാലത്ത് 1981 ഡിസംബറില്‍ ആകാശവാണിയില്‍ 'സ്വന്തം കവിത' വിഭാഗത്തില്‍ അതു പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോള്‍ ബന്ധുക്കളോ ഡോക്ടര്‍മാര്‍ അടക്കമുള്ള അടുത്ത സുഹൃത്തുകളോ രോഗവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ 1982 -ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ കവിത അച്ചടിച്ചുവന്നപ്പോഴാകട്ടെ, അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന് ചികിത്സയിലായിരുന്നു.
- ആര്‍ദ്രമീ ധനുമാസരാവില്‍ - ശ്രീദേവി കക്കാട് ( എന്‍. എന്‍. കക്കാടിന്റെ പത്നി)
★ അര്‍ബുദരോഗം ബാധിച്ച് ആത്യന്തികതയുടെ വക്കില്‍നില്‍ക്കുന്ന കവിയെഴുതിയ 'സഫലമീയാത്ര' നിത്യസ്മരണീയമായ സൃഷ്ടിയായി. സ്വന്തം ജീവന്റെ പച്ച ചുരണ്ടിനോക്കിയ കാലമാണത്. കണ്ണീരില്‍ കുളിച്ചതല്ല, ഏറെക്കരയാനുണ്ടെങ്കിലും മമതയിലെ നിര്‍മ്മമതയാണത്. തന്നില്‍ ലോകത്തെയും ലോകത്തില്‍ തന്നെയും നിറഞ്ഞുകണ്ട കണ്ണുകളാണ് അതില്‍ നമ്മെ ഉറ്റുനോക്കുന്നത്. സ്വന്തം നിലയറിയുക, നിലം തൊട്ടറിയുക, മനുഷ്യജീവിതത്തെ ആകെ അറിയുക- അതാണ് 'സഫലമീയാത്ര'. ക്ലാസിക്കല്‍ കരുക്കള്‍- പ്രാചീന ആദിരൂപങ്ങള്‍ - കൊണ്ട് വികാരത്തിന്റെ തരംഗലീലയില്‍ ചില തടസ്സങ്ങളുണ്ടാക്കാന്‍ ചിലേടത്തു കവി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്; അത്രയ്ക്ക് കാല്പ്പനികനാകേണ്ടെന്ന് കരുതിയാകാം. ഇനിയൊരു തിരിച്ചുകേറല്‍ ഇല്ലെന്ന് അറിയുന്ന മൂര്ധന്യമുഹൂര്ത്തത്തിലും അദ്ദേഹം രചനയില്‍ പുലര്‍ത്തുന്ന മനോഭാവപരമായ നിയന്ത്രണം ശ്രദ്ധാര്‍ഹമാണ്. -ഡോ. ദേശമംഗലം രാമകൃഷ്ണന്
★ അര്‍ബുദത്തിന്റെ നീരാളിപ്പിടിയില്‍ കിടന്ന് വേദന അനുഭവിച്ചപ്പോള്പ്പോലും കവിമനസ്സ് ശാന്തമായിരുന്നു. വ്രണിതമാം കണ്ഠത്തിലിന്ന് നോവിത്തിരി കുറവുണ്ട് എന്നാണ് അദ്ദേഹം പാടിയത്. ആ നോവു കുറയാന്‍ കാരണം കവിതയുടെ പേറ്റുനോവ് മരിക്കുവോളം ആ ഇടനെഞ്ചില്‍ കിടന്ന് തുടികൊട്ടിയതുകൊണ്ടായിരുന്നു. മനുഷ്യജീവിതത്തിലെ നശ്വരതയെയും നിരര്‍ഥകതയെയും അവസാനിക്കാത്ത അന്വേഷണത്തെയും നാളെ നാം എന്തായിത്തീരുമെന്ന സന്ദേഹത്തെയും ബാക്കിനിര്‍ത്തിക്കൊണ്ട് മരണത്തെപ്പോലും സൗമ്യമായി, മധുരമായി, പുഞ്ചിരിച്ചുകൊണ്ട് എതിരേല്ക്കാന് അദ്ദേഹം കാണിച്ച യമിയുടേതായ ആ നിസ്സംഗതയാകണം ഒരുപക്ഷേ കക്കാടിന്റെ കവിതകള്‍ക്കു ലഭിച്ച ശൈവതേജസ്സ്. - ഡോ. വെള്ളായണി അര്ജുനന്