Thursday, December 19, 2019

കേരളപാഠാവലി (യൂണിറ്റ്-4) : വാക്കുകള്‍ സര്‍ഗതാളങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം - 1 : അക്കര്‍മാശി
'അക്കര്‍മാശി'യെക്കുറിച്ച് ശരണ്‍കുമാര്‍ ലിംബാളെ
മഹാരോഗം മറച്ചുവയ്ക്കപ്പെടുന്നതുപോലെ ഈ ജീവിതവും മറച്ചുവയ്ക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ കുടുംബചരിത്രം എന്റെ അമ്മ മുതല്‍ക്ക് തുടങ്ങുന്നു. ഏറിയാല്‍ മുത്തശ്ശി മുതല്‍.  ഇതിനപ്പുറം എനിക്ക് വംശചരിത്രമില്ല.
മഹാരാഷ്ട്ര- കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് എന്റെ ഗ്രാമം. ഞങ്ങളുടെ താലൂക്കിനപ്പുറം എപ്പോഴും അതിര്‍ത്തിത്തര്‍ക്കങ്ങളാണ്. ഞങ്ങള്‍ മഹാരാഷ്ട്രക്കാരോ? കര്‍ണാടകക്കാരോ? ഞങ്ങളുടെ ഭാഷയും അങ്ങനെത്തന്നെ. വീട്ടിലും പുറത്തുമെല്ലാം കന്നഡ സംസാരിക്കുമ്പോള്‍ പള്ളിക്കൂടത്തില്‍ മാത്രം മറാത്തിയിലാണ് പഠനം. അപ്പോള്‍ ഞങ്ങളുടെ ശരിയായ ഭാഷ ഏതാണ്? എന്റെ അമ്മ മഹാര്‍ജാതിക്കാരി (കീഴ്ജാതി), അച്ഛന്‍ ലിംഗായത്ത് (മേല്‍ജാതി). അമ്മ കുടിലില്‍; അച്ഛന്‍ മാളികയില്‍. അച്ഛന്‍ ജന്മി; അമ്മ ഭൂരഹിത. ഞാന്‍ അക്കര്‍മാശി (അര്‍ധജാതി). 'അക്കര്‍മാശി' എന്ന വാക്കിന്റെ അര്‍ഥം പതിനൊന്നു 'മാസാ' (ഒരു തൂക്കം) എന്നാണ്. ഒരു തോല തൂക്കത്തിന് പന്ത്രണ്ട് 'മാസാ' വേണം. പതിനൊന്നു 'മാസാ' കൊണ്ട് ഒരു തോലയാവില്ല. ഒരു 'മാസാ' കുറവുവരും. 'അക്കര്‍മാശി' കളായ,
അര്‍ധജാതിക്കാരായ  മനുഷ്യരും അതുപോലെ അപൂര്‍ണരാണ്. അവര്‍ ജനിക്കുന്നത് വിവാഹബാഹ്യമായ  ബന്ധങ്ങളില്‍നിന്നാണ്.
'അക്കര്‍മാശി' എന്ന  എന്റെ ഈ പുസ്തകത്തിലെ ഭാഷയെക്കുറിച്ചും  ധാരാളം  ചോദ്യങ്ങളുണ്ടാവാം.
'അക്കര്‍മാശി' വരമൊഴിയാകാത്തതെന്തേ? പ്രാമാണികഭാഷയായിരുന്നെങ്കിലോ? 'അക്കരമാശി'യില്‍ പ്രയോഗിച്ചിട്ടുള്ള 'കീഴാളഭാഷ' ഒരുപക്ഷേ കവിതകളിലും ശോഭിക്കുവാന്‍ കഴിവുള്ള ഭാഷതന്നെയാണ്. വാക്കെനിക്ക് ഏറെ മുഖ്യമല്ല. അത് പ്രകാശിപ്പിക്കുന്ന വേദനയും ദുഃഖവുമാണ് പ്രധാനപ്പെട്ട വിഷയം. 'അക്കര്‍മാശി' എന്ന എന്റെ ഈ ആത്മകഥയെ ഒരു കലാസൃഷ്ടിയായി ഞാന്‍ കാണുന്നില്ല. ഇതൊരു  നിവേദനമാണ്. ഈ പുസ്തകത്തെ സാമൂഹികമായ അനീതിയുടെ പ്രത്യക്ഷവിവരണം എന്ന നിലയ്ക്കുമാത്രം കണ്ടാല്‍ മതി.
ആത്മകഥകളില്‍ അനുഭവങ്ങള്‍ 'റോ മെറ്റീരിയല്‍' ആണ്. എഴുത്തുകാരന്‍ അയാളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. ജീവിതം എന്നു പറയുന്നത് 'ടേപ് റെക്കോര്‍ഡര്‍' ഒന്നുമല്ലല്ലോ;  ആവശ്യമനുസരിച്ച് ബട്ടണമര്‍ത്തി കേള്‍ക്കാന്‍.  ആത്മകഥ എഴുതുന്ന ആള്‍ക്ക് സ്വന്തം അനുഭവങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിച്ചെടുക്കേണ്ടതുണ്ട്.  ഓര്‍മ്മശക്തിയെ ഉദ്ദീപിപ്പിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരന്‍ അയാളുടെ ജീവിതത്തില്‍ ശരിക്കും ഒരു ഖനനം നടത്തുകതന്നെയാണ് ചെയ്യുന്നത്. മുങ്ങിക്കപ്പലിനെപ്പോലെ അയാള്‍ തന്റെ ഗതകാലജീവിതത്തില്‍ മുങ്ങിത്താഴ്ന്ന് അനുഭവങ്ങള്‍ പരതിനടക്കുന്നു. അനുഭവങ്ങളുടെ പട്ടിക തയാറാക്കുന്നു. അവയെ കുറിപ്പുകളാക്കുന്നു. പിന്നീട്  അവയെ  എഡിറ്റ് ചെയ്യുന്നു.
പാഠം - 3 : അശ്വമേധം
കൂടുതല്‍ വിശദീകരണങ്ങള്‍
1. പുരുഷാന്തരം - എണ്ണമറ്റ ജീവിതഘട്ടങ്ങള്‍
2. 'വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു '- പ്രകൃതിയോട് പോരാടി മനുഷ്യര്‍ തങ്ങളുടെ നാഗരിതക പടുത്തുയര്‍ത്തിയത് ഓര്‍മ്മിപ്പിക്കുന്നു.
'കാട്ടുപുല്‍ത്തണ്ടുനല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍' - അശിക്ഷിതരായ വനവാസികളുടെ സംഭാവന (ഗുഹാചിത്രം, കാട്ടിലെ നൃത്തം, പാട്ട്്,  വാദ്യോപകരണങ്ങള്‍)
3.'ദൃപ്തരാഷ്ട്രപതാപങ്ങള്‍' - ചില രാഷ്ട്രങ്ങളുടെ മേനിനടിക്കലും ആധിപത്യഭ്രമവുംകൊണ്ട് ലോകത്തുണ്ടായ മഹാദുരന്തങ്ങള്‍ (ലോകയുദ്ധങ്ങള്‍ ) ഓര്‍മ്മിപ്പിക്കുന്നു. (ഫ്രഞ്ച് വിപ്ലവം- റൂസോ- ടോള്‍സ്‌റ്റോയി- റഷ്യന്‍വിപ്ലവത്തിന്റെ കണ്ണാടി)
5. 'പണ്ടു ദൈവം കടിഞ്ഞാണുമായി വന്നു'  - ദൈവസ്തുതികള്‍ക്കായി സര്‍ഗശേഷി പ്രയോജനപ്പെടുത്തുന്നു.
6. സംസ്‌കാരശില്‍പ്പികള്‍ - ഭൂമിയിലെ ജീവിതം നവീകരിച്ചവര്‍
7. പച്ചമണ്ണിന്‍ മനുഷ്യത്വം - തനിമയാര്‍ന്ന ജീവിതത്തെ അതിന്റെ മാനവികഭാവത്തില്‍ പ്രകീര്‍ത്തിക്കുന്നു.

No comments:

Post a Comment