1. ''ഇപ്പെരും മാളിന്റെ (ഇപ്പെരുമാളിന്റെ?)
തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു.'' (അമ്മത്തൊട്ടില്‍)
മാളിനെ 'പെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം വിശദമാക്കുക.
വിപണിയാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത്. വലിയ കച്ചവടശാലയാണ് മാള്‍.
പുതിയ കാലത്തിന്റെ ജീവിതരീതിയും വസ്ത്രധാരണവും ഭക്ഷണവുമെല്ലാം
തീരുമാനിക്കുന്നത് മാളുകളാണ്. അവിടെ പണത്തിനാണ്
പരമാധികാരം.
പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഇപ്പോള്‍
മാളുകള്‍ക്കുള്ളത്. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ മാളുകള്‍ക്ക്
കൈവന്നിരിക്കുന്ന അധീശത്വത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് 'പെരുമാള്‍'
എന്ന് കവി പ്രയോഗിച്ചത്.
2. മാറിവരുന്ന സാമൂഹികാവസ്ഥകളുടെ
പ്രതിനിധികളെന്നനിലയില്‍ 'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ മകനെയും
'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ മകനെയും വിലയിരുത്തി കുറിപ്പ്
തയാറാക്കുക.
കഥയിലെ മകനും കവിതയിലെ മകനും അമ്മയുടെ കാര്യത്തില്‍
നിസ്സഹായരാണ്. കഥയില്‍ അമ്മയെ ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്
പോകാന്‍ മടിക്കുന്ന മകനെയാണ് കാണുന്നത്. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന്
എതിരുനില്‍ക്കാനും അയാള്‍ക്കാഗ്രഹമില്ല. എങ്കിലും അമ്മ തന്റെ കൂടെ
നഗരത്തിലേക്ക് വരണമെന്നയാള്‍ ആഗ്രഹിക്കുന്നു. നിര്‍ബന്ധിച്ച് അമ്മയെ
കൊണ്ടുപോകാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ഓര്‍മ്മകളില്‍നിന്ന്
അമ്മയ്ക്കു പെട്ടെന്ന് തിരിച്ചുപോരാനാവില്ലെന്നും അയാള്‍ക്കറിയാം. അമ്മയുടെ
മനസ്സ് മനസ്സിലാക്കുന്ന സ്‌നേഹസമ്പന്നനായ മകനാണ് കഥയിലുള്ളത്. ഭാര്യയുടെ
പഴി കേള്‍ക്കാതിരിക്കാന്‍വേണ്ടി ഓര്‍മ്മയില്ലാത്ത അമ്മയെ
തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മകനെയാണ് 'അമ്മത്തൊട്ടില്‍' എന്ന
കവിതയില്‍ കാണുന്നത്. ജീവിതത്തിന്റെ വിവിധ ദശകളില്‍ അമ്മ നല്‍കിയ
സ്‌നേഹവും കരുതലുമെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ ആ ശ്രമത്തില്‍നിന്ന്
പിന്തിരിയുന്നു. ഭാര്യയുടെ ആഗ്രഹത്തിന് ചെവികൊടുത്തെങ്കിലും അയാള്‍ക്ക്
അമ്മയെ ഉപേക്ഷിക്കാനാവുന്നില്ല. ഉപേക്ഷിക്കാന്‍ കണ്ടെത്തുന്ന
ഇടങ്ങളിലെല്ലാം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അയാളില്‍ കുറ്റബോധം
നിറയ്ക്കുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓര്‍മ്മകള്‍
സൂക്ഷിക്കുന്ന മകനാണയാള്‍. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന
പുത്തന്‍പരിഷ്‌കാരത്തിന് വശപ്പെട്ടുപോകുന്ന ആധുനികകാലത്തിന്റെ പ്രതി
നിധിയായി
അയാളെ കാണാന്‍ കഴിയും. സമൂഹത്തില്‍ കാണാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ
രണ്ടു മനോഭാവങ്ങളുടെ പ്രതിനിധികള്‍തന്നെയാണ് രണ്ട് മക്കളും.
3. ◼ 'നീരറ്റു വറ്റിവരണ്ട കൈച്ചുള്ളികള്‍'
'കണ്ണുകള്‍, മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ്' (അമ്മത്തൊട്ടില്‍)
◼ നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു. ഇന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും കരുത്തില്ല.' (പ്ലാവിലക്കഞ്ഞി)
ആയുസ്സും ആരോഗ്യവും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച രണ്ട്
കഥാപാത്രങ്ങളാണിവര്‍. മക്കള്‍ക്കു തുണയായിത്തീരുന്നത് ഇതുപോലുള്ളവരുടെ
ജീവിതമാണ്. വിശകലനംചെയ്ത് ലഘു ഉപന്യാസം തയാറാക്കുക.
സമ്പത്തും ആഭിജാത്യവുമല്ല, സ്‌നേഹമാണ് ഒരു കുടുംബത്തെ
കുടുംബമാക്കുന്നത്. മാതാപിതാക്കളും മക്കളും സ്‌നേഹത്തോടെ ഒന്നിക്കുന്ന
ഇടമാണ് യഥാര്‍ഥ കുടുംബം. സ്‌നേഹമില്ലാത്ത കുടുംബങ്ങള്‍ വെറും സത്രങ്ങള്‍
മാത്രമാണ്. അവ സമൂഹത്തിന്റെ ശൈഥില്യത്തിന് കാരണമായിത്തീരുകയും ചെയ്യും.
'പ്ലാവിലക്കഞ്ഞി' എന്ന നോവല്‍ഭാഗത്ത് കടന്നുവരുന്ന കഥാപാത്രങ്ങളായ
കോരനും ചിരുതയും കോരന്റെ അപ്പനുമെല്ലാം തീരെ ദരിദ്രരാണെങ്കിലും
സ്‌നേഹത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നരാണ്. വയലില്‍ കഠിനമായി
പണിയെടുത്ത് ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ച കര്‍ഷകത്തൊഴിലാളിയാണ്
കോരന്റെ അപ്പന്‍. ചിരുതയെ വിവാഹം കഴിച്ചതോടെ അപ്പനുമായി തെറ്റിപ്പിരിഞ്ഞ്
മറ്റൊരു നാട്ടില്‍ താമസിക്കുകയായിരുന്നു കോരന്‍. നാളുകള്‍ കഴിഞ്ഞപ്പോള്‍
വാര്‍ധക്യവും പട്ടിണിയും ശോഷിപ്പിച്ച ശരീരവുമായി അപ്പന്‍ മകനെ തേടിവന്നു.
കണ്ട നിമിഷത്തില്‍ത്തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. കോരന്റെ മനസ്സില്‍
കുറ്റബോധം തിങ്ങിനിറഞ്ഞു. അപ്പന് വയറു നിറച്ച് ഒരുനേരമെങ്കിലും ചോറു
കൊടുക്കണമെന്നു മാത്രമായിരുന്നു പിന്നീട് കോരന്റെ മനസ്സിലെ ചിന്ത. തന്റെ
അധ്വാനം കൊണ്ട് സമ്പന്നരായവരാരും തിരിഞ്ഞുനോക്കാതിരുന്നപ്പോഴും അപ്പന്
വിശ്വാസത്തോടെ കയറിവരാനുള്ള ഇടം മകന്റെ വീടുമാത്രമായിരുന്നു.
മകനെ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ഒരു അമ്മ തന്റെ ജീവിതം ഹോമിച്ചതിന്റെ
അടയാളങ്ങളാണ് ചുള്ളിക്കമ്പുപോലെ ശോഷിച്ച കൈത്തണ്ടകളും മങ്ങിപ്പഴകി
പിഞ്ഞാണവര്‍ണമായ കണ്ണുകളും. 'അമ്മത്തൊട്ടില്‍' എന്ന കവിതയിലെ അമ്മയുടെ
രൂപമാണിത്. പ്രായാധിക്യത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ ഭാര്യയുടെ
നിര്‍ബന്ധത്തിനു വഴങ്ങി തെരുവിലുപേക്ഷിക്കാന്‍ പുറപ്പെടുകയാണ് മകന്‍.
ആശുപത്രിവരാന്തയിലും വിദ്യാലയവുമുള്‍പ്പെടെ അമ്മയെ ഇറക്കിവിടാന്‍
കണ്ടെത്തിയ ഇടങ്ങളിലെല്ലാം അമ്മയുടെ സ്‌നേഹത്തിന്റെ ചൂട് അനുഭവിച്ചതിന്റെ
ഓര്‍മ്മകള്‍ അയാളെ അതില്‍നിന്നും തടഞ്ഞുനിര്‍ത്തി. ബാല്യത്തില്‍ അമ്മ
വാരിക്കോരി നല്‍കിയ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് ഒരു മഹാപാതകം
ചെയ്യുന്നതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചത്.
സ്‌നേഹസമ്പന്നരായ മാതാപിതാക്കളുടെ ജീവിതം കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായി മാറും.
'പ്ലാവിലക്കഞ്ഞി'യിലെ അപ്പനും 'അമ്മത്തൊട്ടിലി'ലെ അമ്മയുമെല്ലാം
മാതൃകാപരമായി ജീവിച്ചവരാണ്. സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍
കുഞ്ഞുങ്ങളുടെ മനസ്സില്‍ നിക്ഷേപിക്കുന്നത് നന്മയുടെ വിത്തുകളാണ്.
4.
എല്ലാ പരിമിതികളെയും സ്‌നേഹംകൊണ്ട് മറികടക്കാനാവും. അതിലൂടെ മാത്രമേ
ആരോഗ്യകരമായ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കെട്ടിപ്പടുക്കാനാവൂ.
'ജീവിതം പടര്‍ത്തുന്ന വേരുകള്‍' എന്ന യൂണിറ്റിലൂടെ നിങ്ങള്‍ പരിചയപ്പെട്ട
സാഹിത്യരചനകളുടെ വെളിച്ചത്തില്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട്
ഉപന്യാസം തയാറാക്കുക.
സ്‌നേഹമാണഖിലസാരമൂഴിയില്‍...!
മനുഷ്യസമൂഹം നിലനില്‍ക്കുന്നത് സ്‌നേഹമെന്ന മാന്ത്രികച്ചരടിലാണ്. സമൂഹം
ഏകമനസ്സോടെ നേരിട്ടാല്‍ ഏതു പ്രതിസന്ധിയെയും അനായാസം കീഴടക്കാന്‍ കഴിയും.
കുടുംബങ്ങളുടെ അടിത്തറ ഉറപ്പിക്കേണ്ടത് സ്‌നേഹത്തിലാണ്. ജീവിതത്തിന്റെ
വേരുകള്‍ മനുഷ്യരില്‍ മാത്രമല്ല, പ്രകൃതിയിലും ചരാചരങ്ങളിലും
ആഴ്ന്നിറങ്ങിയിരിക്കുന്നു.
തകഴിയുടെ 'പ്ലാവിലക്കഞ്ഞി,' യു.
കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്,' റഫീക്ക് അഹമ്മദിന്റെ
'അമ്മത്തൊട്ടില്‍' എന്നീ രചനകളാണ് ഈ യൂണിറ്റിലുള്ളത്. ഇവയിലെല്ലാം
അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത് സ്‌നേഹംതന്നെയാണ്.
പട്ടിണികിടന്നുകൊണ്ടാണ് 'രണ്ടിടങ്ങഴി'യിലെ നായികയായ ചിരുത, ഭര്‍ത്താവായ
കോരനും കോരന്റെ അപ്പനും ഭക്ഷണം നല്‍കുന്നത്. മരണം കൊണ്ടുപോയ ഭര്‍ത്താവിന്റെ
സ്‌നേഹസാന്നിധ്യം വീട്ടിലും പറമ്പിലും കൃഷിയിടത്തിലും അനുഭവിച്ചറിയുന്ന
ഭാര്യയെയാണ് യു. കെ. കുമാരന്റെ 'ഓരോ വിളിയും കാത്ത്' എന്ന കഥയില്‍
അവതരിപ്പിച്ചിട്ടുള്ളത്. വീടും പുരയിടവും വിട്ട് അവര്‍ക്ക് ഒരിടത്തേക്കും
പോകാനാവില്ല. അമ്മയെ തെരുവിലുപേക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട്
പരാജിതനാവുന്ന മകന്റെ ചിന്തകളാണ് 'അമ്മത്തൊട്ടില്‍' എന്ന കവിത.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ സ്‌നേഹവും പരിചരണവും
ഓര്‍ത്തപ്പോള്‍ മകന് കുറ്റബോധത്തോടെ പിന്തിരിയേണ്ടിവന്നു.
സ്‌നേഹബന്ധങ്ങളുടെ കരുത്തിലാണ് കുടുംബവും സമൂഹവും
കെട്ടിപ്പടുക്കേണ്ടത്. ഇന്ന് നാമനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു
കാരണം സ്‌നേഹമില്ലായ്മതന്നെയാണ്. പ്രകൃതിയും ജീവജാലങ്ങളും
മനുഷ്യര്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന ധാരണയിലാണ് ഇന്നു
മനുഷ്യര്‍ ജീവിക്കുന്നത്. സംഘര്‍ഷങ്ങളും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും
മാറാരോഗങ്ങളും ഇത്രയേറെ പെരുകിയത് ഈ ചിന്താഗതിയുടെ ഫലമാണ്.
പിഴവുകള്‍ തിരുത്തി സ്‌നേഹത്തിന്റെ വഴിയിലൂടെ മുന്നേറിയാല്‍ മാത്രമേ ഇനിയുമൊരു തലമുറയ്ക്ക് ഇവിടെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ.
Thursday, July 14, 2022
അമ്മത്തൊട്ടില്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)
ഓരോ വിളിയും കാത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)
1. അമ്മയില്‍നിന്ന് എന്തെങ്കിലുമൊന്ന് കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവത്തിന്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നാനുള്ള കാരണമെന്താണ്?
സാധാരണഗതിയില്‍ അച്ഛന്‍ പറയുന്നത് അതേപടി അനുസരിക്കുക എന്ന രീതിയാണ് അമ്മ പിന്തുടര്‍ന്നിരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമ്മ അല്‍പ്പം താമസിച്ചാല്‍ അച്ഛന്‍ പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോള്‍ അമ്മ എന്തെങ്കിലും മറുത്തുപറഞ്ഞെന്നിരിക്കും. അമ്മ സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവുകയും ചെയ്യും. അമ്മയില്‍നിന്നും പ്രതികരണം ലഭിക്കാന്‍ വേണ്ടിത്തന്നെയാണ് അച്ഛന്‍ പരിഭവിച്ചിരുന്നത്. അമ്മയുടെ ഉള്ളില്‍ തിങ്ങിനില്‍ക്കുന്ന പരിഭവം തുറന്നുപറയാനുള്ള അവസരം ഒരുക്കുകയായിരുന്നിരിക്കണം അച്ഛന്‍. അതുകൊണ്ടാണ് അമ്മയില്‍നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍വേണ്ടിയാണ് അച്ഛന്‍ പരിഭവിക്കുന്നതെന്ന് മകന് തോന്നിയത്.
2. ''പൊരുളില്ലാത്ത സംസാരമെന്ന് ആദ്യം തോന്നാം. പക്ഷേ, ചെന്നു നോക്കുമ്പോള്‍ അറിയാം, മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന്.''
അച്ഛന്റെ അഭാവത്തിലാണ് അച്ഛനെക്കുറിച്ചുള്ള ശരിയായ ധാരണ മകന് കൈവരുന്നത്. കുടുംബാംഗങ്ങള്‍ പരസ്പരം തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ നഷ്ടം ഈ കഥാസന്ദര്‍ഭം എത്രമാത്രം വ്യക്തമാക്കുന്നുണ്ട്? കണ്ടെത്തിയെഴുതുക.''
ആശയവിനിമയസാധ്യതകള്‍ ഏറ്റവും വികസിച്ചിട്ടുള്ള കാലമാണിത്. എന്നാല്‍ മനുഷ്യമനസ്സുകള്‍ തമ്മില്‍ ഇത്രയധികം അകന്നുപോയ മറ്റൊരു കാലമില്ല. കൂടെയുള്ളവര്‍ മരിച്ചുകഴിയുമ്പോഴാണ് അവര്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരും ആശ്വാസം പകരുന്നവരുമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. അച്ഛന്‍ ആരോഗ്യത്തോടെയിരുന്നപ്പോള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ മകന് കഴിഞ്ഞിരുന്നില്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കട്ടിലില്‍ കിടന്നുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് ചിന്തിച്ചില്ല. എന്നാല്‍ അവയെല്ലാം സത്യമായിരുന്നുവെന്ന് അനുഭവം പഠിപ്പിച്ചു. വേര്‍പിരിയുമ്പോള്‍ മാത്രമേ കൂടെക്കഴിയുന്നവരുടെ ശരിയായ മഹത്ത്വവും വിലയും തിരിച്ചറിയുകയുള്ളൂ എന്ന സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കഥാഭാഗമാണിത്.
3. ◾ ''അത്ര വിഷമം തോന്നിയാലേ അമ്മ മറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അച്ഛന്‍ നിശ്ശബ്ദനാവും.''
◾ ''അതോര്‍ത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നീട്ടില്ല.''
◾ ''ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛന്‍ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാല്‍...''
മുകളില്‍ കൊടുത്തിട്ടുള്ള സംഭാഷണഭാഗങ്ങളും കഥയിലെ മറ്റ് സന്ദര്‍ഭങ്ങളും പരിഗണിച്ച് അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പ് തയാറാക്കുക.
'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മ. കഥയിലുടനീളം അമ്മ സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നു. മകന്റെ കണ്ണുകളിലൂടെയാണ് അമ്മയെ നാം കാണുന്നത്.
കിടപ്പുരോഗിയായ അച്ഛന്റെ ഓരോ വിളിയും കേട്ട് തിടുക്കപ്പെട്ട് ഓടിയെത്തുന്ന അമ്മ - ഇടയ്‌ക്കെല്ലാം അച്ഛനോട് പരിഭവിക്കുന്ന അമ്മ- അച്ഛന്റെ മരണശേഷം സദാസമയവും വീട്ടില്‍ അച്ഛന്റെ സാന്നിധ്യം അനുഭവിച്ചറിയുന്ന അമ്മ - ഓര്‍മ്മകളുടെ ആ സാന്നിധ്യം ഉപേക്ഷിച്ച് വീടുവിട്ടു പോകാന്‍ കഴിയാതെ മകന്റെ ക്ഷണം നിരസിക്കുന്ന അമ്മ- ഇങ്ങനെ നോക്കുമ്പോള്‍ അമ്മയെക്കുറിച്ചുള്ള കഥയാണ്. 'ഓരോ വിളിയും കാത്ത്'.
പ്രായം ഏറെയായി. ആരോഗ്യവും അത്ര നല്ല നിലയിലല്ല. എന്നിട്ടും കിടപ്പിലായ ഭര്‍ത്താവിന്റെ ഓരോ വിളിക്കും അമ്മ ഓടിയെത്തുന്നു.അത് കടമയെന്ന നിലയ്ക്കല്ല, ആഴമേറിയ ഒരു ബന്ധത്തിന്റെ പ്രതിഫലനമായിട്ടായിരുന്നു അത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ മരണശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം അവരനുഭവിക്കുന്നത്. അച്ഛന്റെ മരണം അമ്മയ്ക്ക് മനസ്സുകൊണ്ടു അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'തലേന്നുംകൂടി അദ്ദേഹം വിളിച്ചിരുന്നു' എന്ന് മകനോട് പറയുന്നത്. മരണവിവരം അറിയാത്ത പരിചയക്കാര്‍ ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം പോയി എന്ന് പറയുന്നതുപോലും അദ്ദേഹം പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ്.
ആ വലിയ വീട്ടില്‍ അമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതില്‍ മകന് വിഷമമുണ്ടെന്നകാര്യം അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല. അച്ഛന്റെ ഓര്‍മ്മകളുപേക്ഷിച്ച് ആ വീടിന്റെ പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ അമ്മയ്ക്ക് കഴിയാത്തതുകൊണ്ടാണ് കൂടെച്ചെല്ലാത്തത്. ഇത്രയുംകാലം അച്ഛനോടൊപ്പം കഴിഞ്ഞ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് അമ്മയെ കൊണ്ടുപോകാനുള്ള മനസ്സ് മകനില്ലതാനും. അമ്മയോടുള്ള മകന്റെ സ്‌നേഹത്തിനും ബഹുമാനത്തിനും അല്‍പ്പം
പോലും ഇടിവുണ്ടാവുന്നില്ല. സ്‌നേഹബന്ധത്തിന്റെ ആഴമറിയുന്ന സ്ത്രീയുടെ മനസ്സ് നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് ഈ കഥയിലെ അമ്മ.
വിശ്വരൂപം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)
1. ഭാരതസ്ത്രീകള്‍ സംതൃപ്തരായിരുന്നു എന്ന് ഡോ. തലത്ത് അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ്?
കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരായിരുന്നു ഭാരതസ്ത്രീകള്‍. അതിലൂടെയാണവര്‍ സംതൃപ്തി നേടിയിരുന്നത്. സത്യത്തില്‍ കൊടുക്കുവാന്‍ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നുള്ളൂ. സ്‌നേഹത്തിന്റെ വഴിയാ
ണത്. അതിലൂടെ അവര്‍ എല്ലാം നേടിയെടുത്തു. അവര്‍ എപ്പോഴും സംതൃപ്തരായിരുന്നത് അതുകൊണ്ടാണെന്നാണ് ഡോ. തലത്ത് അഭിപ്രായപ്പെട്ടത്.
2. 'വിശ്വരൂപം' എന്ന ശീര്‍ഷകം കഥയ്ക്ക് എത്രമാത്രം യോജിച്ചതാണ്? കഥാസന്ദര്‍ഭങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
സ്ത്രീയുടെ യഥാര്‍ഥ രൂപം അമ്മയുടേതാണ്. കാരണം അമ്മയുടെ സ്ഥാനത്ത് എത്തുമ്പോഴാണ് ഏതു സ്ത്രീയും പൂര്‍ണത കൈവരിക്കുന്നത്. മിസ്സിസ് തലത്ത്, മാഡം തലത്ത് എന്നീ സ്ഥാനങ്ങള്‍ ചില സാഹചര്യങ്ങളില്‍ താഴത്തു കുഞ്ഞുക്കുട്ടിയമ്മയ്ക്ക് അഭിനയിക്കേണ്ടിവന്ന ചില വേഷങ്ങള്‍ മാത്രമാണ്. താഴത്തു കുഞ്ഞുക്കുട്ടിയമ്മ എന്ന അമ്മയാണ് യഥാര്‍ഥരൂപം. മകനെന്നനിലയില്‍ സുധീറിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കരയുകയും താല്‍പ്പര്യത്തോടെ കാപ്പിയും പലഹാരങ്ങളും കഴിപ്പിക്കുകയും ചെയ്യുന്ന അമ്മയുടെ രൂപമാണത്. കഥയുടെ അവസാനത്തില്‍ മാത്രമാണ് ആ രൂപം പ്രത്യക്ഷപ്പെടുന്നത്. കൗരവ-പാണ്ഡവ യുദ്ധത്തിനുമുമ്പ് അര്‍ജുനന്റെ മുന്നില്‍ ശ്രീകൃഷ്ണന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചതുപോലെയാണ് സുധീറിന്റെ മുന്നില്‍ അവര്‍ തന്റെ യഥാര്‍ഥരൂപം പ്രദര്‍ശിപ്പിച്ചത്. കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ശീര്‍ഷകമാണിത്.
3. ''മിസ്സിസ് തലത്തിനെ അന്വേഷിച്ചുപോയ സുധീര്‍ കണ്ടെത്തിയത് പരാജിതയായ ഒരു അമ്മയെയാണ്'' - ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
സമൂഹത്തിലെ ഉന്നതശ്രേണിയില്‍ വ്യാപരിച്ചിരുന്ന പ്രൗഢയായ മിസ്സിസ് തലത്തിനെ കാണുവാന്‍ വേണ്ടിയാണ് സുധീര്‍ പോയത്. പക്ഷേ, എല്ലാവരാലും പരിത്യജിക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്ന ഒരു അമ്മയെയാണ് സുധീര്‍ അവിടെ കണ്ടത്. സ്വന്തം മക്കളുടെ ഹൃദയത്തില്‍ സ്ഥാനം കിട്ടാത്ത ഒരമ്മയായിരുന്നു മിസ്സിസ് തലത്ത്. കാരണം ഹോസ്റ്റലും ബോര്‍ഡിങ്ങുമായിരുന്നു കുട്ടികളുടെ ലോകം. അവര്‍ സുധീറിന് ഭക്ഷണം വിളമ്പിക്കൊടുത്തു. അവരുടെ വാക്കിലും നോക്കിലുമെല്ലാം സ്‌നേഹം നിറഞ്ഞുതുളുമ്പി. ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ട ഒരമ്മയെയാണ് സുധീര്‍ അവരില്‍ കണ്ടത്.
പാവങ്ങള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)
1. തിരികുറ്റിയുടെ ശബ്ദം കേട്ട് ആളുകള്‍ ഉണരുകയും താന്‍ പിടിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഴാങ് വാല്‍ ഴാങ്ങിനെ നോവലിസ്റ്റ് ആവിഷ്‌കരിച്ചിരിക്കുന്നതെങ്ങനെ?
വാതില്‍ തുറക്കുന്നതിനുവേണ്ടി ബലം പ്രയോഗിച്ചപ്പോള്‍ ഒരു തിരികുറ്റി ഉണ്ടാക്കിയ ശബ്ദം കേട്ട് ഴാങ് വാല്‍ ഴാങ് വിറയ്ക്കുകയും പരിഭ്രമിക്കുകയും ചെയ്തു. കുറച്ചിട അനങ്ങാതെ നിന്നുപോയി. കാല്‍പ്പെരുവിരലുകളുടെ തുമ്പത്തുനിന്ന് മടമ്പുകളിലേക്ക് പിന്നോക്കം വീഴുകയും ചെയ്തു. രണ്ട് ചെന്നിക്കുമുള്ള രക്തനാഡികള്‍ കൊല്ലന്റെ രണ്ടു കൂടങ്ങള്‍പോലെ ആഞ്ഞടിക്കുന്നതും അയാള്‍ കേട്ടു. ഒരു ഗുഹയില്‍നിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തില്‍നിന്ന് ശ്വാസാവേഗം തള്ളിവരികയും ചെയ്തു.
2. മുറിയുടെ വാതില്‍ തള്ളിത്തുറക്കുമ്പോഴുണ്ടായ തിരികുറ്റിയുടെ ശബ്ദം ഴാങ് വാല്‍ ഴാങ്ങില്‍ എന്തെല്ലാം ചിന്തകളാണ് ഉണ്ടാക്കിയത്?
തിരികുറ്റിയുടെ ശബ്ദം നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളിയായാണ് ഴാങ് വാല്‍ ഴാങ്ങിന് അനുഭവപ്പെട്ടത്. പരലോകത്തുവച്ച് ഇഹലോകകര്‍മ്മങ്ങളെ വിചാരണയ്‌ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദമായും തിരികുറ്റിയുടെ ശബ്ദം അയാള്‍ക്ക് തോന്നി. ആ തിരികുറ്റി പെട്ടെന്ന് ജീവന്‍
പൂണ്ടതായും അതുപെട്ടെന്ന് ഒരു ഭയങ്കരജീവിതം കൈക്കൊണ്ട,് ഒരു നായയെപ്പോലെ എല്ലാവരെയും എഴുന്നേല്‍പ്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി കുരയ്ക്കുന്നതായും അയാള്‍ക്ക് തോന്നി.
3. ''എന്റെ സ്‌നേഹിതാ. ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരികയും പോവുകയും ചെയ്യാം.''
◾ ഒരു സത്യവാനായിരിക്കുവാന്‍ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.''
മെത്രാന്‍ ബിയാങ്‌വെന്യൂവിന്റെ മനോഭാവം പുതിയ തലമുറയ്ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കുറിപ്പ് തയാറാക്കുക.
ഴാങ് വാല്‍ ഴാങ് സ്വീകരിച്ചത് കളവിന്റെയും വഞ്ചനയുടെയും വഴിയാണ്. തന്നെ മറ്റാരും കാണാതിരിക്കുന്നതിനുവേണ്ടിയാണ് തോട്ടത്തിലൂടെ അയാള്‍ കടന്നുപോയത്. സത്യസന്ധതയോടെ ജീവിച്ചാല്‍ നേരായ വഴിയിലൂടെ ആരെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴും അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോഴും അവരെ സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കലവറയില്ലാതെ പകരുന്ന നിസ്വാര്‍ഥസ്‌നേഹം മാത്രമേ ഒരാളില്‍ മാനസികപരിവര്‍ത്തനം വരുത്തുവാന്‍ കഴിയുകയുള്ളൂ എന്ന മഹത്തായ സന്ദേശമാണ് മെത്രാന്റെ വാക്കുകളും പ്രവൃത്തികളും ലോകത്തിനു നല്‍കുന്നത്.
4. വെള്ളിസ്സാമാനങ്ങള്‍ കട്ടെടുത്ത തനിക്ക് വെള്ളിമെഴുതിരിക്കാലുകള്‍ കൂടി മെത്രാന്‍ എടുത്തുനല്‍കിയപ്പോള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ പ്രതികരണമെന്തായിരുന്നു?
കട്ടെടുത്ത വെള്ളിസ്സാമാനങ്ങളുമായി ഴാങ് വാല്‍ ഴാങ്ങിനെ പോലീസുകാര്‍ കൊണ്ടുവന്നപ്പോള്‍ മെത്രാന്‍ ചോദിച്ചത് ഈ വെള്ളിസ്സാമാനങ്ങളോടൊപ്പം താങ്കള്‍ക്കു തന്ന വെള്ളിമെഴുതിരിക്കാലുകള്‍ എന്തുകൊണ്ടാണ് കൊണ്ടു
പോകാതിരുന്നതെന്നായിരുന്നു. മെത്രാന്റെ ചോദ്യം വിശ്വസിക്കാനാവാതെ പരിഭ്രമത്തോടെ അയാള്‍ മെത്രാനെ തുറിച്ചുനോക്കി. കളവുമുതലിനോടൊപ്പം പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വെറുതെവിട്ടത് ഴാങ്ങിനെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. കാരണം വെറും ഒരു റൊട്ടി മോഷ്ടിച്ചതിന് പത്തൊമ്പതുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട വന്നയാളാണ് ഴാങ്. മെത്രാന്‍ വീടിനുള്ളില്‍നിന്ന് എടുത്തുകൊണ്ടുവന്ന മെഴുതിരിക്കാലുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ ഴാങ്ങിന്റെ ഓരോ ഭാഗവും വിറച്ചിരുന്നു. ഒരു പാവയുടെ മാതിരിയാണ് അയാള്‍ അവ മെത്രാന്റെ കൈയില്‍നിന്ന് വാങ്ങിയത്.
Thursday, July 7, 2022
വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)
1. ഇലവുമരത്തിന്റെ ഒരു ഫോട്ടോയെടുത്ത് അയച്ചുതരണമെന്ന് ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തെഴുതാന്‍ കാരണമെന്ത്?
ബിലാത്തിക്കു പോകുന്നതിനു മുമ്പായി വല്യമ്മയുടെ അടുത്തുവന്ന് യാത്ര ചോദിക്കണമെന്ന് ബാലചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട ഇലവുമരത്തെ ഒന്നു കാണണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. രണ്ടും നടന്നില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരനായ ഇലവുമരത്തിന്റെ ഫോട്ടോയെടുത്ത് അയയ്ക്കണമെന്ന് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടത്. അതുകൂടി അവന് ബിലാത്തിക്കു കൊണ്ടുപോകാനാണ്.
2. 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്ന തിരിച്ചറിവെന്ത്?
കേവലം ഒരു മരം വെട്ടുന്നതിനപ്പുറം വലിയ തിരിച്ചറിവുകളാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്നത്. കുട്ടിക്കാലം മുതലേ മരങ്ങളെ സ്‌നേഹിച്ചവനാണ് ഈ കഥയിലെ ബാലചന്ദ്രന്‍. നാടുവിട്ടുപോയിട്ടും താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തോടുള്ള അവന്റെ സ്‌നേഹം നഷ്ടമായില്ല ബാലചന്ദ്രനെപ്പോലെ നാമെല്ലാവരും മരങ്ങളെയും ചെടികളെയും സ്‌നേഹിക്കണം. അവയെ പരിപാലിക്കണം. അതിലൂടെ പ്രകൃതിയെയാണ് നാം സ്‌നേഹിക്കുന്നത്. പ്രകൃതിയിലെ ഓരോന്നിനെയും സ്‌നേഹിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.
പാത്തുമ്മായുടെ ആട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)
1. ''പാത്തുക്കുട്ടി, ലൈലാ, സൈദുമുഹമ്മദ് എന്നിവരോടു രഹസ്യം പാലിക്കാന്‍ പറഞ്ഞു.'' (പാത്തുമ്മായുടെ ആട്)
എന്തു രഹസ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്?
അബിയുടെ ഹാഫ്ട്രൗസറിന്റെ പോക്കറ്റില്‍ വെള്ളപ്പം ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരെണ്ണത്തിന്റെ കുറേഭാഗം അവന്‍ പാത്തുമ്മായുടെ ആടിനു കൊടുത്തു. ബാക്കി മുന്‍വശത്തു തിരുകിയിട്ട് ആടിന്റെ മുമ്പില്‍ ചെന്നുനിന്ന് തിന്നാന്‍ പറഞ്ഞു. ആട് അപ്പവും ഹാഫ്ട്രൗസറിന്റെ മുന്‍വശവും തിന്നു. ബാക്കിയുള്ളതിനുകൂടി ആട് പിടികൂടിയപ്പോള്‍ ബഹളം കേട്ടെത്തിയ ബഷീര്‍ അബിയെ ആടിന്റെ പിടിയില്‍നിന്നും രക്ഷിച്ചു. ഈ വിവരം ബാപ്പ അറിഞ്ഞാല്‍ അവനെ തല്ലുമെന്ന് അബി പറഞ്ഞു. എന്നാല്‍ ഈ വിവരം ആരും പറയുകയില്ലെന്നു പറഞ്ഞ് ബഷീര്‍ അബിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടിലെ മറ്റു കുട്ടികളോട് ഈ കാര്യം രഹസ്യമായി വയ്ക്കാനും ബഷീര്‍ ഉപദേശിച്ചു.
മലയാളനാടേ, ജയിച്ചാലും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)
1. ''കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
കവികോകിലങ്ങള്‍ പറന്നു പാടി!
അവിരളോന്മാദം തരുന്നു ഞങ്ങള്‍-
ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍''
ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നതെന്താണ്?
ഹൃദയഹാരിയായ മലയാളനാടിന്റെ കളിത്തോപ്പില്‍ എത്രയോ കവികോകിലങ്ങളാണ് (കവികളാകുന്ന കുയിലുകള്‍)
പാറിപ്പറന്നു പാടിയിരിക്കുന്നത്. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ അതിരറ്റ ആഹ്ലാദമാണ് ഞങ്ങള്‍ക്കു നല്‍കിയത്. മലയാളത്തിലെ കവിശ്രേഷ്ഠരെക്കുറിച്ചും അവരുടെ മാധുര്യമൂറുന്ന കാവ്യങ്ങളെക്കുറിച്ചുമാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
2. ''മണിമുകില്‍വര്‍ണനെ വാഴ്ത്തിവാഴ്ത്തി
മതിമാന്‍ ചെറുശ്ശേരി പാട്ടുപാടി''
ചെറുശ്ശേരിയുടെ ഏതു കാവ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്? ആ കാവ്യത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. ലാളിത്യവും മാധുര്യവുമാണ് ഈ കാവ്യത്തിന്റെ പ്രത്യേകത. മണിമുകില്‍വര്‍ണനായ ശ്രീകൃഷ്ണനെയാണ് ഈ കാവ്യത്തില്‍ വാഴ്ത്തുന്നത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള അദ്ഭുതകഥകള്‍ പറയുന്ന ഭാഗവതം ദശമസ്‌കന്ധത്തെ ഉപജീവിച്ചെഴുതിയതാണ് 'കൃഷ്ണഗാഥ'. മലയാളത്തിന്റെ പ്രത്യേകതകള്‍ ഒത്തിണങ്ങിയ കാവ്യമാണിത്.
ഊഞ്ഞാല്‍പ്പാട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1. ''ഉണ്ണിമോഹങ്ങള്‍ തുള്ളിക്കളിക്കും
മണ്ണിലെ നറുംകൗതുകത്തിന്റെ
ഉള്ളിനുള്ളിലെ തേന്‍തുള്ളിയായ് ഞാ-
നൂറിനില്‍ക്കുന്നൊരു ഞൊടിനേരം''
-കാവ്യഭംഗി വിശദീകരിക്കുക.
ഉണ്ണിമോഹങ്ങള്‍ തുള്ളിക്കള്ളിക്കുന്ന മണ്ണിലെ നറുംകൗതുകത്തിന്റെ ഉള്ളിനുള്ളിലെ തേന്‍തുള്ളിയായി ഞൊടിനേരം ഞാനൂറിനില്‍ക്കുന്നുവെന്നാണ് കവി പറയുന്നത്. അതിമനോഹരമായ കല്‍പ്പനയാണിത്. സുന്ദരമായ പദപ്രയോഗങ്ങളും അക്ഷരങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ശബ്ദഭംഗിയും ഈ കാവ്യഭാഗത്തെ മനോഹരമാക്കുന്നു. ഇത്തരം സുന്ദരമായ പദപ്രയോഗങ്ങള്‍ കവിതയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.
2. ''താമരത്തണ്ടെറിഞ്ഞു കുനിച്ചു
നെറ്റിയില്‍ നീറിനില്‍ക്കുമഴുക്കി-
ന്നിറ്റുകള്‍ കുഞ്ഞിച്ചുണ്ടാല്‍ തുടപ്പൂ.
ചെറ്റകന്നു നിറഞ്ഞു തുളുമ്പി
നില്‍ക്കയാണൊരു പ്രാര്‍ഥനാനാളം.''
നിങ്ങള്‍ പരിചയപ്പെട്ട 'ഊഞ്ഞാല്‍പ്പാട്ട്' എന്ന കവിതയിലെ വരികളാണിത്. വാക്കുകള്‍കൊണ്ട് കടമ്മനിട്ട വരച്ച ചിത്രത്തില്‍നിന്നും സ്‌നേഹത്തിന്റെ ഒത്തിരി നിമിഷങ്ങളെ നമുക്ക് വായിച്ചെടുക്കാനാവുന്നുണ്ടല്ലോ...സ്‌നേഹത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന മുഹൂര്‍ത്തവുമാണവ. ഈ ആശയങ്ങളെ മുന്‍നിര്‍ത്തി സ്വന്തം കാഴ്ചപ്പാടുമുള്‍പ്പെടുത്തി മുകളില്‍ കൊടുത്തിട്ടുള്ള വരികളിലെ ആശയത്തെ വിശകലനം ചെയ്യുക.
അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെട്ട ഒരു കൊച്ചുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണമായ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് കടമ്മനിട്ട രാമകൃഷ്ണന്റെ 'ഊഞ്ഞാല്‍പ്പാട്ട്'. ജോലി കഴിഞ്ഞ് വിയര്‍ത്തുകുളിച്ച് വീട്ടിലെത്തുന്ന അച്ഛനെക്കണ്ട് മക്കള്‍ ഓടിയെത്തുന്നു. മകള്‍ തന്റെ താമരത്തണ്ടുപോലെ മനോഹരമായ കൈകള്‍കൊണ്ട് അച്ഛനെ കുനിച്ചുനിര്‍ത്തി അച്ഛന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തന്റെ കുഞ്ഞുചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുക്കുന്നു. ഇതുകണ്ട് പ്രാര്‍ഥനാളംപോലെ അമ്മ അരികില്‍തെന്ന നില്‍ക്കുന്നു.
ഈ കുടുംബത്തിന്റെ സ്‌നേഹനിമിഷങ്ങള്‍ കാണുമ്പോള്‍ വായനക്കാരുടെ മനസ്സിലും ഒട്ടേറെ സ്‌നേഹാനുഭവങ്ങള്‍ ഉണരുന്നു. ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായവരാണ് നാമെല്ലാവരും. അതിനാല്‍ത്തന്നെ അച്ഛനോടുള്ള കുട്ടികളുടെ സ്‌നേഹപ്രകടനങ്ങള്‍ വായനക്കാരിലും സ്‌നേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ഉണര്‍ത്തുമെന്നത് തീര്‍ച്ചയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ട്. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും കാരണം. അതിനാല്‍ കുടുംബങ്ങളിലുണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നാമോരോരുത്തരും ശ്രമിക്കണം.
Tuesday, July 5, 2022
ഓടയില്‍നിന്ന് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
1. 'വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു.' ഈ പ്രസ്താവന 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക.
വാക്കുപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് പപ്പു. തന്റെ റിക്ഷായില്‍ കയറിയ യാത്രക്കാരനെ നഗരത്തിലെ തിക്കും തിരക്കും വകവയ്ക്കാതെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പപ്പു ശ്രമിക്കുന്നു. ഇതിനിടയില്‍ പപ്പുവിന്റെ റിക്ഷാ തട്ടി ഒരു പെണ്‍കുട്ടി ഓടയില്‍വീഴുന്നു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചതിനുശേഷം പപ്പു കൃത്യസമയത്തുതന്നെ യാത്രക്കാരനെ റെയില്‍വേസ്റ്റേഷനിലെത്തിക്കാന്‍ പോകുന്നു. ഇത് വാക്കുപാലിക്കുന്നതിലുള്ള പപ്പുവിന്റെ ശ്രദ്ധയെ കാണിക്കുന്നു. യാത്രക്കാരനെ ലക്ഷ്യത്തിലെത്തിച്ചശേഷം തന്റെ വണ്ടി തട്ടി വീണ പെണ്‍കുട്ടിയുടെ സമീപത്തേക്ക് പപ്പു തിരിച്ചെത്തുന്നു. അവളുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ക്കുപകരം കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നു. ഈ സംഭവവും വാക്കുപാലിക്കുന്നവനാണ് പപ്പു എന്നതിന്റെ തെളിവാണ്.
2. 'ഓടയില്‍നിന്ന്' എന്ന പാഠഭാഗത്ത് ലക്ഷ്മി എന്ന കഥാപാത്രത്തെ നിങ്ങള്‍ പരിചയപ്പെട്ടല്ലോ. പാഠഭാഗത്തുനിന്ന് നിങ്ങള്‍ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിയുടെ കഥാപാത്രനിരൂപണം തയാറാക്കുക.
ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ് ലക്ഷ്മി. അച്ഛന്‍ മരിച്ചുപോയ അവള്‍ക്ക് അമ്മ മാത്രമേയുള്ളൂ ആശ്രയം. ആഹാരത്തിനുപോലും വകയില്ലാതെ വളരെ കഷ്ടപ്പെട്ടാണ് ലക്ഷ്മിയും അമ്മയും ജീവിക്കുന്നത്. പപ്പുവിന്റെ റിക്ഷാ തട്ടി ലക്ഷ്മി ഓടയില്‍വീഴുമ്പോള്‍ അന്നത്തെ അത്താഴത്തിനുള്ള അരിയാണ് അവളുടെ കൈയില്‍നിന്ന് നഷ്ടപ്പെട്ടത്. താന്‍ ഓടയില്‍ വീണതിനേക്കാളധികം അവളെ വഷമിപ്പിച്ചത് അരി നഷ്ടപ്പെട്ടതുകൊണ്ട് അമ്മ വഴക്കുപറയുമോ എന്ന ഭയമാണ്. ഒരു ചട്ടി പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ അവളെ സംബന്ധിച്ചിടത്തോളം മൂഴക്ക് അരി വളരെ പ്രധാനപ്പെട്ടതാണ്. പപ്പു വാങ്ങിക്കൊടുത്ത പഴം അവള്‍ കഴിക്കാതെ മാറ്റിവയ്ക്കുന്നതും അവളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കാരണം കഠിനമായ വിശപ്പുണ്ടായിട്ടും അവള്‍ അമ്മയെക്കൂടി ഓര്‍ക്കുകയും അമ്മയ്‌ക്കൊപ്പം കഴിക്കാന്‍വേണ്ടി പഴം കരുതിവയ്ക്കുകയും ചെയ്യുന്നു. തന്റെ വിഷമങ്ങള്‍ക്കിടയിലും മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന സ്വഭാവം അവള്‍ക്കുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
അപരിചിതനായ പപ്പുവിനോട് യാതൊരു മടിയുമില്ലാതെയാണ് ചുറുചുറുക്കോടെ നിഷ്‌കളങ്കമായി അവള്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും പ്രസന്നത കൈവിടാത്ത മനസ്സ് അവള്‍ക്കുണ്ടെന്ന് പപ്പുവുമൊത്തുള്ള പൊട്ടിച്ചിരിയിലൂടെ നമുക്കു മനസ്സിലാക്കാം. ആ നിഷ്‌കളങ്കമായ ചിരിയും കൃതജ്ഞത നിറഞ്ഞ നോട്ടവുമാണ് പപ്പുവിന്റെ മനസ്സിനെ സ്വാധീനിച്ചത്. ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്ത അനാഥനായ പപ്പുവിന് ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൊടുക്കാനും ലക്ഷ്മിക്കു കഴിഞ്ഞു.
ഒരു ചിത്രം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)
ത്തമ്മധുരാനനമൊന്നു കണ്ടാല്‍,
അമ്മയ്ക്കു മാത്രമല്ലാര്‍ക്കുമേ ചെന്നെടു-
ത്തുമ്മവച്ചീടുവാന്‍ തോന്നുമല്ലോ!''
വള്ളത്തോള്‍ നാരായണമേനോന്റെ 'ഒരു ചിത്രം' എന്ന കവിതയിലെ വരികള്‍ നിങ്ങള്‍ പരിചയപ്പെട്ടതാണല്ലോ?
ഇതില്‍,
എ. മുഖം എന്ന അര്‍ഥം കിട്ടുന്ന പദം ഏതാണ്?
ബി. ആരുടെ മുഖം കണ്ടാലാണ് ആര്‍ക്കും ഉമ്മവയ്ക്കാന്‍ തോന്നുന്നത്?
സി. വരികളുടെ പ്രയോഗഭംഗി ഉള്‍ച്ചേര്‍ത്ത് ഒരു ലഘുക്കുറിപ്പ് തയാറാക്കുക.
എ. ആനനം
ബി. ഉണ്ണിക്കണ്ണന്റെ
സി. വാക്കുകള്‍കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തവിധം ഓമനത്തം തുളുമ്പുന്ന മുഖമാണ് ഉണ്ണിക്കണ്ണന്റേതെന്ന് കവി പറയുന്നു. അമ്മയ്ക്ക് മാത്രമല്ല, ആ കുഞ്ഞിനെ കാണുന്ന ആര്‍ക്കും അവനെ ഒന്നെടുത്ത് ഉമ്മവയ്ക്കാന്‍ തോന്നും. കവി വാക്കുകള്‍കൊണ്ടാണ് ഉണ്ണിക്കണ്ണനെ വരച്ചിടുന്നത്. അതീവഹൃദ്യവും ലളിതവുമായ ചിത്രീകരണം കവിതയെ കൂടുതല്‍ സുന്ദരമാക്കുന്നു. കൂടാതെ ഉചിതമായ പദപ്രയോഗങ്ങളും കവിതയെ ആകര്‍ഷകമാക്കുന്നുണ്ട്.
കേരളപാഠാവലി (യൂണിറ്റ്-1) :ചിത്രവര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)
പാഠം 1- ഒരു ചിത്രം
വേദങ്ങള്‍
ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയാണ് നാലുവേദങ്ങള്‍.
1. ''ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.'' (രുഗ്മിണീസ്വയംവരം)
2. ''കുറുനരി ലക്ഷം വന്നാലിന്നൊരു
ചെറുപുലിയോടു പിണങ്ങാനെളുതോ?'' (സത്യാസ്വയംവരം)
3. ''പടനായകനൊരു പടയില്‍ത്തോറ്റാല്‍
ഭടജനമെല്ലാം ഓടിയൊളിക്കും.'' (ശീലാതീചരിതം)
4. ''കടിയാപ്പട്ടികള്‍ നിന്നു കുരച്ചാല്‍
വടിയാലൊന്നു തിരിച്ചാല്‍ മണ്ടും.'' (സത്യാസ്വയംവരം)
5. ''വേലികള്‍തന്നേ വിളവു മുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?'' (സ്യമന്തകം)
Monday, July 4, 2022
അടിസ്ഥാനപാഠാവലി (യൂണിറ്റ്-1) : പിന്നെയും പൂക്കുമീ ചില്ലകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)
പാഠം 1 - പുതുവര്‍ഷം
ജീവിത്തിലുടനീളം അമ്മ നല്‍കുന്ന സാന്ത്വനവും പ്രത്യാശയും അടയാളപ്പെടുത്തുന്ന
കവിതയാണ് വിജയലക്ഷ്മിയുടെ 'പുതുവര്‍ഷം'. ഒരു മകന്റെ മാതൃസ്‌നേഹത്തിന്റെ കഥ വായിക്കൂ.
പുണ്ഡരീകന്റെ മാതൃസ്‌നേഹം
മഹാദേവഭക്തനായ
പുണ്ഡരീകന്റെ മാതൃസ്‌നേഹകഥ ഇന്ത്യയില്‍ മുഴുവന്‍ പ്രസിദ്ധി നേടിയതാണ്. കുറേനാളായി ദൈവത്തിന് പുണ്ഡരീകന്റെ സാന്നിധ്യം
അനുഭവപ്പെട്ടില്ല. അതുകൊണ്ട് ദൈവം അയാളെത്തേടി വീട്ടിലെത്തി. അയാള്‍ അപ്പോള്‍, വയസ്സായ അമ്മയുടെ കാലുകള്‍
തിരുമ്മുകയായിരുന്നു. ദൈവം വന്നതറിഞ്ഞിട്ടും അയാള്‍ മാതൃസേവയില്‍നിന്നു വിരമിച്ചില്ല. എന്തെന്നാല്‍ ഈശ്വരനെ തന്നെ തന്റെ
അമ്മയുടെ രൂപത്തില്‍ അയാള്‍ സേവിക്കുകയായിരുന്നു. 'ഈശ്വരന്‍ ഇതാ മുന്നില്‍' എന്ന് തുക്കാറാം പറഞ്ഞു. പക്ഷേ, പുണ്ഡരീകന്‍
അനങ്ങിയില്ല. താനിപ്പോള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഈശ്വരനുവേണ്ടി, അമ്മയ്ക്കുവേണ്ടി, തന്റെ സേവനം മുഴുമിക്കുംവരെ തന്നെ
കാത്തിരിക്കാനായി അയാള്‍ അപേക്ഷിക്കുകയായിരുന്നു.
വേരുകളും ചിറകുകളും- പി. എന്‍. ദാസ്
അമ്മയെ ഓണപ്പൂക്കളത്തിലെ തുമ്പപ്പൂവിനോടാണ് 'പുതുവര്‍ഷം' എന്ന കവിതയില്‍ കവയിത്രി
സാദൃശ്യപ്പെടുത്തുന്നത്. ഓണപ്പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളില്‍ ഏറ്റവും ശ്രേഷ്ഠം തുമ്പയാണ്. തുമ്പയുടെ
പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് താഴെ തന്നിരിക്കുന്നത്.
മാനിച്ചോരോ
മലരുകള്‍ ചെന്നൂ
മാബലിദേവനെയെതിരേല്‍ക്കാന്‍
തങ്കച്ചാറില്‍ തനു
മിന്നുംപടി
മുങ്ങിച്ചെന്നൂ മുക്കുറ്റി
പാടലമാം
പട്ടാടയൊടെത്തീ
പാടത്തുള്ളൊരു ചിറ്റാട;
ആമ്പലിനുണ്ടു കിരീടം;
നെല്ലി-
ക്കഴകിലുമുണ്ടൊരു സൗരഭ്യം!
കരള്‍കവരുന്നൊരു നിറമോ
മണമോ
കണികാണാത്തൊരു തുമ്പപ്പൂ.
വ്രീളയൊതുക്കിയണഞ്ഞൂ,
കാലടി
പോലെയിരിക്കും തുമ്പപ്പൂ!
ദേവന്‍ കനിവൊടു
നറുമുക്കുറ്റി-
പ്പൂവിനെയൊന്നു കടാക്ഷിച്ചു
കുതുകാല്‍ത്തടവിച്ചിറ്റാടപ്പൂ
കൂടുതലൊന്നു തുടുപ്പിച്ചു!
ആമ്പലിനേകീ പുഞ്ചിരി, നെല്ലി-
പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചൂ
പാവം
തുമ്പയെ വാരിയെടുത്തഥ
ദേവന്‍ വെച്ചൂ മൂര്‍ധാവില്‍!
പുളകംകൊള്ളുക
തുമ്പപ്പൂവേ
പൂക്കളില്‍ നീയേ ഭാഗ്യവതി!
പുതുവര്‍ഷം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)
1. ''ആകുലചിന്തകളായിരം കുന്തങ്ങ -
ളാഴത്തില്‍ക്കോര്‍ക്കും ശിരസ്സുനീര്‍ത്തി.''
കൗമാരകാലത്തിന്റെ സൂചനയാണോ വരികളില്‍ തെളിയുന്നത്? വിശദമാക്കുക.
കൗമാരകാലത്തെയാണ് കവയിത്രി ഇവിടെ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ആകുലചിന്തകള്‍ ഉണ്ടാകുന്നത് കൗമാരത്തിന്റെ പ്രത്യേകതയാണ്. സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെപ്പറ്റി ആകുലതകള്‍ ഉണ്ടാകാം.
വിവേചനവും നീതിനിഷേധവും കാണുമ്പോള്‍ അമര്‍ഷമുണ്ടാകുക സ്വാഭാവികമാണ്. പാവപ്പെട്ടവര്‍ ഇതുമൂലം കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചെന്നിരിക്കും. സങ്കടപ്പെടുത്തുന്ന ഇത്തരം കാഴ്ചകളുണ്ടാക്കുന്ന ചിന്തകളാണ് കുന്തങ്ങളായി ശിരസ്സില്‍ ആഴ്ന്നിറങ്ങുന്നത്. ഇത്തരം ആദര്‍ശാത്മകനിലപാടുകള്‍ എടുക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് കൗമാരകാലത്തിന്റെ സവിശേഷതയാണ്.
2. തുമ്പ അമ്മയുടെ പ്രതീകമായി മാറുന്നതെങ്ങനെയാണ്?
മറ്റൊന്നും ചിന്തിക്കാതിരിക്കുന്ന കാലമാണ് ബാല്യം. കൈകൂപ്പി പ്രാര്‍ഥിച്ചാല്‍ കുപ്പിവള കാപ്പാകുമെന്ന മാര്‍ഗനിര്‍ദേശം നല്‍കാന്‍ അമ്മ എപ്പോഴും കൂടെയുണ്ടാകുമായിരുന്നു. അമ്മയോടൊപ്പം പൂക്കളിറുക്കുകയും പൂക്കളമൊരുക്കുകയും ചെയ്ത ആ കാലം നല്ല ഓര്‍മ്മകള്‍ മാത്രമായി കവയിത്രിയുടെ മനസ്സില്‍ അവശേഷിക്കുന്നു. പരിഷ്‌കൃതലോകത്തെ സാഹചര്യങ്ങള്‍കൊണ്ട് പഴയ ജീവിതരീതികളില്‍നിന്ന് നാം അകന്നുപോയിരിക്കുന്നു. ഫ്‌ളാറ്റുകളിലെന്നപോലെ മണ്ണില്‍നിന്നും വളരെയേറെ ഉയരത്തിലാണ് ഇന്ന് നമ്മള്‍. ബാല്‍ക്കണിയില്‍നിന്നു നോക്കുമ്പോള്‍ താഴെ അവശേഷിക്കുന്ന ഇത്തിരിമണ്ണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറിനില്‍ക്കുന്ന തുമ്പച്ചെടിപോലെയാണ് അമ്മയെന്ന് കവയിത്രിക്ക് തോന്നുന്നു. ലാളിത്യത്തിന്റെയും എളിമയുടെയും നേര്‍ക്കാഴ്ചയായി, വിറയ്ക്കുന്ന മുഖത്തോടെ നിശ്ശബ്ദയായി നില്‍ക്കുന്ന പാവം അമ്മയുടെ മുഖമാണ് ആ തുമ്പയില്‍ തെളിയുന്നത്.
3. ബാല്യത്തിന്റെ നിഷ്‌കളങ്കതയും സ്‌നേഹവും കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരമാണ്?
അമ്മ പറഞ്ഞുതന്നിരുന്നത് അപ്പാടെ വിശ്വസിച്ചിരുന്ന കാലമായിരുന്നു ബാല്യകാലം. കൈകള്‍ കൂട്ടിപ്പിടിച്ച് പ്രാര്‍ഥിക്കാന്‍ അമ്മ പഠിപ്പിച്ച കാലമായിരുന്നു ബാല്യം. അമ്പലത്തിന്റെ പടവുകളോരോന്നും എണ്ണിയെണ്ണി കയറിപ്പോകുമ്പോള്‍ കൈക്കൂപ്പി പ്രാര്‍ഥിച്ചാല്‍ കൈയിലെ കരിവള കാപ്പാകുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നെല്ലിക്കയും പുളിയും പുസ്തകസഞ്ചിയില്‍ ഒളിപ്പിച്ച് ആരോടും വഴക്കിടാതെ എല്ലാവരോടും പുഞ്ചിരിച്ചുനടന്നിരുന്ന നിഷ്‌കളങ്കതയുടെ കാലമായിരുന്നു ബാല്യം. പാട്ടു
പാടി പൂനുള്ളാന്‍ പോകുന്നതും അമ്മയോടൊപ്പം പൂക്കളമിടുന്നതും കവയിത്രിയുടെ സ്മരണയിലുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തോടെചുറ്റുപാടുകളോട് ഇടപ്പെട്ടിരുന്ന കാലമായാണ് ബാല്യത്തെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
4. 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് അനുയോജ്യമാണോ? പരിശോധിക്കുക.
നന്മകള്‍ പ്രതീക്ഷിക്കുന്ന പുതിയ വര്‍ഷമാണ് കവയിത്രിയുടെ മനസ്സിലുള്ളത്. ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുന്ന പുതുവര്‍ഷമാണത്. വിശുദ്ധിയും ലാളിത്യവും നൈര്‍മല്യവുമുള്ള അമ്മയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സിലുള്ളപ്പോള്‍ ഇനി പൂക്കളമിട്ടില്ലെങ്കിലും വീടിനുള്ളിലേക്ക് ഐശ്വര്യപൂര്‍ണമായ പുതുവര്‍ഷം കടന്നുവരുമെന്ന് അവര്‍ പൂര്‍ണമായി വിശ്വസിക്കുന്നു. പുതുവര്‍ഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കവിതയ്ക്ക് 'പുതുവര്‍ഷം' എന്ന ശീര്‍ഷകം ഏറ്റവും അനുയോജ്യമാണ്.
അമ്മമ്മ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)
1. ചുവടെ തന്നിരിക്കുന്നവയില്‍ തെറ്റായത് കണ്ടെത്തുക.
✷ വന്നു+ഇല്ല - വന്നില്ല
✷ തേവി+ത്തേവി - തേവിത്തേവി
✷ കണ്‍+നീര്‍ - കണ്ണീര്‍
✷ കൊതി+അടങ്ങുക - കൊതിയടങ്ങുക
ഉത്തരം: ✷ തേവി+ത്തേവി - തേവിത്തേവി
2. ബന്ധങ്ങളുടെ ഏതെല്ലാം തലങ്ങളാണ് 'അമ്മമ്മ' എന്ന ഓര്‍മ്മക്കുറിപ്പിലൂടെ വ്യക്തമാകുന്നത്?
കുടുംബബന്ധത്തിലുണ്ടാവുന്ന തകര്‍ച്ച ലേഖകന്‍ ഈ ഓര്‍മ്മക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മദ്യം ഭരിക്കുന്ന കുടുംബത്തില്‍ കലഹം നിത്യസംഭവമാകുന്നു. ഭാര്യയുടെ അകാലമരണം, ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭര്‍ത്താവ്, അനാഥരാക്കപ്പെടുന്ന കുട്ടികള്‍, പേരക്കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവര്‍ക്കുവേണ്ടി പ്രായവും ക്ഷീണവും മറന്ന് അധ്വാനിക്കുന്ന അമ്മമ്മ, ഈ അമ്മമ്മയെ ആഴത്തില്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളുന്ന ലേഖകന്‍ - എന്നിങ്ങനെ മനുഷ്യബന്ധങ്ങളുടെ കരുത്തും കരുതലും ശൈഥില്യവുമെല്ലാം നമ്മെ അനുഭവിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ രചനയാണ് 'അമ്മമ്മ'.
സാന്ദ്രസൗഹൃദം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)
1. പഴയകാലത്തെ ഗുരുകുലവിദ്യാലയത്തിലെ പഠനരീതികളില്‍നിന്ന് ഏതെല്ലാം കാര്യങ്ങള്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാന്‍ കഴിയും?
മൂല്യവത്തായ പലകാര്യങ്ങളും പഴയകാലത്തെ ഗുരുകുലങ്ങളില്‍ നിലനിന്നിരുന്നു. കുട്ടികളോട് ഗുരുക്കന്മാര്‍ പുലര്‍ത്തിയിരുന്ന സമഭാവനയും തുല്യതയും തീര്‍ച്ചയായും അനുകരണീയമാണ്. പ്രതിസന്ധികളെ ഒരുമയോടെ അതിജീവിക്കാന്‍ കഴിയത്തക്കവിധത്തില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനും ഗുരുകുലങ്ങളില്‍ സാധിച്ചിരുന്നു. ഗുരുവാകട്ടെ വിദ്യാര്‍ഥികള്‍ക്ക് മാതൃകയും വഴികാട്ടിയുമായിരുന്നു. ജീവിതമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. വ്യക്തിയുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ നന്മതന്നെയായിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം നമ്മുടെ വിദ്യാലയങ്ങളില്‍ സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും. മനുഷ്യബന്ധങ്ങളുടെ വിശുദ്ധിയും ശക്തിയും ആഴവും ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്.
2. പ്രതിസന്ധികളെ കൂട്ടുകാര്‍ ഒരുമിച്ചു കൈകോര്‍ത്തുനിന്ന് നേരിടുന്നതുകൊണ്ടുള്ള നേട്ടങ്ങളെന്തെല്ലാമാണ്?
സൗഹൃദവും സ്‌നേഹബന്ധവും കൂടുതല്‍ ദൃഢമാവുന്നു എന്നതാണ് പ്രതിസന്ധികളെ ഒരുമിച്ചു നേരിടുന്നതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടം. മറ്റുള്ളവരെ സഹായിക്കാനുള്ള ചുമതലയും ബാധ്യതയും തനിക്കുണ്ടെന്ന ഉത്തരവാദിത്വബോധം ഓരോരുത്തരിലും വളരാന്‍ ഇത് ഇടയാക്കുന്നു. പ്രതിസന്ധികളോടുള്ള ഭയം മാറുകയും അവയെ നേരിടാനുള്ള കരുത്തുണ്ടാവുകയും ചെയ്യും. ഒരുമിച്ചുനിന്നു നേരിടുമ്പോള്‍ ഏതു പ്രതിസന്ധിയെയും അനായാസം നേരിടാനും കഴിയും. കരുത്തുള്ള വ്യക്തികളെയും കെട്ടുറപ്പുള്ള സമൂഹത്തെയും സൃഷ്ടിക്കാനുള്ള എളുപ്പമാര്‍ഗമാണ് പ്രതിസന്ധികളെ ഒരുമയോടെ നേരിടുകയെന്നത്. അതിനുള്ള പരിശീലനം ലഭിക്കേണ്ടത് വിദ്യാലയങ്ങളില്‍നിന്നുതന്നെയാണ്.
3. സമ്പത്ത്, ജാതി, മതം, വര്‍ഗം എന്നിങ്ങനെ ഇക്കാലത്ത് സമൂഹത്തില്‍ വേര്‍തിരിവുകള്‍ വര്‍ധിച്ചുവരികയാണ്. ഇവ ഇല്ലാതാക്കുന്നതില്‍ വിദ്യാലയങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിങ്ങളുടെ നിരീക്ഷണങ്ങള്‍ എഴുതുക.
സമൂഹത്തില്‍ വേര്‍തിരിവുകളുടെ മതിലുകള്‍ പെരുകിവരികയാണ്. സമത്വത്തിന്റെ വഴിയിലൂടെ ജനങ്ങളെ നയിക്കേണ്ട ഭരണകര്‍ത്താക്കളും സമുദായനേതാക്കളും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പണംകൊടുത്തു പഠിക്കുന്നവരുടെ പള്ളിക്കൂടങ്ങളിലും പൊതുവിദ്യാലയങ്ങളിലും ഒരേ സിലബസ് നിര്‍ബന്ധമാക്കിയാല്‍ത്തന്നെ സമൂഹത്തിലെ വലിയ ഒരസമത്വം ഇല്ലാതാക്കാന്‍ കഴിയും. ജാതീയമായ വേര്‍തിരിവുകളൊന്നും കുട്ടികളുടെ
മനസ്സിലില്ല. വിവിധ ജാതികളില്‍പ്പെട്ട കുട്ടികള്‍ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്നു. പക്ഷേ, വോട്ടിനുവേണ്ടിയും സ്വാര്‍ഥലാഭത്തിനുവേണ്ടിയും രാഷ്ട്രീയക്കാരും സമുദായനേതാക്കളും മനുഷ്യരെ പല തട്ടുകളായി തിരിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുകയും പിന്നിലാകുന്നവരെ സഹായിച്ച് മുന്‍നിരയിലെത്തിക്കാനുള്ള ഉത്തരവാദിത്വം മുന്നിലുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യണം. ഈ രീതി പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ വിദ്യാലയങ്ങള്‍ സമത്വത്തിന്റെ കേന്ദ്രങ്ങളായി മാറും. പണത്തിന്റെ പേരില്‍മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനകളും അധികാരം കയ്യാളുന്നവരുടെ സങ്കുചിതമനോഭാവവുമാണ് വിഭാഗീയതയുടെ കാരണം. പല തട്ടുകളിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയാണ് അടിയന്തിരപ്രാധാന്യത്തോടെ പരിഷ്‌കരിക്കേണ്ടത്.
കൊച്ചനുജന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)
1.കൊച്ചനുജനില്‍ അമ്പരപ്പുളവാക്കിയ ചേച്ചിയുടെ പ്രവൃത്തികള്‍ എന്തെല്ലാം?
ചേച്ചി സ്വന്തം പ്രാണനായിക്കരുതി കാത്തുസൂക്ഷിച്ച പാവയും പീലിയും കൊച്ചനുജന്റെ സ്വപ്‌നങ്ങളായിരുന്നു. അവയെ ഒന്നു തൊടാനും കാണാനുമൊക്കെ അവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചേച്ചി കൊച്ചനുജന്റെ ആ മോഹങ്ങളെ ഗൗനിച്ചിരുന്നില്ല. പക്ഷേ, വിവാഹിതയാവാന്‍ പോകുന്ന തനിക്കിനി ഇവയുടെ ആവശ്യമില്ല എന്ന് ചേച്ചി തിരിച്ചറിയുന്നു. അവ കൊച്ചനുജന് അവന്‍ ആവശ്യപ്പെടാതെതന്നെ സമ്മാനിക്കുന്നു. ഇവയെല്ലാമാണ് കൊച്ചനുജനില്‍ അമ്പരപ്പുണ്ടാക്കിയത്.
2. ''നീണ്ട നെടുവീര്‍പ്പുകൊണ്ടുറക്കീട്ടു, ഞാന്‍
കണ്ടു കനത്ത കിനാവനേകം''
'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്?
ചേച്ചി തന്നെ പിരിഞ്ഞ് എവിടേയ്‌ക്കോ പോവുകയാണെന്ന് കൊച്ചനുജന്‍ സ്വപ്നം കാണുന്നു. ഇത് അവനെ വളരെയധികം വേദനിപ്പിക്കുന്നു. കൊച്ചനുജന്റെ സ്വപ്നങ്ങള്‍പോലും കടുപ്പമേറിയതാണ് എന്നു സൂചിപ്പിക്കാന്‍ 'കനത്ത കിനാവനേകം' എന്ന പ്രയോഗത്തിലൂടെ കവിക്കു കഴിയുന്നു.
3. ''തേരോടിക്കാറ്റിന്നായേറെച്ചുകന്ന പൂ
വാരിക്കൊടുക്കുന്ന വള്ളിപോലെ?''
വള്ളിച്ചെടിയോട് ചേച്ചിയെ സാമ്യപ്പെടുത്തിയിരിക്കുന്നതിന്റെ ഔചിത്യമെന്ത്?
തന്നിലുണ്ടായ ചുവന്ന പൂക്കളെല്ലാം കാറ്റിന്റെ കൈകളിലേക്ക് വാരിക്കൊടുക്കുന്ന വള്ളിച്ചെടിയോടാണ് ചേച്ചിയെ ഇവിടെ സാമ്യപ്പെടുത്തിയിരിക്കുന്നത്. കാരണം കൊച്ചനുജന്റെ ചേറുള്ള കൈകൊണ്ടു തൊടാതെ, ചേതനപോലെ കാത്തുസൂക്ഷിച്ച ആ പാവകളെല്ലാം ഇപ്പോള്‍ കൊച്ചനുജനു സമ്മാനിക്കുകയാണ് ചേച്ചി. വള്ളിച്ചെടി തന്നിലുണ്ടായ പൂക്കളെല്ലാം എത്ര സൂക്ഷ്മതയോടെയാണോ കാറ്റിന്റെ കൈകളിലേല്‍പ്പിക്കുന്നത്, അത്രതന്നെ കരുതലോടെയാണ് ചേച്ചി കൊച്ചനുജന് തന്റെ പ്രാണനെപ്പോലെ കരുതിയ പാവകളെ കൈമാറിയത് എന്ന സൂചനയാണ് ഈ വരികളിലുള്ളത്.
പൂക്കാതിരിക്കാനെനിക്കാവതില്ലേ... എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)
1.കണിക്കൊന്നയുടെ ജീവിതം നല്‍കുന്ന സന്ദേശമെന്ത്?
കണിക്കൊന്ന പൂക്കുന്നത് തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുക, അവര്‍ക്ക് സന്തോഷം പകരുക എന്നതാണ് പ്രകൃതി പാലിച്ചുവരുന്ന ധര്‍മ്മം. മനുഷ്യര്‍ ആവുന്നത്ര നശിപ്പിച്ചിട്ടും അവശേഷിക്കുന്ന മരങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ഈ ധര്‍മ്മം പാലിക്കുന്നതുകൊണ്ടാണ്. വിശേഷബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രമാണ് ഇത് ലംഘിക്കുന്നത്. മറ്റുള്ളവര്‍ക്കു നന്മ ചെയ്തുകൊണ്ട് നമ്മുടെ ജീവിതം സാര്‍ഥകമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന സന്ദേശമാണ് കണിക്കൊന്നയുടെ ജീവിതം നമുക്ക് നല്‍കുന്നത്.
2.ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും തന്റെ പരിമിതികളെല്ലാം മറന്ന് മുടങ്ങാതെ പൂക്കുന്ന കണിക്കൊന്ന, മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നവരുടെ പ്രതീകമാണോ? വിലയിരുത്തുക.
മഞ്ഞും മഴയും വേനലും കഠിനമായ വേദനകള്‍ നല്‍കുമ്പോഴും വിഷുക്കാലം തന്റേതുമാത്രമാണെന്ന പ്രതീക്ഷയോടെയാണ് കണിക്കൊന്ന കാത്തുനില്‍ക്കുന്നത്. സ്വന്തം നിസ്സഹായതയും വേദനയും മറ്റുള്ളവരെ അറിയിക്കാതെ, കത്തുന്ന വേനലില്‍ മഞ്ഞപുഷ്പങ്ങളാല്‍ മന്ദഹാസം വിരിയിച്ചുനില്‍ക്കുകയാണ് കണിക്കൊന്ന. മഹത്തുക്കള്‍ അങ്ങനെയാണ്. സ്വന്തം സങ്കടങ്ങളും പരിമിതികളും വേദനകളും നിസ്സാരമാക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി, അവരുടെ മനസ്സുകളില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കിക്കൊണ്ട് പ്രകാശിച്ചുനില്‍ക്കും. അതാണിവിടെ കണിക്കൊന്ന ചെയ്യുന്നതും. സ്വന്തം ദുരിതകാലങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് നല്‍ക്കണിയാകുവാനും അതുവഴി അവരുടെ ഭാവി ഗുണമുള്ളതാക്കുവാനും കൊന്ന ശ്രമിക്കുന്നു. വിഷുക്കാലമെത്തുമ്പോള്‍ മുടങ്ങാതെ പൂക്കുന്ന കണിക്കൊന്ന മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന മഹത്തുക്കളുടെ പ്രതീകം തന്നെയാണ്.
അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 7)
1.'ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുമ്പോഴാണ് ബന്ധങ്ങള്‍ക്ക് കരുത്തുകൂടുന്നത്.' സിംലയുടെ കുടുംബവും ലേഖകനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
ഹിമാലയയാത്രയ്ക്കിടയില്‍ പിപ്പല്‍കോട്ടിയിലേക്കുള്ള വഴിയന്വേഷിച്ചാണ് ലേഖകന്‍ സിംലയുടെ വീട്ടിലെത്തിയത്. ദില്ലിയില്‍നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അവിടേക്ക് ജോലിതേടിപ്പോയ തന്റെ മകനെക്കുറിച്ച് സിംലയുടെ അച്ഛന്‍ ലേഖകനോട് സംസാരിച്ചു. നിസ്സഹായനായ പിതാവിന്റെയും ആ കുടുംബത്തിന്റെയും കാത്തിരിപ്പും ദുഃഖവും ലേഖകന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. തന്റെ സഹോദരനുവേണ്ടി വെള്ളാരങ്കല്ല് കൊടുത്തുവിടുന്ന സിംലയെന്ന കൊച്ചുപെണ്‍കുട്ടിയും ആ കുടുംബവുമായുള്ള ലേഖകന്റെ ബന്ധത്തിന് കരുത്തുകൂട്ടി. മറ്റുള്ളവരോടുള്ള സ്‌നേഹവും അനുകമ്പയും വളരുന്നത് ദുഃഖങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ്. അവയാണ് മനുഷ്യബന്ധങ്ങള്‍ക്ക് കരുത്തുനല്‍കുന്നത്.
2.ചൂഷണം ചെയ്യപ്പെടുന്ന ബാല്യത്തിന്റെ പ്രതീകമാണോ ബിക്രം സിങ്. നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
ബാല്യത്തിന്റെ ആനന്ദവും പ്രസരിപ്പും നഷ്ടപ്പെട്ട് ജീവിതമെന്ന വലിയ ചോദ്യത്തെ നേരിടുന്ന പതിന്നാലു വയസ്സുകാരനാണ് ബിക്രം സിങ്. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അത് നിഷേധിക്കപ്പെട്ടവനാണ് ബിക്രം സിങ്. നിയമംമൂലം നിരോധിക്കപ്പെട്ട ബാലവേല എന്ന ക്രൂരതയ്ക്കും ബിക്രം സിങ് ഇരയാണ്. ഇവ രണ്ടും ആ കുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളെയും അവകാശങ്ങളെയും ഇല്ലാതാക്കുന്നു.
പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)
1. മനുഷ്യരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണോ പ്രകൃതിസൗന്ദര്യം? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.
മനുഷ്യരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയുള്ളതല്ല പ്രകൃതിസൗന്ദര്യം. സൗന്ദര്യമുണ്ടാക്കുക, മനുഷ്യരെ സന്തോഷിപ്പിക്കുക- ഇതൊന്നും പ്രകൃതിയുടെ ജോലിയല്ല. പ്രകൃതിയുടെ സ്വാഭാവികമായ മാറ്റങ്ങള്‍ക്കിടയില്‍ സൗന്ദര്യം ഉണ്ടായിപ്പോകുന്നതാണ്. അത് കാണാനും ആസ്വദിക്കാനും കഴിയുന്നവരുടെ മനസ്സുകളിലാണ് സന്തോഷം ഉണ്ടാവുന്നത്. ആരും കാണാനില്ലെങ്കിലും പൂക്കള്‍ വിരിയും, കിളികള്‍ പാടും, മയിലുകള്‍ നൃത്തംചെയ്യും, കാട്ടരുവികള്‍ പതഞ്ഞൊഴുകും. ഇതൊന്നും ആരെയെങ്കിലും കാണിക്കാനോ ആസ്വദിപ്പിക്കാനോ വേണ്ടി ചെയ്യുന്നതല്ല, പ്രകൃതിയുടെ സ്വാഭാവികമാറ്റം മാത്രമാണ്.
2.'കലാസൗന്ദര്യം ഒരുവക പരസ്യപ്പെടുത്തലാണ്'- ലേഖകന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണമെന്ത്?
കലാകാരന്‍ കലാസൃഷ്ടി നടത്തുന്നത് അയാള്‍ക്കു മാത്രം ആസ്വദിക്കാന്‍ വേണ്ടിയല്ല, മറ്റുള്ളവരെ ആസ്വദിപ്പിക്കാനും കൂടിയാണ്. തനിക്കുണ്ടായ അനുഭൂതി മറ്റുള്ളവരെയും അനുഭവിപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ഉച്ചത്തില്‍ പാട്ടുപാടുന്നതും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമെല്ലാം അതിനുവേണ്ടിയാണ്. അപ്രകാരം ആസ്വദിക്കപ്പെടുമ്പോഴാണ് അത് കലാസൃഷ്ടിയായി അംഗീകരിക്കപ്പെടുന്നത്. ഒരു കലാസൃഷ്ടിക്ക് ആസ്വാദകന്റെ ഹൃദയത്തില്‍ അനുഭൂതി പകരാനുള്ള ശേഷിയാണ് യഥാര്‍ഥത്തില്‍ കലാസൗന്ദര്യത്തിന്റെ അളവുകോല്‍.
സൗന്ദര്യലഹരി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-9)
പ്രകൃതിയില്‍ കവി കാണുന്നത് പരമാനന്ദത്തിന്റെ പ്രവാഹമാണ്. ആ സൗന്ദര്യപ്രവാഹത്തില്‍ അലിഞ്ഞുചേരുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്. പ്രകൃതിയില്‍ നിറഞ്ഞുനില്‍ക്കുന്ന സൗന്ദര്യവും സന്തോഷവും ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടാവുകയാണ് അതിന് ആദ്യം വേണ്ടത്. പക്ഷേ, ഇന്ന് മനുഷ്യര്‍ക്ക് പ്രകൃതി ഒരു ഉപഭോഗവസ്തു മാത്രമാണ്. ഈ സമീപനരീതി തെറ്റാണ്. ജീവിതം ദുസ്സഹമായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. കാലാവസ്ഥാമാറ്റംപോലെയുള്ള പ്രകൃതിയുടെ തിരിച്ചടികള്‍ നേരിടാനാവാതെ മനുഷ്യര്‍ തളര്‍ന്നുപോവുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിയോടു ചേര്‍ന്ന് അതിന്റെ ഭാഗമായി ജീവിക്കുമ്പോള്‍ മറ്റു ജീവജാലങ്ങളെപ്പോലെ മനുഷ്യര്‍ക്കും സന്തോഷിക്കാന്‍ കഴിയും. പ്രകൃതി മനുഷ്യരുടേതല്ല, മനുഷ്യര്‍ പ്രകൃതിയുടേതാണ് എന്ന് നാം മനസ്സിലാക്കണം.
കേരളപാഠാവലി (യൂണിറ്റ്-1) : നിന്നെത്തേടുവതേതൊരു ഭാവന!- കൂടുതല്‍ വിവരങ്ങള്‍ (Class 9)
പ്രവേശകം
പി. കുഞ്ഞിരാമന്‍നായരുടെ 'വെളിച്ചത്തിലേക്ക്' എന്ന കവിതയാണ് യൂണിറ്റിന്റെ പ്രവേശകമായി നല്‍കിയിരിക്കുന്നത്. 'വെളിച്ചത്തിലേക്ക്' എന്ന കവിതയുടെ പൂര്‍ണരൂപം
അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോ-
ളകലേക്കു പായും വെളിച്ചമേ നിന്നെ,
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും!
കണികണ്ടദ്രികള്‍ പണിയുന്ന വാന-
മണിയുന്ന പുത്തന്‍ മണിപ്പതക്കമായ്
മധു തുളുമ്പുന്ന ദിവസകീര്‍ത്തന
മധുരപല്ലവീ കിസലയമായി,
തനിച്ചു ചില്ലകള്‍ ചലിക്കുന്ന കാല-
പ്പനീര്‍ച്ചെടി ചൂടും നറുമലരായി,
പകലവന്‍ തേടും ശിവവൃഷഭത്തില്‍
പരമപാവന ലലാടരേഖയായ്
അലകടലുകള്‍ കൊതിക്കവേ, നീല-
മല വളര്‍ത്തുമപ്പുലരിപ്പുള്ളിമാന്‍.
അഴകില്‍ കാഞ്ചനക്കതിരുകള്‍ ചിക്കി-
പ്പുഴകളെപ്പൂന്തേന്‍ കുഴമ്പുകളാക്കി
പവനനോടൊത്തു ചരിക്കയാ,യാദി-
കവി തുറന്നിടുമുടജദ്വാരത്തില്‍
നറുമലര്‍ നിരയുതിരും രാത്രിതന്‍
മറുകരെ മേഞ്ഞു നടക്കും മാനിനെ,
വിമലമാം മഞ്ഞിന്‍കണങ്ങളോടൊത്തു
നമസ്‌കരിച്ചുടന്‍ തമസ്സു പിന്‍വാങ്ങി
വിലയമേലാത്ത പൊരുളിനെ വാഴ്ത്തീ
കുലായബന്ധനമഴിച്ച പക്ഷികള്‍.
കരഞ്ഞു, മാമലച്ചെരുവുകള്‍ തോറും
തിരഞ്ഞലഞ്ഞയ്യോ വലഞ്ഞുടല്‍ വാടി
അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോ-
ളകലേക്കു പായും വെളിച്ചമേ നിന്നെ,
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും!
- പി. കുഞ്ഞിരാമന്‍നായര്‍
പാഠം1- സൗന്ദര്യലഹരി
പ്രകൃതിസൗന്ദര്യം ആവിഷ്‌കരിക്കുന്ന ചില കാവ്യഭാഗങ്ങള്‍
പച്ചക്കദളിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ നന്നായ് പഴുത്തപഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടണ്ടാല്‍ പവിഴവും
മാലകള്‍കൊണ്ടണ്ടണ്ടണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍
നാലുഭാഗങ്ങളില്‍ തിങ്ങിവിങ്ങിത്തദാ
ബാലാനിലന്‍വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്‍
കാലാത്മജാനുജന്‍ വീരന്‍ വൃകോദരന്‍
- കുഞ്ചന്‍നമ്പ്യാര്‍
അമ്മയാമൂഴി കനിഞ്ഞുനല്‍കും
പൊന്‍മണിമാല്യമെടുത്തണിഞ്ഞും
പ്രേമമരന്ദപ്പുഴയിലുള്ള
താമരത്തോണിക്കടവു താണ്ടണ്ടി
ഓണമലരുകള്‍ താണുനിന്നു
കാണിക്കവെക്കും വരമ്പിലൂടെ
പൊന്നുഷഃസാന്ധ്യപ്രഭയില്‍ മുങ്ങി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
- പി. കുഞ്ഞിരാമന്‍നായര്‍
മേഘങ്ങളാലുടുപ്പിട്ട മല, കുന്നുകള്‍, മേടുകള്‍
ആന, മാന്‍, പന്നി, പുലികള്‍, പോത്തും മേളിച്ച കാടുകള്‍
തെളിഞ്ഞോളങ്ങള്‍തന്‍ മൂളിപ്പാട്ടുമായ് പോകുമാറുകള്‍
ആമ്പലും നെയ്തല്‍ തണ്ടണ്ടാരുമിടതിങ്ങിയ പൊയ്കകള്‍
വിചിത്രപക്ഷിച്ചിറകില്‍ മഴവില്ലാര്‍ന്ന ശാഖികള്‍
പുലാവും പുളിയും മാവും വാഴയും വായ്ച്ച തോപ്പുകള്‍
അശോകം ചെമ്പകം പിച്ചി മുല്ലയും ചേര്‍ന്ന വാടികള്‍
പശിമപ്പെട്ട പാടങ്ങള്‍ പശുമേയും പറമ്പുകള്‍
നാനാപ്രകൃതിസൗന്ദര്യപ്രദര്‍ശനമണിക്കളം
കലോല്ലാസത്തളം വെല്‍വൂ കേരളം ഭൂരിമംഗളം
- വള്ളത്തോള്‍
എം.പി.പോള്‍
സൗന്ദര്യമെന്നത് വസ്തുക്കളുടെ ഒരു ഗുണമല്ല; മനസ്സിന്റെ ഭാവവിശേഷമാണ്. കാണുന്നവന്‍ മാനസികാഹ്ലാദമനുഭവിച്ചാല്‍ വസ്തു സുന്ദരമാണ്, അല്ലെങ്കില്‍ അസുന്ദരമാണ്. പ്ലേറ്റോ, കാന്റ്, ഹെഗല്‍, ക്രോംയെ മുതലായ ചിന്തകര്‍ മുന്നോട്ടുവച്ച ഈ ആത്മപ്രതീതവാദവും സൗന്ദര്യനിര്‍ണയത്തിന് ഭൗതികഗുണങ്ങളെ മാനദണ്ഡമാക്കുന്ന അരിസ്റ്റോട്ടില്‍ മുതലായവരുടെ വസ്തുപ്രതീതവാദവും അപര്യാപ്തങ്ങളാണ് എന്ന് എം.പി. പോള്‍ നിരീക്ഷിക്കുന്നു. സൗന്ദര്യം അതിന്റെ ശുദ്ധമായ രൂപത്തില്‍ കലയിലാണ് കാണുന്നതെന്നാണ് പോളിന്റെ സിദ്ധാന്തം. പ്രകൃതി
സൗന്ദര്യം കലര്‍പ്പുള്ളതാണ്. കലാസൗന്ദര്യം ശുദ്ധമാണ്. ആസ്വാദകര്‍ മാറിക്കൊണ്ടണ്ടിരിക്കുമ്പോഴും കല നിശ്ചലമായി
നിലകൊള്ളുന്നു. അതിനാല്‍ കലാസൗന്ദര്യം ശാശ്വതമാണ്.
കുട്ടികൃഷ്ണമാരാര്
സത്യവും സൗന്ദര്യവും ഒന്നാണെന്ന് ചിന്തിക്കുന്ന മാരാര് സൗന്ദര്യം നൈസര്‍ഗികവും ആര്‍ജിതവുമായ യുക്തിബോധത്തില്‍ നിന്നുണ്ടണ്ടാകുന്നു എന്നു നിരീക്ഷിക്കുന്നു. ആത്മപ്രതീതമാണ് സൗന്ദര്യം. അത് യുക്തിരഹിതമല്ല. കവിയുടെ അബോധമായ പ്രവര്‍ത്തനംപോലും അയാളുടെ നൈസര്‍ഗികമായ യുക്തിബോധത്തിന്റെ പ്രേരണയനുസരിച്ചു
നടക്കുന്നു എന്നാണ് മാരാരുടെ കണ്ടെണ്ടത്തല്‍.
കുറ്റിപ്പുഴ കൃഷ്ണപിള്ള
ജീവിതത്തിന്റെ വളര്‍ച്ചയ്ക്കു വളം കൊടുക്കുന്ന ശക്തിയായി കുറ്റിപ്പുഴ സൗന്ദര്യത്തെ വിലയിരുത്തുന്നു. വസ്തു മാറാതെ നില്‍ക്കുകയും മനോഭാവം മാറുകയും ചെയ്യുന്നതു കൊണ്ടണ്ടാണ് ഒരാള്‍ക്ക് സുന്ദരമായി തോന്നുന്നത് മറ്റൊരാളുടെ വീക്ഷണത്തില്‍ വിരൂപമാകുന്നത്. യഥാര്‍ഥത്തില്‍ വൈരൂപ്യമെന്നൊന്ന് ലോകത്തിലില്ല എന്നും കുറ്റിപ്പുഴ
അഭിപ്രായപ്പെടുന്നു.
എം. എന്‍. വിജയന്‍
സൗന്ദര്യാവബോധത്തെ ഭൗതികദൃഷ്ട്യാ വിശകലനം ചെയ്യുന്ന എം. എന്‍. വിജയന്‍ ഹൃദയത്തിന്റെ ഒരു സഹജഭാവം മാത്രമായ സൗന്ദര്യത്തെ ആത്മാവിനെയും പദാര്‍ഥത്തെയും ഇണക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്.
Sunday, July 3, 2022
കേരളപാഠാവലി (യൂണിറ്റ്-1) : - ഇനി ഞാനുണര്‍ന്നിരിക്കാം - കൂടുതല്‍ വിവരങ്ങള്‍ (Class 8)
ശ്രീകൃഷ്ണഭക്തനായ ബ്രാഹ്‌മണനാണ് കുചേലന്‍. യഥാര്‍ഥ പേര് സുദാമാവ് എന്നാണ്. ബാല്യത്തില്‍ ശ്രീകൃഷ്ണനും
കുചേലനും സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലാണ് വിദ്യയഭ്യസിച്ചിരുന്നത്. ഗുരുകുലപഠനരീതിയായിരുന്നു അന്നുണ്ടായിരുന്നത്. പഠനശേഷം രണ്ടുപേരും പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയിലെ രാജാവായി. കുചേലന്‍ വിവാഹംകഴിച്ച് ജീവിതം തുടങ്ങി. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം കുചേലന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഭിക്ഷയാചിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധം മൂലം കുചേലന്‍ ഒരു പൊതി അവിലുമായി ശ്രീകൃഷ്ണനെ കാണുവാന്‍ ദ്വാരകയിലേക്ക് പോയി. വളരെക്കാലത്തിനുശേഷം സതീര്‍ഥ്യനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണന്‍ മാളികയുടെ ഏഴാംനിലയില്‍നിന്ന് ഇറങ്ങിവന്ന് സ്‌നേഹത്തോടും സന്തോഷത്തോടുംകൂടി കുചേലനെ സ്വീകരിച്ചു. കുചേലന്‍ കൊണ്ടുവന്ന അവില്‍പ്പൊതി പിടിച്ചുവാങ്ങി ഭക്ഷിക്കുകയും ചെയ്തു. തന്റെ സങ്കടങ്ങളൊന്നും ശ്രീകൃഷ്ണനോട് പറയാതെയാണ് കുചേലന്‍ തിരികെപ്പോന്നത്. ഭാര്യയോട് എന്തുപറയുമെന്ന് വിചാരിച്ച് വീട്ടിലെത്തി. പക്ഷേ, വീടിരുന്നിടത്ത് വലിയൊരു മാളിക ഉയര്‍ന്നുനില്‍ക്കുന്നതുകണ്ട് അദ്ദേഹം അമ്പരന്നു
പോയി. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താലാണ് തന്റെ കുടില്‍ മാളികയായതെന്ന് കുചേലന് മനസ്സിലായി. ദരിദ്രനായ കുചേലന്‍ ശ്രീകൃഷ്ണന്റെ സഹായത്താല്‍ ക്ഷണനേരംകൊണ്ട് ധനവാനായിത്തീര്‍ന്നു.
കേരളത്തിന്റെ സാംസ്‌കാരിക ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതും വൈകാരികബന്ധം പുലര്‍ത്തുന്നതുമായ ജനകീയ കവിതകളാണ് നാടന്‍പാട്ടുകള്‍. ഇത്തരം പാട്ടുകളില്‍ ജലാശയവുമായി ബന്ധപ്പെട്ട ഗാനശാഖയാണ് വഞ്ചിപ്പാട്ട്. നതോന്നത വൃത്തത്തിലാണ് ഇത് രചിച്ചിട്ടുള്ളത്. വ്യാസോത്പത്തി, കിരാതം, നളചരിതം, രാമായണം, ഉണ്ണിമാണിക്യം എന്നീ വഞ്ചിപ്പാട്ടുകളുണ്ടെങ്കിലും സാഹിത്യസോപാനത്തില്‍ ചിരപ്രതിഷ്ഠ നേടിയത് കുചേലവൃത്തം വഞ്ചിപ്പാട്ട്തന്നെ. ഇതിന്റെ കര്‍ത്താവ് രാമപുരത്ത് വാര്യരാണ്.
ഇന്നത്തെ മീനച്ചില്‍ താലൂക്കില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച വാര്യര്‍ ഉപജീവനമാര്‍ഗം തേടി വൈക്കത്തെത്തുന്നു. അവിടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വാര്യര്‍ ചില ശ്ലോകങ്ങള്‍ കാഴ്ചവച്ചു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നും യാത്രയ്ക്കിടയില്‍ കല്‍പ്പനയനുസരിച്ച് എഴുതിയുണ്ടണ്ടാ
ക്കിയ കൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്നും ഐതിഹ്യം. കൃഷ്ണസന്നിധിയിലേക്ക് അവലുമായി പോകുന്ന കുചേലന്റെ കഥയ്ക്കും രാജസന്നിധിയിലേക്ക് കാവ്യവുമായെത്തുന്ന രാമപുരത്തുവാര്യരുടെ ജീവിതത്തിനും സമാനതകളുണ്ട്.
ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തന്റെ വയസ്യനെ ദൂരത്തുകണ്ടു
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ടും
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്‌കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും.
രുദ്രാക്ഷമാലയുമേന്തി നാമകീര്‍ത്തനവും ചെയ്തു
ചിദ്രൂപത്തിലുറച്ചു ചെഞ്ചെമ്മേ ചെല്ലും
അന്തണനെക്കണ്ടിട്ട് സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.
പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനം ചെയ്തിട്ടുപക്കി-
ലുള്ള പരിജനത്തോടുകൂടി മുകുന്ദന്‍
ഉള്ളഴിഞ്ഞ് താഴത്തെഴുന്നള്ളി പൗരവരന്മാരും
വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു.
പാരാവാര കല്‍പ്പപരിവാരത്തോടുകൂടി ഭക്ത-
പാരായണനായ നാരായണനാശ്ചര്യം
പാരാതെ ചെന്നെതിരേറ്റു കുചേലനെ ദീനദയാ-
പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ
മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടു നാറും സതീര്‍ഥ്യനെ
മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു.
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി-
കേറിക്കൊണ്ട് ലക്ഷ്മീതല്‍പ്പത്തിന്മേലിരുത്തി
പള്ളിപാണികളെക്കൊണ്ട് പാദം കഴുകിച്ചു പരന്‍
ഭള്ളൊഴിഞ്ഞ് ഭഗവതി വെള്ളമൊഴിച്ചു.