Monday, December 2, 2019

അക്കര്‍മാശി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാന്‍ നേടിടും''
                                -ചങ്ങമ്പുഴ
ഈ വരികളുടെ ആശയത്തെ മുന്‍നിര്‍ത്തി ശരണ്‍കുമാര്‍ ലിംബാളെയുടെ ജീവിതത്തെ വിലയിരുത്തി കുറിപ്പ് തയാറാക്കുക.
ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു താന്‍ നേടിയെടുക്കുമെന്ന് ചങ്ങമ്പുഴ പറയുന്നു. ശരണ്‍കുമാര്‍ ലിംബാളെയുടെ ജീവിതവും പ്രതിസന്ധികളോട് പടവെട്ടിയായിരുന്നു.  മുത്തശ്ശിയായ ശാന്താ ആത്യയോടൊപ്പം പാഴ്‌വസ്തുക്കള്‍ പെറുക്കിവിറ്റുള്ള  ജീവിതമായിരുന്നു ബാല്യകാലത്ത് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത്  അദ്ദേഹം  അനാഥത്വവും  അവഗണനയും  പരിഹാസവും   ഒട്ടേറെ അനുഭവിച്ചു. ദാരിദ്ര്യവും പട്ടിണിയും നിത്യസംഭവങ്ങളായിരുന്നു. താഴ്ന്നജാതിയില്‍ പിറന്നതുകൊണ്ടുള്ള വിവേചനങ്ങള്‍ വേറെയും. ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടാത്ത ജീവിതമായിരുന്നു അത്. ഈ ദുരിതങ്ങള്‍ക്കിടയിലും അദ്ദേഹം പഠിച്ചുയര്‍ന്ന് ഉന്നതനിലയിലെത്തി. ജീവിതം നിഷേധിച്ചതെല്ലാം കഠിനാധ്വാനത്തിലൂടെ അദ്ദേഹം നേടിയെടുത്തു. ചങ്ങമ്പുഴയുടെ വരികളെ അക്ഷരംപ്രതി സാക്ഷാത്കരിക്കുന്ന ജീവിതമാണ് ലിംബാളെയുടേതെന്ന് നിസ്സംശയം പറയാം.
2. ▶️ ''വാറുപൊട്ടിയ ചെരുപ്പ് അവിടെയുള്ള ചെരുപ്പുകുത്തിയെക്കൊണ്ട് നന്നാക്കിക്കാന്‍ പറഞ്ഞു സന്താമായി. എന്നാല്‍ സന്താമായി ഒരു 'മഹാര്‍' ആണെന്നു മനസ്സിലായപ്പോള്‍ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാന്‍ കൂട്ടാക്കിയില്ല.''
▶️''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ 
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍.''    (കുമാരനാശാന്‍)
കുമാരനാശാന്റെ വരികള്‍ ലിംബാളെയുടെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുക.  
ജാതീയമായ തരംതിരിവുകള്‍ മനുഷ്യത്വത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ് എന്ന ആശയം സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കുവാന്‍ ശരണ്‍കുമാര്‍ ലിംബാളെയ്ക്കും കുമാരനാശാനും സാധിച്ചിട്ടുണ്ട്. സന്താമായി ലിംബാളെയ്ക്കു നല്‍കുന്നതിനുവേണ്ടി കൊണ്ടുവന്ന പഴയചെരുപ്പുകള്‍ പൊട്ടിയതായിരുന്നു. താഴ്ന്നജാതിയില്‍പ്പെട്ട (മഹാര്‍)  സ്ത്രീയാണ് സന്താമായി എന്നു മനസ്സിലാക്കിയ ചെരുപ്പുകുത്തി അവ നന്നാക്കാന്‍ കൂട്ടാക്കിയില്ല. താഴ്ന്നജാതിക്കാരില്‍നിന്നും ലഭിക്കുന്ന പണം വേണ്ടെന്നുവയ്ക്കുന്നതിന് ദരിദ്രനായ അയാളെ പ്രേരിപ്പിച്ചത് ജാതിചിന്തയാണ്.  കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് പറയിപ്പിക്കത്തക്കവിധം ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ആശാന്‍ ജീവിച്ചിരുന്നത്. വ്യത്യസ്ത ജാതിക്കാര്‍ക്ക് പരസ്പരം സ്പര്‍ശിക്കുവാനോ സഹവസിക്കുവാനോ  ഒരുമിച്ച് ഭക്ഷണം കഴിക്കുവാനോ പോലും  അനുവാദമുണ്ടായിരുന്നില്ല. പരസ്പരം കാണുന്നതിനുപോലും വിലക്കുണ്ടായിരുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട് ലിംബാളെയ്ക്ക്. ചപ്പുചവറുകള്‍ പെറുക്കി നടക്കുന്ന  ബാല്യം, സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള തടസ്സങ്ങള്‍  എന്നിവയെല്ലാം ലിംബാളെയ്ക്ക് അനുഭവപ്പെട്ടതിന് അടിസ്ഥാനകാരണം  ജാതീയമായ വേര്‍തിരിവുകള്‍തന്നെയാണ്. ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് എന്ന് ലിംബാളെ ചിന്തിക്കുന്നതും അതുകൊണ്ടാണ്.
3. ''ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്നു മനസ്സിലാക്കുന്നു.  അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. മനുഷ്യര്‍ക്കു മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാ
നുള്ള  ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം''   - ശ്രീനാരായണഗുരു
    ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ 'അക്കര്‍മാശി' എന്ന പാഠം വിശകലനം ചെയ്യുക.
ജാതിയുടെ പേരില്‍ മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന വേര്‍തിരിവുകളും അനാചാരങ്ങളും കണ്ട് അമര്‍ഷത്തോടെ ശ്രീനാരായണഗുരു പറഞ്ഞ വാക്യങ്ങളാണ് മുകളിലുള്ളത്. മൃഗങ്ങളേക്കാള്‍ മോശമായിട്ടാണ് മനുഷ്യര്‍ പെരുമാറുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'അക്കര്‍മാശി'യിലും നാം കാണുന്നത് സമാനമായ അവസ്ഥതന്നെയാണ്. ലിംബാളെയെ ദലിത് ബ്രാഹ്മണനെന്നും അക്കര്‍മാശിയെന്നും ആളുകള്‍ വിളിച്ചു പരിഹസിച്ചു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍ കുറേ മനുഷ്യരുടെ ജീവിതം എരിഞ്ഞുതീരുന്നു.  ജാതിയുടെ പേരില്‍ വാറുപൊട്ടിയ ചെരുപ്പ് നന്നാക്കിക്കൊടുക്കാന്‍ മടികാണിക്കുന്ന ചെരുപ്പുകുത്തിയെ 'അക്കര്‍മാശി'യില്‍ കാണാം. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് ശ്രീനാരായണഗുരു പറഞ്ഞുവച്ച വാക്യങ്ങളുടെ പൊരുളിലേക്കാണ്. തീര്‍ച്ചയായും മൃഗങ്ങളേക്കാള്‍ മോശമാണ് മനുഷ്യരുടെ പെരുമാറ്റം. ലിംബാളെയുടെ ബാല്യകാലം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്ന ബഹുഭൂരിപക്ഷംപേരുടെയും ജീവിതം ആ വഴിയില്‍ത്തന്നെ അവസാനിക്കാറാണ് പതിവ്. ലിംബാളെയെപ്പോലെ വളരെ ചുരുക്കം വ്യക്തികള്‍ മാത്രമാണ് അതില്‍നിന്ന് രക്ഷപ്പെടുന്നത്. 
4. കണ്ണഞ്ചിപ്പിക്കുന്ന പുറംകാഴ്ചകളില്‍  സ്വയംമറന്നു കഴിയുന്ന നമ്മള്‍ കാണാതെ പോകുന്ന ഏതെല്ലാം യാഥാര്‍ഥ്യങ്ങളിലേക്കാണ്  'അക്കര്‍മാശി' വിരല്‍ചൂണ്ടുന്നത്?
തെരുവില്‍ കഴിയുന്നവരുടെ ജീവിതമാണ് 'അക്കര്‍മാശി' നമ്മുടെ മുന്നില്‍  തുറന്നുവയ്ക്കുന്നത്. സുഖസൗകര്യങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ തെരുവില്‍ കഴിയുന്നവരുടെ വേദനകള്‍ ശ്രദ്ധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാറില്ല. നമ്മുടെ ശ്രദ്ധമുഴുവന്‍ ചുറ്റും കാണുന്ന നിറക്കാഴ്ചകളിലാണ്. ഒരു നേരത്തെ ഭക്ഷണംപോലും കഴിക്കാനുള്ള വകയില്ലാതെ അലയുന്ന ശാന്താമുത്തശ്ശിയെയും ലിംബാളെയെയും പോലുള്ള എത്രയെത്ര മനുഷ്യരാണ് തെരുവുകളിലുള്ളത്. താഴ്ന്നതെന്ന് വലിയൊരു സമൂഹം കണക്കാക്കുന്ന ജാതിയില്‍ പിറന്നുപോയി എന്നതാണ് അവരുടെ കുറ്റം. അതിന് കാരണക്കാരും അവരല്ല. എന്നിട്ടും അതിന്റെ ശിക്ഷയായി ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിച്ച്  മരിക്കാനാണ് ആ പാവങ്ങളുടെ വിധി. അവര്‍ക്ക്  ആത്മാഭിമാനത്തോടെ  സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശവും അവസരവും ഉറപ്പുവരുത്തുകയാണ് ഇനിയെങ്കിലും നമ്മള്‍ ചെയ്യേണ്ടത്.
5. 'ഇക്കൊല്ലം നമ്മള്‍  സ്‌പോര്‍ട്‌സില്‍ തോറ്റുപോയി, സാരമില്ല. എന്നാല്‍ ഈ കുട്ടി, ലിംബാളെ  കാണിച്ച സത്യസന്ധതയുണ്ടല്ലോ, അത് ഈ ക്ലാസിന്റെ മുഴുവനും വിജയമാണ്.' ഈ അഭിനന്ദനം  ലിംബാളെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതായി കരുതുന്നു.
ഇത്തരത്തില്‍ അഭിനന്ദിക്കപ്പെട്ട ഏതെങ്കിലുമൊരു  സന്ദര്‍ഭം  നിങ്ങളുടെ അനുഭവത്തില്‍നിന്ന് കണ്ടെത്തിയെഴുതുക. 
ലിംബാളെയുടെ അനുഭവം  വായിച്ചപ്പോള്‍  കഴിഞ്ഞവര്‍ഷം  സംഭവിച്ച ഒരു അനുഭവമാണ് ഞാന്‍ ഓര്‍ത്തത്. ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പോലീസ്‌സ്‌റ്റേഷനുണ്ട്. പോലീസ്‌സ്‌റ്റേഷന്റെ ഉള്‍ഭാഗം കാണാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എനിക്കതിനുള്ളിലേക്ക് കടക്കാന്‍ ഭയവുമായിരുന്നു. ഒരു ദിവസം സ്‌കൂളില്‍നിന്ന് തിരിച്ചുപോകുന്ന വഴിക്ക് ഒരു സ്വര്‍ണ പാദസരം കിടക്കുന്നത് ഞാന്‍ കണ്ടു. അത് ഞാന്‍ ആരും കാണാതെ എടുത്തുവച്ചു. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് പലവട്ടം ഞാനാലോചിച്ചു. ഒടുവില്‍ സ്‌കൂളില്‍ പോകുന്ന വഴിക്കുള്ള പോലീസ്‌സ്‌റ്റേഷനില്‍ കൊടുക്കാം എന്ന് തീരുമാനിച്ചു.
പിറ്റേന്ന് അല്‍പ്പം ആശങ്കയോടെ ഞാന്‍ പോലീസ്‌സ്‌റ്റേഷനിലേക്കു ചെന്നുകയറി. തോക്കേന്തിയ കാവല്‍ക്കാരനെയും ലോക്കപ്പ് മുറിയും കണ്ടപ്പോള്‍ എന്റെ പരിഭ്രമം വര്‍ധിച്ചു. ഇനി ഞാനാണ് പാദസരം മോഷ്ടിച്ചതെന്ന തോന്നല്‍ ഇവര്‍ക്കുണ്ടാകുമോ എന്നതായി എന്റെ ആശങ്ക. എന്നാല്‍ വളരെ സൗഹൃദപരമായാണ് പോലീസുദ്യോഗസ്ഥര്‍ എന്നോട് വിവരങ്ങള്‍ തിരക്കിയത്. സംഭവിച്ചതെല്ലാം ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹമെന്ന വളരെയധികം അഭിനന്ദിച്ചു. മാതൃകാപരമായ കാര്യമാണ് ഞാന്‍ ചെയ്‌തെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു കൊച്ചുസമ്മാനം എനിക്കു നല്‍കുകയും ചെയ്തു. ഈ സംഭവത്തോടുകൂടി പോലീസ്‌സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം സാധിക്കുകയും അതുവഴി പോലീസുനോടുള്ള ഭയം മാറുകയും ചെയ്തു.

No comments:

Post a Comment