Thursday, December 19, 2019

കേരളപാഠാവലി (യൂണിറ്റ്-3) : സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

പാഠം 2 : യുദ്ധത്തിന്റെ പരിണാമം
ഭാരതപര്യടനം
കുട്ടികൃഷ്ണമാരാരുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നിരൂപണഗ്രന്ഥമാണ്  'ഭാരതപര്യടനം'. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം  ചെയ്യുന്നതാണ് ഈ കൃതി. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചുകൊണ്ട് അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ മാരാര്‍ ഈ കൃതിയില്‍ തുറന്നുകാണിക്കുന്നു. മഹാഭാരതകഥയെ തികച്ചും മാനുഷികതലത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് മാരാര്‍ നടത്തിയിരിക്കുന്നത്. 
ഭാരതകഥയിലെ ഏറ്റവും നീചവും ഞെട്ടിപ്പിക്കുന്നതുമായ  സന്ദര്‍ഭമാണ് യുദ്ധാനന്തരം അശ്വത്ഥാമാവും  കൂട്ടരും   ചെയ്യുന്ന അരുംകൊലകള്‍. ബീഭത്സമായ ഈ അവസ്ഥ മാരാര്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. ''മനുഷ്യച്ചോരയിലാണ്ട ദ്രൗണിയുടെ വാള്‍പ്പിടി കൈപ്പടത്തോടൊട്ടിപ്പിടിച്ച് ഒന്നായിത്തീര്‍ന്നതുപോലായി. രാത്രി ആളുകളുറങ്ങി എത്രയ്ക്ക് നിശ്ശബ്ദമായ ശിബിരത്തിലേക്കോ താന്‍ കടന്നു ചെന്നത്, ആളുകള്‍ കൊല്ലപ്പെട്ട അത്രയും നിശ്ശബ്ദമായ ശിബിരത്തില്‍നിന്ന് അയാള്‍ പുറത്തേക്കും പോന്നു.'' ഇത്രയും നീചനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായിത്തീര്‍ന്നതോടെ  പകയെന്ന മലിനവികാരം നമ്മുടെ ഹൃദയങ്ങളില്‍ ചിരഞ്ജീവിയായി നിലകൊള്ളുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പാഠം - 3 : ആത്മാവിന്റെ വെളിപാടുകള്‍
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്
ദസ്തയേവ്‌സ്‌കിയുടെ പല രചനകള്‍ക്കും  പശ്ചാത്തലഭൂമികയായ നഗരമാണിത്. 1703-ല്‍  റഷ്യ ഭരിച്ചിരുന്ന 'പീറ്റര്‍ ദ ഗ്രേറ്റ്'  എന്നു പേരായ സാര്‍ ചക്രവര്‍ത്തിയാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്  നഗരം നിര്‍മ്മിച്ചത്.  മോസ്‌കോയില്‍നിന്നു തന്റെ രാജ്യതലസ്ഥാനം അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് മാറ്റി. 1918 വരെ ഈ നഗരം തന്നെയായിരുന്നു റഷ്യയുടെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളുടെ നഗരമെന്ന്  സെന്റ് പീറ്റേവ്‌സ്ബര്‍ഗിനെ വിശേഷിപ്പിക്കുന്നു. സേവാനദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
കുറ്റവും ശിക്ഷയും 
പാഠഭാഗത്തു പരാമര്‍ശിക്കുന്ന ഈ നോവല്‍ ദസ്തയേവ്‌സ്‌കിയുടെ പ്രമുഖ രചനകളിലൊന്നാണ്. 1866-ല്‍ പ്രസിദ്ധീകരിച്ചു. ലോകനോവല്‍ചരിത്രത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായി പരിഗണിക്കുന്ന ഈ നോവല്‍, പഠനാര്‍ഹമായ ഫിലോസഫിക്കല്‍ - സൈക്കോളജിക്കല്‍ നോവലായി വിലയിരുത്തപ്പെടുന്നു.
റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തില്‍ ജീവിതം തള്ളിനീക്കുന്ന റോഡിയോണ്‍ റസ്‌കാള്‍നിക്കോവ്  എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ  ക്രൂരയായ വീട്ടുടമസ്ഥയെ കൊല്ലുന്നതും സൈബീരിയയിലേക്ക് നാടുവിടുന്നതും സ്വയം ശിക്ഷവിധിക്കുന്നതും വഴി മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടുന്നുണ്ട് നോവലിസ്റ്റ്. മനുഷ്യമനസ്സിനെ ഏറ്റവും നന്നായി അപഗ്രഥിക്കുന്ന മനശ്ശാസ്ത്രജ്ഞനാണ് ദസ്തയേവ്‌സ്‌കിയെന്ന വിശേഷണത്തെ ഈ നോവല്‍ ശരിവയ്ക്കുന്നു.സോണിയ, ആര്‍ക്കൈഡി, ദൗനിയ, ദിമിത്രി പ്രോക്കോഫിച്ച് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ലിറ്റററി ജേണലായ The Russian Messenger  എന്ന സാഹിത്യമാസികയിലാണ് ഈ വിശ്രുതകൃതി ആദ്യമായി വെളിച്ചം കണ്ടത്.

No comments:

Post a Comment