Monday, December 2, 2019

അശ്വമേധം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''പണ്ടു ദൈവം  കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാന്‍
പിന്നെ രാജകീയോന്മത്തസേനകള്‍ 
വന്നു നിന്നു പടപ്പാളയങ്ങളില്‍!
ആഗമതത്ത്വവേദികള്‍ വന്നുപോല്‍
യോഗദണ്ഡിലിതിനെ  തളയ്ക്കുവാന്‍''
മനുഷ്യന്റെ സര്‍ഗശക്തിയെ പിടിച്ചുകെട്ടാനുള്ള ശ്രമം മാനവചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള എന്തെല്ലാം സൂചനകളാണ് കവിതാഭാഗത്തു കാണാന്‍ കഴിയുന്നത്? കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക. 
മതങ്ങളും തത്ത്വശാസ്ത്രങ്ങളും ഭരണകൂടങ്ങളുമെല്ലാം മനുഷ്യന്റെ സര്‍ഗാത്മകതയെ തളച്ചിടാന്‍ എല്ലാ ഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്. ഭാവനയെയും സര്‍ഗാത്മകതയെയും ഒന്നുകൊണ്ടും തളച്ചിടാനാവില്ല. മതങ്ങളാണ് പ്രധാനമായും മനുഷ്യന്റെ സര്‍ഗശക്തിയെ കീഴടക്കാന്‍ ശ്രമിച്ചത്. ദൈവം കടിഞ്ഞാണുമായി വന്നുവെന്ന് കവി സൂചിപ്പിക്കുന്നത് അതാണ്. പിന്നീട് സ്വന്തം മഹത്ത്വം ലോകം മുഴുവനും കേള്‍ക്കെ വിളിച്ചുപറയാനായി രാജാക്കന്മാരും സര്‍ഗശക്തിയുള്ളവരെ ഉപയോഗിച്ചു.  വേദതത്ത്വങ്ങളില്‍ പാണ്ഡിത്യം നേടിയവരും തങ്ങളുടെ അറിവ് മറ്റുള്ളവരിലേക്കു പകരുവാന്‍ സര്‍ഗാത്മകതയെ വളരെ സമര്‍ഥമായി ഉപയോഗിച്ചു. അശ്വഹൃദയത്തെപ്പറ്റി ആഴത്തിലറിയുന്ന മഹാപ്രതിഭകളായ പൂര്‍വികരാണ് ഇത്തരം ബന്ധനങ്ങളില്‍നിന്ന് സര്‍ഗാത്മകതയെ മോചിപ്പിച്ചത്.
2. മനുഷ്യന്റെ സര്‍ഗാത്മകതയുടെ സഹായത്തോടെ കരുത്തുനേടിയെടുത്ത സാമൂഹികഘടകങ്ങളെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
കവിതയില്‍ മതങ്ങളുടെ പ്രതീകമായാണ് ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നത്. മതങ്ങള്‍ കടിഞ്ഞാണുമായി മനുഷ്യന്റെ സര്‍ഗാത്മകതയെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭരണാധികാരികളും സര്‍ഗാത്മകതയുള്ളവരെ തങ്ങളുടെ സ്തുതിപാഠകരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുമുണ്ട്. തത്ത്വചിന്തകരും വേദാന്തപണ്ഡിതന്മാരും പല സന്ദര്‍ഭങ്ങളിലും മനുഷ്യരുടെ സര്‍ഗവൈഭവത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആര്‍ക്കും പൂര്‍ണമായി കീഴടങ്ങാതെ ഒന്നില്‍നിന്ന്  മറ്റൊന്നിലേക്ക് അനായാസമായി വഴുതിമാറുന്ന പരിപൂര്‍ണസ്വതന്ത്രമായ സര്‍ഗവൈഭവത്തെയാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുക. അതുകൊണ്ടാണ്   തന്റെ ഈ കുതിരയെ പിടിച്ചുകെട്ടാന്‍ ആരാണുള്ളതെന്ന് അഹങ്കാരത്തോടെ കവി ചോദിക്കുന്നത്. സര്‍ഗാത്മകതയുടെ കാര്യത്തില്‍ കലയെന്നോ ശാസ്ത്രമെന്നോ ഉള്ള വേര്‍തിരിവില്ല.
3.''ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍!''
-'മനുഷ്യത്വം' എന്ന പദത്തിന്റെ പൊരുള്‍ വിശദമാക്കുക.
'മനുഷ്യത്വം' എന്ന പദത്തിന്  ദയ, പരോപകാരം, സ്‌നേഹം എന്നീ അര്‍ഥങ്ങളാണ് നാം സാധാരണ നല്‍കാറുള്ളത്. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തുന്നത് മനുഷ്യത്വമാണ്.  മൃഗീയതയില്ലാത്തത് എന്ന അര്‍ഥം കൂടി അതിനുണ്ട്. എന്നാല്‍ സര്‍ഗചേതനയുടെ പ്രകടനം എന്ന അര്‍ഥമാണ് ഏറ്റവും പ്രാധാന്യമുള്ളത്. കാരണം മനുഷ്യനെ മൃഗങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കുന്നത് ആ കഴിവാണ്. സാധാരണമനുഷ്യന്റെ നന്മയും വിവേകവും ധാര്‍മ്മികതയും വിശുദ്ധിയുമുള്ള ഒരാളാവാ
നാണ് കവി ശ്രമിക്കുന്നത്. കവിയുടെ ഈ ചിന്തപോലും സര്‍ഗാത്മകതയുടെ  പ്രതിഫലനമാണ്.
4. ''ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്റെ ചൈതന്യവീചികള്‍!
ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍!''
ഈ വരികളിലൂടെ വയലാര്‍ മഹത്ത്വവല്‍ക്കരിക്കുന്നത് മനുഷ്യത്വത്തെത്തന്നെയാണ്. മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ സമൂഹത്തിനുവേണ്ടി നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവില്ലേ.  'നമുക്ക് മനുഷ്യരാവാം' എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം തയാറാക്കുക.
നമുക്ക് മനുഷ്യരാവാം
മനുഷ്യനെ മനുഷ്യനാക്കുന്നത് മനുഷ്യത്വമാണ്. സ്വാര്‍ഥതയുടെ കയ്പ്  കലരാത്ത സ്‌നേഹംതന്നെയാണ് മനുഷ്യത്വം. സമൂഹത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത മനുഷ്യരുടെ വിയര്‍പ്പിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം. പക്ഷേ, എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വെമ്പലിനിടയില്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നു. ലോകം ദുരിതപൂര്‍ണമാവുന്നതിനുള്ള പ്രധാന കാരണം ഇതാണ്. അപ്രതീക്ഷിതമായിട്ടാണ് മഹാപ്രളയം കടന്നുവന്നത്. സകലതും ഉപേക്ഷിച്ച് പ്രാണന്‍ രക്ഷിക്കാന്‍ എല്ലാവരും പരക്കം പായുകയായിരുന്നു. സ്വന്തം ജീവനെക്കുറിച്ചോര്‍ക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി എത്രയോ പേരാണ് പ്രളയത്തിന്റെ കുത്തൊഴുക്കിലേക്ക്  എടുത്തുചാടിയത്.  സഹജീവിസ്‌നേഹത്തിന്റെ ഏറ്റവും ഉത്തമദൃഷ്ടാന്തങ്ങളായിരുന്നു ആ നിമിഷങ്ങളില്‍ ലോകം കണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായി നമ്മുടെ നാട് മാറിയ നിമിഷങ്ങളായിരുന്നു അത്. പ്രളയദുരന്തം നമുക്കു നല്‍കിയത് കണ്ണീരു മാത്രമല്ല, നന്മയുടെ ഉറവകള്‍ വറ്റിപ്പോയിട്ടില്ല എന്ന തിരിച്ചറിവുകൂടിയാണ്.
ജാതിമതഭേദമില്ലാതെ അവശത  അനുഭവിക്കുന്നവരെ സഹായിക്കുന്നതിലൂടെയും അവയവദാനത്തിലൂടെയുമെല്ലാം
നാം കൂടുതല്‍ മനുഷ്യരാവുകയാണ്. സ്വാര്‍ഥതയുടെ ചെറുകൂടുകളില്‍ ഒതുങ്ങിപ്പോവാതെ നമുക്ക് കൂടുതല്‍ മനുഷ്യത്വമുള്ളവരാവാന്‍ പരിശ്രമിക്കാം. അതിലൂടെ അടുത്ത തലമുറയ്ക്ക് മാതൃകയായിത്തീരാം.


No comments:

Post a Comment