Tuesday, December 3, 2019

പണയം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ◼️ 'കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.
കിട്ടിയതൊന്നും മതിയല്ല പിന്നെയും
കിട്ടിയാലും മതിയല്ല ദുരാഗ്രഹം
                  - കുഞ്ചന്‍നമ്പ്യാര്‍
◼️ 'അയാളുടെ തയ്യല്‍ക്കടയില്‍ റേഡിയോ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം ആറാട്ടുകുന്നിന്റെ  ചരിത്രത്തില്‍ ഒരു സംഭവം തന്നെയായിരുന്നു. പാട്ടു കേള്‍ക്കാനും വാര്‍ത്തകള്‍ അറിയാനുമൊക്കെയായി ദൂരത്തുനിന്നുള്ളവര്‍പോലും അവിടെയെത്തിച്ചേര്‍ന്നു.'
◼️ ''ഈ റേഡിയോം പാട്ട്വക്കെ ഇനിക്കത്ര പിട്ത്തല്ല്യാ. മന്ഷ്യരെ മെനക്കെട്ത്താന്‍ ഓരോ  ഏര്‍പ്പാടോള്! ആ നേരം  വല്ല 
പണീം എടുത്താല് നാല് കാശുണ്ടാക്കാം.''
കുഞ്ചന്‍നമ്പ്യാരുടെ വരികളും 'പണയം' എന്ന കഥയിലെ സന്ദര്‍ഭങ്ങളും അടിസ്ഥാനമാക്കി 'സമൂഹജീവിതത്തിലെ മൂല്യബോധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം തയാറാക്കുക.
സമൂഹജീവിതത്തിലെ മൂല്യബോധങ്ങള്‍
സ്‌നേഹം, നന്മ, കാരുണ്യം തുടങ്ങിയവയാണ് ഒരാളെ മനുഷ്യനെന്ന പേരിന് അര്‍ഹനാക്കുന്നത്. രണ്ടുകാലില്‍ നടക്കുന്നതുകൊണ്ടോ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ടോ  ഭംഗിയായി സംസാരിക്കുന്നതുകൊണ്ടോ ഒരാളെ മനുഷ്യനായി കണക്കാക്കാനാവില്ല. മനുഷ്യത്വമുള്ളവനെയാണ് മനുഷ്യന്‍ എന്നു വിളിക്കുന്നത്. മനുഷ്യത്വമുള്ളവരുടെ കൂട്ടായ്മയാണ് നല്ല സമൂഹം.
മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ സ്ഥാനത്ത് പണം, അധികാരം തുടങ്ങിയവ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് സമൂഹത്തിലെ മൂല്യബോധത്തിന് ഇടിവുസംഭവിക്കുന്നത്. ആരു നശിച്ചാലും വേണ്ടില്ല, എനിക്ക് പണം കിട്ടിയാല്‍ മതിയെന്ന സ്വാര്‍ഥചിന്ത എത്രയോ പാവങ്ങളുടെ കണ്ണീരിനാണ് ഇടവരുത്തുക. നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് സമൂഹം അത്തരത്തിലാണ് ചിന്തിക്കുന്നത്. ലാഭത്തിന്റെ കണക്കുകള്‍ക്കാണ് എവിടെയും പ്രാധാന്യം. ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതും ചികിത്സ തേടിയെത്തുന്നവരെ മാറാരോഗികളാക്കി മാറ്റുന്നതും അതിന്റെ ഫലമാണ്. അരിയിലും പച്ചക്കറിയിലും കുടിവെള്ളത്തിലും വരെ മായം കലര്‍ത്തി വില്‍ക്കുന്നത് ഈ ലാഭക്കൊതിയുടെ ഫലമാണ്. ചെമ്പുമത്തായിയെന്ന പലിശക്കാരന്റെ മനസ്സില്‍ സ്വര്‍ണവും പലിശയുമല്ലാതെ മറ്റൊന്നുമില്ല. തയ്യല്‍ക്കാരന്‍ ചാക്കുണ്ണിയുടെ സങ്കടം കാണാന്‍ അയാള്‍ക്ക് കഴിയാത്തത് മനുഷ്യത്വത്തെ പണക്കൊതി  വിഴുങ്ങിയതുകൊണ്ടാണ്. ഇത്തരമാളുകളുടെ താല്‍പ്പര്യത്തിനു വഴങ്ങുന്ന ഭരണാധികാരികളാണ് സാധാരണജനങ്ങളെ അഴിമതിയില്‍ മുക്കിക്കൊല്ലുന്നത്.
ധാര്‍മ്മികത നഷ്ടപ്പെട്ട ഒന്നിനും അധികകാലം നിലനില്‍ക്കാനാവില്ല. നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുത്തില്ലെങ്കില്‍ അക്രമത്തിന്റെയും കലാപത്തിന്റെയും വഴികളിലേക്ക്  സമൂഹം എത്തിച്ചേരും. അതിശക്തരായ സ്വേച്ഛാധിപതികള്‍ക്കു പോലും ജനങ്ങളുടെ കരുത്തിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രം പഠിപ്പിക്കുന്നത് അത്തരത്തില്‍ തകര്‍ന്നടിഞ്ഞ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കഥകളാണ്. ശാന്തിവിളങ്ങുന്ന സമൂഹത്തിലേക്കുള്ള ഒരേയൊരു വഴി സ്‌നേഹത്തിന്റേതു മാത്രമാണ്.
2.  'അല്ലാ, നീയ് പലിശേം അടച്ചട്ടില്ല്യല്ലോടാ. ഇദെന്താ കഥ? ഞാന്‍ കൊറച്ചു കൂടി കാക്കും. പിന്നെ റേഡിയോയാണോ സിനിമ്യാണോന്നൊന്നും നോക്കില്ല്യ, അങ്ങട് കിട്ട്യ കാശിനു വില്‍ക്കും. അതാ ഇബടത്തെ ഒരു രീതി''.
                                                                                         (ചെമ്പുമത്തായി - പണയം)
'അറ്റകൈക്ക് ഉപ്പുതേക്കാത്തവന്‍' എന്ന പഴഞ്ചൊല്ലിന്റെ ആശയവുമായി ബന്ധിപ്പിച്ച് ചെമ്പുമത്തായിയുടെ സ്വഭാവനിരൂപണം തയാറാക്കുക.     
ധനസമ്പാദനമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് കരുതുന്ന ആളാണ് ചെമ്പുമത്തായി.  ഈ ഏകലക്ഷ്യം മുമ്പിലുള്ളതുകൊണ്ട് അയാള്‍ മറ്റെല്ലാം മറക്കുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളൊന്നും പിതാവില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അയാള്‍, മക്കളെ സ്‌നേഹിക്കാനും മറന്നുപോകുന്നു. കുടുംബസ്‌നേഹവും കലാബോധവുമുള്ള ചാക്കുണ്ണിയെ മനസ്സിലാക്കാന്‍ മത്തായിക്ക് സാധിക്കാത്തതും അതുകൊണ്ടാണ്. റേഡിയോപരിപാടികള്‍ കേട്ട് നേരം കളയാതെ പണം സമ്പാദിക്കാന്‍ നോക്കണമെന്നാണ് ചാക്കുണ്ണിക്ക് അയാള്‍ നല്‍കുന്ന ഉപദേശം. റേഡിയോ പണയംവച്ച് വാങ്ങിയ കാശിന്റെ പലിശ അടയ്ക്കാതിരുന്നാല്‍ റേഡിയോ വില്‍ക്കുമെന്നും അയാള്‍ ചാക്കുണ്ണിക്ക്  താക്കീത്  നല്‍കുന്നുണ്ട്. കലയെയും മൂല്യങ്ങളെയും കച്ചവടവസ്തുവാക്കുന്നവരുടെ പ്രതീകംകൂടിയാണ് ചെമ്പുമത്തായി. രോഗം ബാധിച്ച ഇളയമകന്റെ ചികിത്സയ്ക്കായി തന്റെ ജീവിതത്തിന്റെ ഭാഗംതന്നെയായ റേഡിയോ പണയംവയ്ക്കുന്ന ചാക്കുണ്ണിയുടെ മാനസികാവസ്ഥ പരിഗണിക്കാനോ കരുണകാണിക്കാനോ കൂട്ടാക്കാതിരിക്കുന്ന ചെമ്പുമത്തായി 'അറ്റകൈക്ക് ഉപ്പുതേക്കാത്തവന്‍' തന്നെയാണെന്ന് പറയാം.
3. 'തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു. ചക്രം ചവിട്ടുമ്പോഴും സൂചി ഉയര്‍ന്നു താഴുമ്പോഴുമെല്ലാം അയാള്‍ അജ്ഞാതമായൊരു പാട്ടിനു വേണ്ടി കാതോര്‍ത്തു. മനസ്സിലെ നാടകത്തില്‍നിന്ന് ഏതെല്ലാമോ കഥാപാത്രങ്ങള്‍ ഒച്ചയെടുത്തു സംസാരിച്ചു.''  
റേഡിയോ പണയംവച്ചതിനുശേഷമുള്ള ചാക്കുണ്ണിയുടെ അവസ്ഥയാണിത്.  ചാക്കുണ്ണി  പണയംവച്ചത് റേഡിയോ മാത്രമാണോ? 'പണയം' എന്ന ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
വളരെ കഷ്ടപ്പെട്ട് വാങ്ങിയ റേഡിയോ മകന്റെ ചികിത്സയ്ക്കുവേണ്ടി ചാക്കുണ്ണിക്ക് പണയംവയ്‌ക്കേണ്ടിവന്നു. അയാളുടെ ജീവിതത്തിന്റെ താളമായിരുന്നു ആ റേഡിയോ. അതു നഷ്ടപ്പെട്ടതോടെ അയാളുടെ ജീവിതത്തില്‍ പല താളപ്പിഴകളും സംഭവിച്ചു. അയാള്‍ക്കു ജോലിയിലുള്ള ശ്രദ്ധ കുറയുകയും അളവുകള്‍ തെറ്റി തയ്ക്കുകയും ചെയ്തു. അയാളുടെ ശാരീരികാരോഗ്യത്തെത്തന്നെ ഇത് ബാധിച്ചു. അയാള്‍ റേഡിയോനാടകങ്ങളും  പാട്ടുകളും കേള്‍ക്കുന്നതിനുവേണ്ടി കൊതിച്ചു. ചാക്കുണ്ണിയുടെ അധ്വാനത്തിന്റെ  പ്രയാസം കുറച്ചിരുന്നത് റേഡിയോപരിപാടികളായിരുന്നു. കുഞ്ഞുങ്ങളെ  നോക്കുന്നതുപോലെ അതീവശ്രദ്ധയോടെയാണ് അയാള്‍ അതിനെ പരിപാലിച്ചിരുന്നത്.  പുത്രനെപ്പോലെ  അതിനെ സ്‌നേഹിച്ചിരുന്നതുകൊണ്ടാവാം പുത്രന്‍ മരിച്ച ദുഃഖം  ശമിക്കാന്‍വേണ്ടി അയാള്‍ 'ബാലമണ്ഡലം' പരിപാടി കേള്‍ക്കാനെത്തിയത്. പുത്രന്റെ സ്വരം കേട്ടാലെന്നതുപോലെ 'ബാലമണ്ഡല'ത്തിലെ  കുട്ടികളുടെ ശബ്ദം അയാളെ  ആശ്വസിപ്പിക്കുന്നു. ചുരുക്കത്തില്‍ അയാളുടെ  ജീവിതത്തിന്റെ ഒരു ഭാഗംതന്നെയായിരുന്നു ആ റേഡിയോ. അതു നഷ്ടപ്പെട്ടതോടെ അയാളുടെ ആരോഗ്യവും സമാധാനവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ടു. മുതലും പലിശയും കൊടുത്താല്‍ പണയവസ്തു വീണ്ടെുക്കാന്‍ കഴിയും. എന്നാല്‍  ചാക്കുണ്ണിക്കും കുടുംബത്തിനും നഷ്ടപ്പെട്ട സന്തോഷവും സമാധാനവും ഒരിക്കലും വീണ്ടെടുക്കാനാവില്ല. പണയം എന്ന വാക്കിന് പതിവായി നാം കൊടുക്കാറുള്ള അര്‍ഥത്തേക്കാള്‍ ആഴവും വ്യാപ്തിയും കഥയുടെ ശീര്‍ഷകത്തിനുണ്ട്.
4. 'പണയം' എന്ന കഥയിലെ സൂചനകളെ മുന്‍നിര്‍ത്തി കുട്ടികളെ വളര്‍ത്തുന്ന രീതിയെക്കുറിച്ച്  ലഘുക്കുറിപ്പ് തയാറാക്കുക.
കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ ചാക്കുണ്ണിയും ചെമ്പുമത്തായിയും രണ്ട് ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. മക്കളുടെ താല്‍പ്പര്യങ്ങളെന്തെല്ലാമാണെന്ന് ചാക്കുണ്ണിക്കറിയാം. ജോലി കഴിഞ്ഞ് റേഡിയോയുമായി ചാക്കുണ്ണി വീട്ടില്‍ കയറിച്ചെല്ലുന്നത് ഭാര്യയും മക്കളും കാത്തിരിക്കാറുണ്ട്. മകന്റെ മരണശേഷം അവനിഷ്ടപ്പെട്ട പരിപാടി കേള്‍ക്കാന്‍ ചെമ്പുമത്തായിയുടെ വീട്ടിലെത്തുന്നത് ചാക്കുണ്ണിക്ക് മകനോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ചെമ്പുമത്തായി ജീവിതത്തില്‍ ഇന്നേവരെ മക്കളെ ലാളിച്ചിട്ടില്ല. നല്ല തല്ലുമാത്രമാണ് നല്‍കിയിട്ടുള്ളത്. കുട്ടികളെ തല്ലിവളര്‍ത്തണമെന്നാണ് അയാളുടെ പ്രമാണം. അയാളുടെ അപ്പന്‍ അയാളെ താലോലിച്ചിട്ടില്ല. പകരം കമ്പി പഴുപ്പിച്ച് ചന്തിയില്‍ വെക്കുകയാണ്  ചെയ്തിരുന്നത്. ക്രൂരവും പ്രാകൃതവുമായ രീതിയിലാണ് കുറച്ചുകാലം മുമ്പുവരെ നമ്മുടെ നാട്ടില്‍ കുട്ടികളെ വളര്‍ത്തിയിരുന്നതെന്ന്  കഥയിലെ സൂചനകള്‍ വ്യക്തമാക്കുന്നു.


3 comments: