Monday, December 2, 2019

ഞാന്‍ കഥാകാരനായ കഥ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

1. ''അപ്പോള്‍ അവന്‍ അമ്മയോട് ആരാണ് അവര്‍ക്ക് ഈ കത്തുകളെല്ലാം എഴുതിക്കൊടുക്കുന്നത് എന്നു ചോദിച്ചതായും ഒരു ഷ്‌കോള്‍ക്കുട്ടിയാണെന്ന്  തള്ള മറുപടി പറഞ്ഞതായും അറിഞ്ഞു. അപ്പോള്‍ എന്റെ അഭിമാനം  ഉച്ചകോടിയിലെത്തിപ്പോയി.''  (ഞാന്‍ കഥാകാരനായ കഥ- എസ്. കെ. പൊറ്റെക്കാട്ട്)
''എന്റെ സത്യസന്ധത എനിക്കു നല്‍കിയ  ആനന്ദം ആ മുപ്പതു രൂപയേക്കാള്‍ എത്രയോ വലുതായിരുന്നു.''   (അക്കര്‍മാശി - ശരണ്‍കുമാര്‍ ലിംബാളെ)
രണ്ടു സന്ദര്‍ഭങ്ങളും താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
സ്‌കൂള്‍കുട്ടിയായ എസ്. കെ. പൊറ്റെക്കാട്ട് എഴുതിയ കത്തുകള്‍ അമ്മയെ മറന്ന ഒരു മകന്റെ മനസ്സില്‍ പശ്ചാത്താപമുണ്ടാക്കി. മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കത്തക്കവിധത്തില്‍  എഴുതാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞതും അത് അംഗീകരിക്കപ്പെട്ടതുമാണ് പൊറ്റെക്കാട്ടിനെ സന്തോഷിപ്പിച്ചത്. തന്റെ കഴിവ് അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷമാണത്. കളവു കാണിക്കാനുള്ള അവസരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും നടുവില്‍നിന്ന് സത്യസന്ധതയെ മുറുകെ പിടിച്ചതിനുള്ള അംഗീകാരമാണ് ലിംബാളെയ്ക്ക് ലഭിച്ചത്. ലിംബാളെയുടെ സ്വഭാവമഹിമയാണ് അവിടെ അംഗീകരിക്കപ്പെട്ടത്. എസ്. കെ. പൊറ്റെക്കാട്ടിനും ശരണ്‍കുമാര്‍ ലിംബാളെയ്ക്കും സ്‌കൂള്‍ ജീവിതകാലത്താണ് ഈ അംഗീകാരം കിട്ടിയത്. അത് അവരുടെ ജീവിതത്തെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രചോദനമായിത്തീരുകയും ചെയ്തു.
2. ''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്  പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം''
                                        - അക്കിത്തം
ഈ കവിതാഭാഗത്തിന്റെ ആശയം 'ഞാന്‍ കഥാകാരനായ കഥ' എന്ന പാഠഭാഗത്തിന്റെ ആശയവുമായി ബന്ധപ്പെടുത്തി കുറിപ്പ് തയാറാക്കുക.
മറ്റൊരാളുടെ ദുഃഖത്തില്‍ പങ്കുചേരുമ്പോള്‍ മനസ്സില്‍ ആയിരം സൗരമണ്ഡലങ്ങള്‍ പ്രകാശിക്കുന്നതുപോലെ സന്തോഷമനുഭവപ്പെടുമെന്നാണ് കവിതാഭാഗം സൂചിപ്പിക്കുന്നത്. കഷ്ടപ്പെട്ട് വളര്‍ത്തിവലുതാക്കിയ അമ്മയെ മറന്നുകൊണ്ട് ജീവിക്കുന്ന മകന്റെ മനസ്സില്‍ പശ്ചാത്തപമുണ്ടാക്കുവാന്‍ എസ്. കെയുടെ കത്തുകള്‍ക്ക് കഴിഞ്ഞു. വൃദ്ധയായ ഒരമ്മയുടെ അവസാനകാലം കുറച്ചെങ്കിലും സന്തോഷപ്രദമാക്കാന്‍ തനിക്കു കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എസ്. കെയ്ക്ക് സന്തോഷവും അഭിമാനവും തോന്നി. കവിതാഭാഗത്തിന്റെ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനോഭാവംതന്നെയാണ് എസ്. കെ. പൊറ്റെക്കാടിന്റേത്. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആശ്വാസമാവുന്നത് ആഹ്‌ളാദവും സംതൃപ്തിയും തരുന്ന കാര്യങ്ങളാണെന്ന്  കവിതാഭാഗവും പാഠഭാഗവും വ്യക്തമാക്കുന്നു.
3. ഒരു കഥാകൃത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് 'ഞാന്‍ കഥാകാരനായ കഥ' യിലൂടെ എസ്. കെ. പൊറ്റെക്കാട്ട് നല്‍കുന്ന സൂചനകള്‍ ക്രോഡീകരിക്കുക.
ഒരു കഥാകാരന്‍ ആവിഷ്‌കരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ മാത്രമല്ല, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ വൈവിധ്യമാര്‍ന്ന ജീവിതവും കഥകള്‍ക്ക് വിഷയമായിത്തീരാറുണ്ട്. മറ്റുള്ളവര്‍ കടന്നുപോകുന്ന സങ്കീര്‍ണങ്ങളായ  ജീവിതമുഹൂര്‍ത്തങ്ങളും അവര്‍ നേരിടുന്ന  വൈകാരികസംഘര്‍ഷങ്ങളും നിസ്സഹായതയും അതേ തീവ്രതയോടെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് തീര്‍ച്ചയായും കഥാകാരന് ഉണ്ടായിരിക്കണം. ആ അനുഭവങ്ങളെ അതേപടി പകര്‍ത്തിവയ്ക്കുകയല്ല അയാള്‍ ചെയ്യുന്നത്. കലാപരമായ ഔചിത്യത്തോടെ  അവ ക്രമപ്പെടുത്തി അനുയോജ്യമായ വാക്കുകളിലേക്ക് പകര്‍ത്താനുള്ള വൈഭവവും കഥാകാരന് ആവശ്യമാണ്. നിരാലംബയായ ഒരു വൃദ്ധമാതാവിന്റെ സങ്കടങ്ങള്‍ അപ്രകാരം ഉള്‍ക്കൊണ്ട് എസ്. കെ.  എഴുതിയ കത്തുകള്‍ അമ്മയെ മറന്ന് നഗരത്തില്‍  സുഖജീവിതം നയിച്ചിരുന്ന മകന്റെ  മനസ്സിളക്കിയ  കാര്യം അദ്ദേഹം വിവരിക്കുന്നുണ്ട്. 'സരസ്വതീവിലാസം' എന്ന് ലേഖകന്‍ പറയുന്നത് കേവലമായ  ഭാഷാസ്വാധീനത്തെക്കുറിച്ചല്ല. സന്ദര്‍ഭത്തിന്റെ ഗൗരവവും വൈകാരികതീവ്രതയും ശക്തമായി പ്രതിഫലിപ്പിച്ച് വായനക്കാരുടെ ചിന്തകളെ ജ്വലിപ്പിക്കുന്ന അനുഭവം പകരുന്ന ഭാഷയും അവതരണരീതിയുമാണത്. ജന്മസിദ്ധമായ  വാസനയും തീവ്രവും ഏകാഗ്രവുമായ പരിശീലനവും ഇതിന് കൂടിയേ തീരൂ. തന്റെ വാക്കുകള്‍  വായനക്കാരില്‍ ജനിപ്പിക്കുന്ന സന്തോഷവും സംതൃപ്തിയും അനുഭൂതിയുമാണ് കഥാകൃത്തിന് ലഭിക്കുന്ന ഏറ്റവും വിലയേറിയ പ്രതിഫലം.


3 comments: