Sunday, August 28, 2022

കിളിനോട്ടം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    മാതൃകപോലെ പൂരിപ്പിക്കുക.
    മാതൃക:   പൂവന്‍കോഴി - പിടക്കോഴി
    • അച്ഛന്‍കിളി    -    
    • ആണ്‍കിളി    -    
    • ആണ്‍കുട്ടി    -    
    • കവി    -    
ഉത്തരം:
        • അച്ഛന്‍കിളി        -    അമ്മക്കിളി
        • ആണ്‍കിളി        -    പെണ്‍കിളി
        • ആണ്‍കുട്ടി        -    പെണ്‍കുട്ടി
        • കവി        -    കവയിത്രി
2.    ''ഒരു പുലരിയില്‍ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉദ്ഭവസ്ഥാനം തിരഞ്ഞുനടന്നു കണ്ടുപിടിച്ചു.''  (കിളിനോട്ടം)
    കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം ഏതായിരുന്നു?

    അത്ര വലുതൊന്നുമല്ലാത്ത ഒരു കോട്ടണ്‍ചെടിയുടെ, നിറമുള്ള ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കൂടായിരുന്നു കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം.
3. ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്തായിരുന്നു?
    ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ ബുള്‍ബുള്‍ പക്ഷികളുടെ കൂട് ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. പറക്കമുറ്റിയ മക്കളുമായി അവര്‍ വീടു മാറി പൊയ്ക്കഴിഞ്ഞിരിക്കുന്നു.ഒ    

അനന്തവിഹായസ്സിലേക്ക്...എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.''   (അനന്തവിഹായസ്സിലേക്ക്...)
    'നിറങ്ങളുടേതായ  ഈ മാറ്റം' എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?

    ഭൂമിയെ അതിന്റെ തനിരൂപത്തില്‍ ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് യൂറി ഗഗാറിനായിരുന്നു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂഗോളത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള ഒരാവരണം കാണാം. ഭൂമിയില്‍
നിന്ന് അകലുംതോറും ഇളംനീല കടുംനീലയായും പിന്നീട് വയലറ്റായും അവസാനം കറുപ്പായും മാറുന്നു. നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.
2. ''9.15 ന് വാഹനം ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുകടന്നു. വീണ്ടും വെളിച്ചത്തിന്റെ മഹാപ്രവാഹം. ഓറഞ്ച് നിറമുള്ള ചക്രവാളത്തില്‍  റോറിച്ചിന്റെ  കാന്‍വാസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന  മട്ടില്‍ വിവിധ വര്‍ണങ്ങളുടെ മത്സരക്കളി.''
    ബഹിരാകാശയാത്രയില്‍ യൂറി ഗഗാറിന്‍ കണ്ട ഒരനുഭവം വര്‍ണിച്ചത് നിങ്ങള്‍ വായിച്ചല്ലോ.യാത്രയിലോ മറ്റോ നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും ഒരനുഭവം വര്‍ണിക്കുക.

        രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛനമ്മമാരോടൊപ്പം കുമളിക്ക് പോകുമ്പോള്‍ ബസിലിരുന്ന് കണ്ട കാഴ്ചകള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ബസ് കുമളിയോട് അടുത്തപ്പോള്‍ മഞ്ഞും മലയും  കുറ്റിച്ചെടികളും ഇടകലര്‍ന്ന പ്രകൃതിയുടെ ഭംഗി കാണാന്‍ തുടങ്ങി. മനസ്സിന് ആകെക്കൂടി പുതിയൊരു ഉന്മേഷം തോന്നി. മലയ്ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത വെള്ളിമാലകള്‍പോലെ ഒഴുകിയിറങ്ങുന്ന അനേകം  നീര്‍ച്ചാലുകള്‍. അവ പച്ചപുതച്ച മലകളുടെ ഭംഗി  പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.  ബസ് വളവുതിരിഞ്ഞ് മുകളിലേക്ക് കയറുന്തോറും  ഞങ്ങള്‍ കടന്നുവന്ന വഴി  താഴെ ഒരു മലമ്പാമ്പിനെപ്പോലെ  കിടക്കുന്നത് കാണാം. പെട്ടെന്ന് കോടമഞ്ഞ് മലകളെയും  കാഴ്ചകളെയും മറച്ചു. മുന്നില്‍ വെളുത്ത കട്ടിയുള്ള  പുക മൂടിയതുപോലെ. കാഴ്ചകളൊന്നും വ്യക്തമല്ല.  ഏതാനും മിനിട്ടുകള്‍ക്കുശേഷം ആ പുകമറ എങ്ങോട്ടോ അപ്രത്യക്ഷമായി. മലകളും അരുവികളും  തേയിലക്കാടുകളുമെല്ലാം വീണ്ടും തെളിഞ്ഞു. ബസില്‍നിന്ന് ഇറങ്ങി ആ കാടുകളിലൂടെ മലമുകളിലേക്ക് ഓടിക്കയറാന്‍ തോന്നി. വശ്യമായ ആ മനോഹാരിത സ്വന്തമാക്കാന്‍ തോന്നി. ആ കാഴ്ചകള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു.

കോയസ്സന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    കോയസ്സനും കുതിരയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ സൂചനകള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.       
 കുതിരയെ തുടയ്ക്കുമ്പോള്‍ കോയസ്സന്‍ അതിനോടു സംസാരിക്കും. കുതിരയ്ക്ക് എല്ലാം മനസ്സിലാവുകയും ചെയ്യും. കുതിരയോട് സംസാരിക്കുമ്പോള്‍ കുതിര അനങ്ങിയില്ലെങ്കില്‍ അയാള്‍ അതിനെ 'കഴുതേ' എന്നു വിളിക്കും. അതുകേട്ട് കുതിര തലയാട്ടും. ഇതെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു. തലപ്പാവില്ലാത്ത കോയസ്സനെ കണ്ടാല്‍ കുതിര
ബഹളം വയ്ക്കും. അപ്പോള്‍ ''കഴുത, തലപ്പാവില്ലാത്തതുകൊണ്ട് ഞമ്മളെ മനസ്സിലായില്ല'' എന്ന് കോയസ്സന്‍ ചിരിച്ചുകൊണ്ട് പറയുന്നതുമെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കാണിക്കുന്നത്.


തേങ്ങ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1.    ''അവിടെ കണ്ട കാഴ്ച കരളലിയിപ്പിച്ചു.'' അക്കമ്മയുടെ കരളലിയിപ്പിച്ച കാഴ്ച എന്തായിരുന്നു?    
    ജോലിക്കെത്തിയ വീട്ടിലെ തെങ്ങിന്‍തോപ്പില്‍ അനാഥക്കുഞ്ഞുങ്ങളെപ്പോലെ ഉണക്കത്തേങ്ങകള്‍ മഴനനഞ്ഞു കിടക്കുന്ന കാഴ്ചയാണ് അക്കമ്മയുടെ കരളലിയിപ്പിച്ചത്. മുഖം കരിഞ്ഞ്, കണ്ണീരൊലിപ്പിച്ച്, ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയാണ് തേങ്ങകള്‍. ഒരു പക്ഷേ മാതാപിതാക്കളെ വിട്ട് അന്യനാട്ടിലെത്തിയ തന്റെ അവസ്ഥയും അവളോര്‍ത്തിരിക്കാം.
2. അക്കമ്മ തേങ്ങകള്‍ പെറുക്കി തേങ്ങാപ്പുരയിലിട്ടത് അറിഞ്ഞപ്പോള്‍ വീട്ടമ്മ ഓര്‍ത്തതെന്തെല്ലാം?
    തന്റെ അച്ഛന്‍ മൊട്ടക്കുന്ന് വിലയ്ക്കുവാങ്ങിയതും ഉതിര്‍ന്നുകിടന്ന ചരല്‍ക്കല്ല് നീക്കി കുന്ന് കിളപ്പിച്ചതും തൈക്കുണ്ടുകള്‍ കുഴിച്ചതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി. കുറ്റ്യാടിത്തേങ്ങ തന്നെ വേണം വിത്തിന് എന്നു വാശിപിടിച്ച് അച്ഛന്‍ യാത്ര പുറപ്പെട്ടതും വീട്ടിലെ  ചെലവ് ചുരുക്കി തെങ്ങിന്‍തൈകളെ പരിപാലിച്ചതും അവരുടെ ഓര്‍മ്മയിലെത്തി. തെങ്ങുകളെ പരിപാലിക്കാനായി അമ്മയുടെ ആഭരണങ്ങള്‍ അച്ഛന്‍ പണയം വച്ചതും വിറ്റതുമെല്ലാം അവര്‍ ഓര്‍ത്തു. കൂടാതെ മരിക്കുന്ന ദിവസം അച്ഛന്‍ കോലായിലെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മുറ്റത്തെ തെങ്ങില്‍ നിറഞ്ഞുമുറ്റിയ കുലകള്‍ നോക്കി, മെല്ലെ മിഴികള്‍ താഴ്ത്തി, പതുക്കെ ചുമര് പിടിച്ചുപിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോയതും വീട്ടമ്മയുടെ ഓര്‍മ്മയിലെത്തി.  


പാട്ടിന്റെ പാലാഴി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1. ബാബുരാജിന്റെ ജീവിതത്തെക്കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് 'പാട്ടിന്റെ പാലാഴി' എന്ന പാഠഭാഗത്തുനിന്ന് ലഭിക്കുന്നത്?
    പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിനെക്കുറിച്ച് കെ.ടി. മുഹമ്മദ് എഴുതിയ അനുസ്മരണക്കുറിപ്പാണ് 'പാട്ടിന്റെ പാലാഴി'. തെരുവില്‍ പാടി നടന്ന സാബിര്‍ ബാബു എന്ന കുട്ടിയെ പോലീസ് കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ് കാണുന്നു. അവന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനാഥനായിരുന്ന  സാബിര്‍  ബാബുവിന്  ഭക്ഷണവും  വസ്ത്രവും നല്‍കി, പാട്ടുപാടാന്‍  അവസരമൊരുക്കി.  സാബിര്‍ ബാബുവിന്റെ സംഗീതയാത്രയിലും കുഞ്ഞുമുഹമ്മദ്ക്ക കൂടെനിന്നു. അതുല്യപ്രതിഭയായിരുന്ന സാബിര്‍ ബാബു പിന്നീട് ബാബുരാജ് എന്ന പേരില്‍ പ്രശസ്തനായി. ചലച്ചിത്രലോകത്ത് പകരംവയ്ക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

മയന്റെ മായാജാലം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

 1    ''മുത്തും പവിഴം മരതകം മാണിക്യ-
    മൊത്തു വിളങ്ങും മതിലുകളും
    അച്ഛസ്ഫടികപ്രദേശങ്ങളും പിന്നെ
    സ്വച്ഛങ്ങളാകും തടാകങ്ങളും.''
    ഇന്ദ്രപ്രസ്ഥാനത്തില്‍ മയന്‍ നിര്‍മ്മിച്ച വിസ്മയക്കാഴ്ചകള്‍ നിങ്ങള്‍ കണ്ടല്ലോ? പടയില്‍ തോറ്റോടുന്നവരെക്കുറിച്ച് കുഞ്ചന്‍നമ്പ്യാര്‍ വര്‍ണിച്ചതു നോക്കൂ.

    ''ഉള്ളത്തില്‍ ഭയമേറുക മൂലം
    വെള്ളത്തില്‍ ചിലര്‍ ചാടിയൊളിച്ചു,
    വള്ളിക്കെട്ടുകള്‍ തോറും ചെന്നതി-
    നുള്ളില്‍ പുക്കിതു പലജനമപ്പോള്‍;
    മണ്ണില്‍ പലപല കുഴിയുണ്ടാക്കി-
    പ്പൊണ്ണന്മാര്‍ ചിലരവിടെയൊളിച്ചു
    കണ്ണുമടച്ചു പുതച്ചു കിടന്നൊരു-
    വണ്ണമുറക്കവുമങ്ങു തുടങ്ങി;
    ഒരു ഭാഗത്തെത്തോലു പിളര്‍ന്നി-
    ട്ടൊരുവന്‍ ചെണ്ടയ്ക്കകമേ പുക്കാന്‍,
    പെരുവഴി തന്നിലുരുണ്ടു തിരിച്ചാന്‍
    പെരുതായുള്ളൊരു ചെണ്ടക്കാരന്‍''
 

ഈ സംഭവം തത്സമയ സംപ്രേഷണം ചെയ്യുന്നതിനുവേണ്ടി ഒരു ദൃക്‌സാക്ഷിവിവരണം തയാറാക്കുക.
 യുദ്ധമുഖത്തിപ്പോള്‍ ജീവനും കൊണ്ട് ഓടുന്ന  ഭീരുക്കളായ ഭടന്മാരെയാണ് നാം കാണുന്നത്. ശത്രുവിന്റെ വാളിനിരയാകുമെന്ന ഭയം നിമിത്തം അവര്‍  രക്ഷകിട്ടുമെന്നു തോന്നുന്നയിടത്തേക്കെല്ലാം ചാടിക്കയറുന്നു. ചിലരതാവെള്ളത്തില്‍ മുങ്ങിയൊളിക്കുന്നു. മറ്റു ചിലരാവട്ടെ, വള്ളിപ്പടര്‍പ്പുകളിലേക്ക് ഓടിക്കയറുന്നു. ചില തടിയന്മാര്‍ മണ്ണില്‍ കുഴികളുണ്ടാക്കി അതില്‍ കിടക്കുന്നു. അവിടെ ഒന്നുമറിയാത്തമട്ടില്‍ കണ്ണുകളുമടച്ച് ഉറക്കംനടിച്ചു കിടപ്പാണവര്‍. ചില മിടുക്കന്മാര്‍ ചെണ്ടയുടെ ഒരു ഭാഗത്തെ തോലുപൊളിച്ച് അതിനുള്ളിലൊളിക്കുന്നു. ചെണ്ടക്കാരന്‍ പെരുവഴിയിലൂടെയും. ഇനിയും ഇത്തരത്തിലുള്ള അനേകം രസക്കാഴ്ചകള്‍ യുദ്ധക്കളത്തില്‍ കാണാനുണ്ട്. അതിസാഹസന്മാരും ധീരന്മാരുമാണെന്ന്   വീമ്പുപറയുന്നവരെയാണ്  ഇവിടെയിപ്പോള്‍ നാം കാണുന്നത്. ഒരു ചെറിയ മറപോലും രക്ഷാസ്ഥാനമായി കാണുന്ന 'ധീരപോരാളികള്‍' എന്നുതന്നെ ഇവരെ പറയാം.

കേരളപാഠാവലി (യൂണിറ്റ്-2) : കലയുടെ കേദാരം - കൂടുതല്‍ വിവരങ്ങള്‍ (Class 6)

 പാഠം 1 - പാട്ടിന്റെ പാലാഴി

കോഴിക്കോട് അബ്ദുല്‍ഖാദര്‍
    കോഴിക്കോട് മിഠായിത്തെരുവില്‍ വാച്ച്കമ്പനി നടത്തിയിരുന്ന വയലിന്‍ വിദ്വാന്‍ ജെ. എസ്. ആന്‍ഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്‌ലി ആന്‍ഡ്രൂസ് എന്നായിരുന്നു ആദ്യപേര്. പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി. തൊഴില്‍തേടി 1933- ല്‍ റംഗൂണിലേക്കുപോയി. അക്കാലത്ത് പരിചയപ്പെട്ട ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തില്‍ പുതിയ തലങ്ങള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
    1936-ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ  അദ്ദേഹം അധികംതാമസിയാതെ മികച്ച ജനകീയഗായകന്‍ എന്ന ഖ്യാതി നേടി. സിനിമയയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940 -ല്‍ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല.ബോംബെയിലെ ഭായ് സുന്ദര്‍ഭായ് ഹാളില്‍ സൈഗാളിന്റെ 'സോജാ രാജകുമാരീ സോജാ' തുടങ്ങിയ ഗാനങ്ങളും പങ്കജ് മല്ലിക്കിന്റെ ഗാനങ്ങളും പാടിത്തകര്‍ത്ത ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചത് ബോംബെ ക്രോണിക്കിള്‍' എന്ന പ്രസിദ്ധ പത്രത്തിന്റെ  എഡിറ്റര്‍ അബ്‌റാര്‍ഖാനാണ്.
    നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ ആകാശവാണി നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 1951- ല്‍ ദക്ഷിണാമൂര്‍ത്തിയാണ് 'നവലോകം' എന്ന സിനിമയിലൂടെ അബ്ദുല്‍ ഖാദറിനെ ചലച്ചിത്രപിന്നണിഗായകനായി അവതരിപ്പിക്കുന്നത്. 'തിരമാല'യിലെ 'താരകം ഇരുളില്‍ മായുകയോ', എന്തിന് കരളില്‍ ബാഷ്പധാര' എന്നീ ഗാനങ്ങള്‍ പ്രസിദ്ധമാണ്. 'നീലക്കുയില്‍' എന്ന സിനിമയിലെ 'എങ്ങിനെ നീ മറക്കും കുയിലേ' എന്ന ഗാനമാണ് ഖാദര്‍ പാടിയതില്‍വച്ച് ഏറ്റവും അനശ്വരമായത്. അദ്ദേഹത്തിന്റെ നാടകഗാനങ്ങളും വളരെയേറെ ജനപ്രീതി നേടി.
 

Friday, August 26, 2022

അശ്വതി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.     കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഒരു പ്രതികരണക്കുറിപ്പ് തയാറാക്കുക.
        ഇന്ന്  കുട്ടികള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍  വര്‍ധിച്ചുവരികയാണ്.  പതിന്നാലു  വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, ബാലവേലകളില്‍നിന്നുള്ള മോചനം, സ്‌നേഹം, സുരക്ഷ തുടങ്ങിയ അവകാശങ്ങള്‍ ഭരണഘടന കുട്ടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാലിന്ന് നമ്മുടെ നാട്ടില്‍ ഈ വ്യവസ്ഥയെ കാറ്റില്‍പ്പറപ്പിച്ച് ശൈശവ വിവാഹവും കുട്ടികളോടുള്ള ചൂഷണങ്ങളും  അരങ്ങുവാഴുന്നതായി കാണാം. ബന്ധപ്പെട്ട വകുപ്പുകളും  ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം.
        ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. രാജ്യത്തെ  വളര്‍ച്ചയിലേക്കും ഐശ്വര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കേണ്ടവര്‍. അതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഓരോ മുതിര്‍ന്ന പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ, നിലനില്‍പ്പിനെക്കരുതി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കടമയായി
നാം കരുതണം. ഇതിനെതിരെ നാം പോരാടണം.
2. ''കഷ്ടിച്ച് ആറോ ഏഴോ വയസ്സുമാത്രം മതിക്കുന്ന ആ പെണ്‍കുട്ടിക്ക് പറിച്ചുനട്ടതിനുശേഷം  വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യമുണ്ടായിരുന്നു.''                              (അശ്വതി)
അശ്വതിയെക്കുറിച്ച് എന്തെല്ലാം  കാര്യങ്ങള്‍ ഈ വാക്യത്തില്‍നിന്ന് മനസ്സിലാക്കാം? പ്രയോഗഭംഗി വിശദീകരിച്ചു കുറിപ്പ് തയാറാക്കുക.

        ദരിദ്രയായ ഒരു തമിഴ്ബാലികയാണ് അശ്വതി. അവളനുഭവിക്കുന്ന ദാരിദ്ര്യം അവളുടെ രൂപത്തിലും  ഭാവത്തിലും തെളിഞ്ഞുനില്‍ക്കുന്നു. പറിച്ചുനട്ടതിനുശേഷം വെള്ളം കിട്ടാത്തതിനാല്‍ വാടിപ്പോയ ഒരു ചെടിയുടെ ദൈന്യതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു അവളുടെ കുടുംബം. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നും മാറി അന്യനാട്ടില്‍ ജീവിക്കുമ്പോഴുണ്ടാവുന്ന ദൈന്യമാണ് അവള്‍ക്കുണ്ടായിരുന്നത്. മുളച്ച മണ്ണില്‍നിന്ന് വേര്‍പെടുത്തിയ ചെടിക്ക് മറ്റൊരു മണ്ണില്‍ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും. ആവശ്യത്തിന് വെള്ളവും മറ്റും ലഭിച്ചില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ചതന്നെ മുരടിച്ചുപോയേക്കാം. അതേ അവസ്ഥതന്നെയാണ് കഥയിലെ പെണ്‍കുട്ടിക്കും ഉണ്ടായിരുന്നത്. ക്ഷീണിച്ച മുഖത്തോടെ നില്‍ക്കുന്ന ദരിദ്രയായ ആ  തമിഴ്ബാലികയെ പറിച്ചുനടപ്പെട്ട ചെടിയോട് ഉപമിച്ചത് തികച്ചും ഔചിത്യപരമാണ്. പറിച്ചുനടപ്പെട്ട ചെടിയും  ഈ കഥയിലെ കുട്ടിയും ഒരുപോലെയാണെന്ന് പറയുന്നതിലൂടെ കുട്ടിയുടെ ദൈന്യത മുഴുവന്‍ കഥാകൃത്ത് വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു.

അടയ്ക്ക പെറുക്കുന്നവര്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    'അടയ്ക്ക പെറുക്കുന്നവര്‍' എന്ന  കഥ നല്‍കുന്ന സന്ദേശം എന്ത്? 

ഒരു കുല അടയ്ക്ക എടുത്തതിന്റെ പേരില്‍ ചന്ദ്രേട്ടന്‍ ക്രൂരമായ മര്‍ദനത്തിനിരയായി. കള്ളനെന്നു മുദ്രകുത്തി നാടുകടത്തപ്പെട്ട അയാളുടെ ജീവിതത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കുന്ന കഥയാണ് 'അടയ്ക്ക പെറുക്കുന്നവര്‍.' ഇരുപത്തിയഞ്ചുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ ചന്ദ്രേട്ടനെ,   ജഗന്റെ    തറവാട്ടിലെ   അടയ്ക്കാതോട്ടത്തിന്റെ  ദയനീയാവസ്ഥ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഏതുവിധേനയും തോട്ടം പൂര്‍വസ്ഥിതിയിലാക്കാനാണ്
പിന്നീട് അയാളുടെ ശ്രമം. അതിലയാള്‍ വിജയിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തോട്ടം വിളവെടുക്കാന്‍ പാകത്തിലായി. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ചന്ദ്രേട്ടന്‍ വന്നതുപോലെതന്നെ ആരുമറിയാതെ അപ്രത്യക്ഷനായി. മണ്ണിനെ അറിഞ്ഞു സ്‌നേഹിക്കുന്നവനാണ് കര്‍ഷകന്‍. അത്തരം കര്‍ഷകരെയാണ് കാലഘട്ടത്തിന്റെ ആവശ്യം. കൃഷി കേവലമൊരു വരുമാനമാര്‍ഗമല്ല. അതൊരു തപസ്സാണ്. അതൊരു സംസ്‌കാരമാണ്. എവിടെയിരുന്നാലും കര്‍ഷകനെ മണ്ണ് മാടിവിളിച്ചുകൊണ്ടേയിരിക്കും എന്ന സന്ദേശമാണ് ഈ കഥ നല്‍കുന്നത്.
2. 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥയിലെ ചന്ദ്രേട്ടന്റെ രൂപത്തെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
    മുന്‍വരിയിലെ ഇളകിപ്പോയ പല്ലുകള്‍ ഉണ്ടാക്കിയ വിടവിലൂടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രേട്ടനെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. കൈയില്‍ ഒരു കായസഞ്ചി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ചന്ദ്രേട്ടന്റെ മൂക്കിനു താഴെ ഇടതുവശത്തായി ഒരു കരുവാറ്റയുമുണ്ട്. പുരികത്തില്‍ വന്നുവീഴുന്ന കോലന്‍മുടി.ഒരു പാമ്പിന്‍പത്തിപോലെ കൊത്താന്‍ തയാറായി നില്‍ക്കുന്നതാണ് അയാളുടെ മൂക്ക്. ഇങ്ങനെ ശാരീരികമായി ഒട്ടേറെ പ്രത്യേകതകള്‍ ചന്ദ്രേട്ടനുണ്ട്.


കൈയെത്താദൂരത്ത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-7)

 1.    ''അച്ഛന് എവിടെച്ചെന്നാലും സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹം ജാതിമതഭേദം വകവച്ചിരുന്നില്ല.''
    ലളിതാംബിക അന്തര്‍ജനം തന്റെ അച്ഛനെക്കുറിച്ച് പറയുന്നതാണിത്. അദ്ദേഹത്തിന്റെ  കാഴ്ചപ്പാട് മാതൃകാപരമല്ലേ? നിങ്ങളുടെ അഭിപ്രായം സമര്‍ഥിക്കുക.

     ലളിതാംബിക അന്തര്‍ജനത്തിന്റെ അച്ഛന് സമൂഹത്തെക്കുറിച്ച് വ്യക്തമായ  ധാരണകളുണ്ടായിരുന്നു. ജാതിമതഭേദമെന്യേ മറ്റുള്ളവരെ ആദരിക്കുന്നവരാണ് മഹദ്‌വ്യക്തികള്‍. അവരിലാണ്   യഥാര്‍ഥത്തില്‍    ഈശ്വരചൈതന്യം കുടികൊള്ളുന്നത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകളുടെ പൊരുള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനിര്‍മ്മിതമായ വര്‍ഗീയചിന്തകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു എന്നത് വ്യക്തമാണ്. എവിടെച്ചെന്നാലും  അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു എന്നത് ഇതിനു തെളിവാണ്. പരസ്പര ഐക്യം നിലനിര്‍ത്തുക എന്നത് അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നാണ്. തികച്ചും മാതൃകാപരമായ രീതിയാണ് എഴുത്തുകാരിയുടെ അച്ഛന്‍  പുലര്‍ത്തിയിരുന്നത്.
2.    കുട്ടിയായ ലളിതാംബിക അന്തര്‍ജനം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് തന്റെ കൂട്ടുകാരിക്ക് എഴുതാനിടയുള്ള കത്ത് തയാറാക്കുക.    
                                      സ്ഥലം
                                      തീയതി
    പ്രിയപ്പെട്ട സൗദാമിനീ,
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? സുഖമാണെന്നു കരുതുന്നു. ഞാനൊരു സന്തോഷവാര്‍ത്ത അറിയിക്കുവാനാണ് ഈ കത്തെഴുതുന്നത്. നിനക്കെന്നെങ്കിലും ശ്രീനാരായണഗുരുവിനെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടെന്നു നീ പറഞ്ഞില്ലേ. എന്നാല്‍ ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തെ ഞാന്‍ നേരിട്ടു കണ്ടു! എന്നുമാത്രമല്ല, അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു! അച്ഛന്റെ ഗൃഹസദസ്സുകളില്‍വച്ച് നാരായണഗുരുവിനെപ്പറ്റി കേട്ടിരുന്നെങ്കിലും കൂടുതലറിയാന്‍ എനിക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നേരിട്ടുകണ്ടപ്പോഴാണ് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് എനിക്കു മനസ്സിലായത്. ഞാന്‍ പച്ചക്കിളിക്കു പിന്നാലെ ഓടുന്നത് ശ്രദ്ധിച്ച അദ്ദേഹം പച്ചക്കിളിയെ കിട്ടണമെങ്കില്‍ കൂടെപ്പറക്കാന്‍ പഠിക്കണമെന്ന് എന്നോടു പറഞ്ഞു. 'അതിനെനിക്കു ചിറകില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞതിന് 'ചിറകുണ്ടാകണം അതാണ് മിടുക്കെ'ന്നാണ് ഗുരു മറുപടി പറഞ്ഞത്.  അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അദ്ദേഹത്തെ വീണ്ടും കാണാന്‍ എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. അടുത്തതവണ അച്ഛന്റെ കൂടെ പോകുമ്പോള്‍ നിന്നെക്കൂടി കൂട്ടണം എന്നാണ് എന്റെ ആഗ്രഹം. പോകുന്ന  ദിവസമേതെന്ന് ഞാന്‍ നിന്നെ അറിയിക്കാം. നീ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
                                    സ്‌നേഹപൂര്‍വം,
                                      ലളിതാംബിക

കേരളപാഠാവലി (യൂണിറ്റ്-2) : സ്വപ്നങ്ങള്‍ വാക്കുകള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 7)


പാഠം 1    -  അടയ്ക്ക പെറുക്കുന്നവര്‍
സെന്‍കഥകള്‍
കാഴ്ചയ്ക്ക് വളരെ ചെറുതെന്നു തോന്നുന്നവയാണ് സെന്‍കഥകള്‍. ദൈര്‍ഘ്യം കുറഞ്ഞ ഈ കഥകള്‍ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നവയാണ്. ബോധോദയമാണ് ഈ കഥകളുടെ ലക്ഷ്യം. ചൈനയില്‍വെച്ച് ബുദ്ധമതാശയങ്ങളും താവോയിസവും സംഗമിച്ചുണ്ടായതാണ് സെന്‍.
ചെറുകഥാപ്രസ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രൂപംകൊണ്ട പാശ്ചാത്യമായ ഒരു സാഹിത്യരൂപമാണ് ചെറുകഥ.1891-ല്‍  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതി, വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ച 'വാസനാവികൃതി' ആണ് മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിച്ചുവരുന്നത്.  തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, ഉറൂബ്,  ടി. പത്മനാഭന്‍, മാധവിക്കുട്ടി, ഒ.വി.  വിജയന്‍, സേതു,   വി.കെ.എന്‍., അക്ബര്‍ കക്കട്ടില്‍, യു.കെ. കുമാരന്‍, സുഭാഷ്ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, അഷിത തുടങ്ങിയവര്‍ മലയാളസാഹിത്യത്തിലെ ചെറുകഥാപ്രസ്ഥാനത്തെ സമ്പുഷ്ടമാക്കി.


ആ വാഴവെട്ട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1.     'ആ വാഴവെട്ട്' എന്ന കഥയുടെ അവതരണരീതി വിലയിരുത്തുക.
     ലളിതവും ഋജുവുമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'. മര്‍ക്കോസുചേട്ടന്റെ വാര്‍ധക്യവും ആ കര്‍ഷകകുടുംബത്തിലെ  ദാരിദ്ര്യവും   മറ്റും സൂചനകളിലൂടെയാണ് കഥാകൃത്ത് നമ്മെ അനുഭവിപ്പിക്കുന്നത്. കഞ്ഞിയിലെ കീടങ്ങളും പ്രാണികളും ഭക്തരുടെ നോമ്പിന് ഭംഗമുണ്ടാക്കുമെന്ന മര്‍ക്കോസിന്റെ  അഭിപ്രായത്തിന്  അല്‍പ്പം പരിഹാസച്ചുവയുണ്ട്. ചെറുവിവരണങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ഈ കഥയുടെ മനോഹാരിത കൂട്ടുന്നു. സ്‌നേഹസമ്പന്നനായ ഒരു വൃദ്ധപിതാവിന്റെയും  നിസ്സഹായനായ ഒരു കര്‍ഷകന്റെയും ചിത്രം ഒറ്റവായനയില്‍ത്തന്നെ വായനക്കാരുടെ മനസ്സില്‍ തെളിയുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും ആ കര്‍ഷകന്‍ പ്രതീക്ഷ കൈവെടിയുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വരാന്‍പോകുന്ന പട്ടിണിയും ക്ഷാമവും മുന്‍കൂട്ടിക്കാണാന്‍ കഴിവില്ലാത്തവര്‍ എന്തിനാണ് വലിയ ശമ്പളം
വാങ്ങി അധികാരക്കസേരകളിലിരിക്കുന്നത് എന്ന ചോദ്യം അക്കാലത്തു മാത്രമല്ല, ഇക്കാലത്തും പ്രസക്തമാണ്. അവഗണനയും നിന്ദയുമേറ്റ് എന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയാനാണ് കര്‍ഷകന്റെ വിധിയെന്ന സങ്കടം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് 'ആ വാഴവെട്ട്'.
2.    ''എല്ലുകള്‍ ഉന്തിനില്‍ക്കുന്ന ആ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അര്‍ധനഗ്നമായ ശരീരവും ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ ഒരു കൃഷിക്കാരനെന്ന് വിളിച്ചുപറയും.'' ഈ വാക്യം വ്യക്തമാക്കുന്നതെന്ത്?
    എല്ലുമുറിയെ പണിയെടുത്താലും ദാരിദ്ര്യം മാത്രം മിച്ചംകിട്ടുന്ന കൃഷിക്കാരന്റെ ദുരന്തചിത്രമാണ് ഈ വാക്യം വരച്ചുകാട്ടുന്നത്. മര്‍ക്കോസുചേട്ടന്റെ ശരീരവര്‍ണന അയാള്‍ ഒരു നല്ല കൃഷിക്കാരനാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉന്തിയ എല്ലും കുഴിഞ്ഞ കണ്ണും വളഞ്ഞ നട്ടെല്ലും അര്‍ധനഗ്നമായ ശരീരവും മര്‍ക്കോസുചേട്ടന്റെ അത്യധ്വാനവും ദാരിദ്ര്യാവസ്ഥയുമാണ് വിളിച്ചോതുന്നത്. പട്ടിണിമാറ്റാനുള്ള വകപോലും അയാള്‍ക്ക് കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്.
3. ''ഒരു കര്‍ഷകന്റെ  മുഖത്ത്  പ്രസന്നതയന്വേഷിക്കാന്‍ കേരളത്തിനു നേരമില്ല.'' ഈ വരികള്‍ സൂചിപ്പിക്കുന്നതെന്താണ്? നിങ്ങളുടെ  അഭിപ്രായം  ക്രോഡീകരിക്കുക.
    ഋതുഭേദങ്ങളും കൃഷിയുമാണ് നമ്മുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഇന്ന് കൃഷിയോടോ കര്‍ഷകരോടോ നമുക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു. ആഗോളവല്‍ക്കരണവും വ്യവസായവിപ്ലവവും പാശ്ചാത്യസംസ്‌കാരത്തോടുള്ള ആഭിമുഖ്യവും നമ്മെ ഭ്രമാത്മകമായ  മറ്റൊരു ലോകത്തില്‍ എത്തിച്ചിരിക്കുന്നു. കര്‍ഷകന്റെ  ദുഃഖം കാണാന്‍ ആര്‍ക്കും കണ്ണില്ല. ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന  ഒരു തലമുറയായി നാം മാറിയിരിക്കുന്നു.

പൂക്കളും ആണ്ടറുതികളും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

 1. കേരളം ഒരു പൂപ്പാലികയാണെന്ന് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്തുകൊണ്ട്?  പൂക്കളാല്‍ സമ്പന്നമാണ് കേരളം. നമ്മുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം പൂക്കള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. നാടിന്റെ ഐശ്വര്യത്തിനും ആത്മോല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പൊന്‍നാണയങ്ങളാണ് പൂക്കളെന്ന് വി.ടി. ഭട്ടതിരിപ്പാട് പറയുന്നു. നമ്മുടെ മുറ്റത്തും തൊടിയിലും വഴിവക്കിലും കുന്നിന്‍ചരിവുകളിലുമെല്ലാം വിവിധതരത്തിലുള്ള പൂക്കള്‍ സമൃദ്ധമായി വിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് കേരളം ഒരു പൂപ്പാലികയാണെന്ന് ലേഖകന്‍ പറയുന്നത്.
2. ''കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍.'' കേരളത്തിന്റെ ആണ്ടറുതികളെക്കുറിച്ച് വി.ടി.ഭട്ടതിരിപ്പാട് പറയുന്നതെന്താണ്? 

കേരളത്തിനുമുണ്ട് അതിന്റേതായ ആണ്ടറുതികള്‍. ഓണം, വിഷു, തിരുവാതിര - ഇങ്ങനെ വ്യത്യസ്ത ഋതുക്കളില്‍ വ്യത്യസ്ത സംവിധാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ മൂന്നിന്റെയും പശ്ചാത്തലം വെവ്വേറെയാണ്.  വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണെന്നു വി.ടി. ഭട്ടതിരിപ്പാട് വിചാരിക്കുന്നു.  ഗ്രീഷ്മത്തില്‍ വിഷു, ശരത്തില്‍ ഓണം, ഹേമന്തത്തില്‍ തിരുവാതിര - ഇങ്ങനെയാണ് 'ശാര്‍ങ്ഗധരസംഹിത'യിലെ നിര്‍വചനമെന്നും അദ്ദേഹം പറയുന്നു.

വഴിയാത്ര എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class-8)

1.     സാധാരണയാത്രയുടെ ലക്ഷ്യവും  ജീവിതയാത്രയുടെ ലക്ഷ്യവും ഒന്നുതന്നെയാണോ? വിശദീകരിക്കുക.     
    സാധാരണയാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കും. പോകാനുള്ള വഴിയേതെന്ന് മുന്‍കൂട്ടി തീരുമാനിക്കാനും പണവും മറ്റും കരുതിവയ്ക്കാനും കഴിയും. ജീവിതയാത്രയുടെ ലക്ഷ്യം അത്ര എളുപ്പത്തില്‍ നിശ്ചയിക്കാനാവില്ല. അതുകൊണ്ട് വഴിയും മുന്നൊരുക്കങ്ങളും കൃത്യമായി നിശ്ചയിക്കാനുമാവില്ല. യാത്രയെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുന്നത് മൂല്യങ്ങള്‍ തന്നെയാണ്. ഒറ്റയ്ക്കാണ് യാത്രയെങ്കിലും മറ്റുള്ളവരുമായി കൈകോര്‍ത്തുവേണം മുന്നേറാന്‍. പണമോ പ്രതാപമോ ഒന്നും ജീവിതയാത്രയുടെ വിജയത്തിന് സഹായിക്കില്ല.
2. 'വഴിയാത്ര' എന്ന പാഠഭാഗം നല്‍കുന്ന സന്ദേശമെന്ത്?  
    പുരോഗതിയും വളര്‍ച്ചയും വികസനവുമൊന്നും ഇത്രയേറെ ഇല്ലാതിരുന്ന പഴയകാലത്ത് മനുഷ്യര്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായിരുന്നു. സഹകരണവും സ്‌നേഹവും പങ്കുവയ്ക്കലുമെല്ലാം അന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് മനുഷ്യര്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും വിഷം സമൂഹമാകെ പടര്‍ന്നിരിക്കുന്നു. ആ സത്യം എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ലേഖനമാണ്  'വഴിയാത്ര.'


Thursday, August 25, 2022

കേരളപാഠാവലി (യൂണിറ്റ്-2) : - വായ്ക്കുന്നു ഭൂമിക്കു വര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 8)


പാഠം 1    -   പൂക്കളും ആണ്ടറുതികളും
ഋതുക്കള്‍

വസന്തം, ശിശിരം, ഹേമന്തം, ഗ്രീഷ്മം, ശരത്, വര്‍ഷം
ഭൂമിയുടെ  പരിക്രമണംമൂലം  പ്രകൃതിക്കു സംഭവിക്കുന്ന  മാറ്റങ്ങളാണ് ഋതുഭേദങ്ങള്‍ക്ക് അടിസ്ഥാനം. പാശ്ചാത്യ
നാടുകളില്‍   നാല് ഋതുക്കളാണുള്ളത്.  എന്നാല്‍ ആറു ഋതുക്കളായിട്ടാണ് ഭാരതീയര്‍ ഒരു വര്‍ഷത്തെ വിഭജിച്ചിരിക്കുന്നത്. മലയാളമാസങ്ങള്‍ അനുസരിച്ച് ചിങ്ങം-കന്നിമാസങ്ങള്‍ വസന്തകാലവും, തുലാം-വൃശ്ചികം മാസങ്ങള്‍ ശിശിരവും, ധനു-മകരം മാസങ്ങള്‍ ഹേമന്തവും, കുംഭം-മീനം മാസങ്ങള്‍  ഗ്രീഷ്മവും, മേടം-ഇടവം മാസങ്ങള്‍ ശരത്തും, മിഥുനം-കര്‍ക്കടകം മാസങ്ങള്‍ വര്‍ഷവുമായി കണക്കാക്കാം.
ശാര്‍ങ്ഗധരസംഹിത 
 മനുഷ്യരുള്‍പ്പെടെയുള്ള  സകലജീവജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രകൃതിയിലെ സകല ജീവജാലങ്ങളും പരസ്പരസ്‌നേഹത്തോടെ  സഹകരിച്ചും  
പിന്തുണച്ചും  ജീവിക്കുമ്പോഴാണ് ഭൂമിയില്‍ സ്വര്‍ഗം സംജാതമാവുന്നത്. ഇതിന് തടസ്സം സംഭവിക്കുന്നതാണ്  നരകം.  പ്രാചീനകാലം മുതല്‍  ഭാരതീയര്‍  പാലിച്ചുവന്ന ഈ പരിസ്ഥിതിദര്‍ശനത്തിന്റെ  പൊരുള്‍  ഉള്‍ക്കൊള്ളുന്ന  കൃതിയാണ് 'ശാര്‍ങ്ഗധരസംഹിത'. പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങ്ഗധരാചാര്യന്‍ രചിച്ചതാണ് 'ശാര്‍ങ്ഗധരസംഹിത'.വൃക്ഷങ്ങളുടെ  ചികിത്സയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ടാണ്  'വൃക്ഷായുര്‍വേദം' എന്ന  പേരിലും ഈ കൃതി  അറിയപ്പെടുന്നത്.
   ''ദശകൂപസമാ വാപീ
    ദശവാപിസമോ ഹ്രദഃ
    ദശഹ്രദഃസമ പുത്രോ
    ദശപുത്രോ സമോ ദ്രുമഃ''
 എന്നത് ഇതിലെ പ്രശസ്തമായ ശ്ലോകമാണ്.
(പത്തു കിണറിന് തുല്യമാണ്  ഒരു കുളം. പത്തു കുളത്തിന് തുല്യമാണ്  ഒരു ജലാശയം. പത്തു ജലാശയത്തിന് തുല്യമാണ്  ഒരു പുത്രന്‍. പത്തു പുത്രന്മാര്‍ക്കു തുല്യമാണ്  ഒരു വൃക്ഷം. ഇതാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം.)  
ശാര്‍ങ്ഗധരാചാര്യന്‍ മലയാളിയായിരുന്നുവെന്നാണ്  ചില പണ്ഡിതന്മാര്‍ അഭിപ്രായെപ്പടുന്നത്.


കേരളപാഠാവലി (യൂണിറ്റ്-2) : മനുഷ്യകഥാനുഗായികള്‍- കൂടുതല്‍ വിവരങ്ങള്‍ (Class 9)

 പാഠം 1  - അമ്മ
👉 ഉപ്പുസത്യഗ്രഹം
ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ഉപ്പുസത്യഗ്രഹം. 78 സത്യഗ്രഹികളുമായി ഗാന്ധിജി 1930 മാര്‍ച്ച് 12 ന് ദണ്ഡിയാത്ര തുടങ്ങി. സബര്‍മതിയില്‍നിന്ന് 390 കിലോമീറ്റര്‍ നടന്നാണ് സമരക്കാര്‍ ദണ്ഡിയിലെത്തിയത്. കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തിലാണ് ഉപ്പുസത്യഗ്രഹം നടത്തിയത്. കോഴിക്കോടുനിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് സത്യഗ്രഹികള്‍ ജാഥയായി എത്തുകയും ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു.
👉 വൈക്കം സത്യഗ്രഹം
അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആരംഭിച്ച സത്യഗ്രഹമാണിത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച സമരത്തിന് ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു. കെ. കേളപ്പന്‍, കെ. പി. കേശവമേനോന്‍, ടി. കെ. മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ. കെ. പിള്ള, മന്നത്ത് പത്മനാഭന്‍, ടി. ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്. സമരം 603 ദിവസം നീണ്ടുനിന്നു. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ എത്തിക്കുവാന്‍ വൈക്കം സത്യഗ്രഹം കാരണമായി. പിന്നീടുണ്ടായ ക്ഷേത്രപ്രവേശന വിളംബരത്തിന് ശക്തമായ പ്രേരണ ചെലുത്താന്‍ വൈക്കം സത്യഗ്രഹത്തിനുകഴിഞ്ഞു.

Monday, August 22, 2022

ഹരിതമോഹനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    'ഇവിടെനിന്നൊരു പതിനെട്ടുകിലോമീറ്റര്‍ ദൂരെ ആ കോള്‍പ്പാടത്തിന്റെ വടക്കുമാറി ഒരു പ്ലോട്ട് കിടപ്പുണ്ട്. ബ്രോക്കറില്ലാത്ത കച്ചവടമാ.''
    - ഈ സ്ഥലം അരവിന്ദാക്ഷന് അനുയോജ്യമാണെന്നു രാജന്‍പിള്ള തീരുമാനിക്കുന്നതിലെ യുക്തി വ്യക്തമാക്കുന്ന രണ്ട് സൂചനകള്‍ എഴുതുക.

    ആ സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് വിലയല്ല, അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണുള്ളത്. മരങ്ങളോടും ചെടികളോടുമുള്ള അരവിന്ദാക്ഷന്റെ ഇഷ്ടം  രാജന്‍പിള്ളയ്ക്ക് നന്നായറിയാം. അവിടെ നില്‍ക്കുന്ന മരങ്ങളൊക്കെ അരവിന്ദാക്ഷന്‍ വെട്ടിമുറിക്കുകയില്ലെന്ന വിശ്വാസവും രാജന്‍പിള്ളയ്ക്കുണ്ട്. അതുകൊണ്ടാണ് ഈ സ്ഥലം അരവിന്ദാക്ഷന്  അനുയോജ്യമാണെന്ന് രാജന്‍പിള്ള തീരുമാനിച്ചത്.
2.    ''എട്ടുംപൊട്ടും തിരിയാത്ത പിള്ളാര്‍ക്കാണോ രണ്ടു പിള്ളാരുടെ അച്ഛനായ നിങ്ങള്‍ക്കാണോ ഇപ്പോ കളിപ്രായവും വിവരമില്ലായ്മയും?'' സുമന ഇങ്ങനെ അഭിപ്രായപ്പെട്ടത്  എന്തുകൊണ്ടാണ്?
    ചില്ലുഭരണിയില്‍ മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ക്രൂരതയായിട്ടാണ് അരവിന്ദാക്ഷന്‍ കരുതിയിരുന്നത്. വീട്ടില്‍ ലൗബേഡ്‌സിനെ വളര്‍ത്താനും അയാള്‍ അനുവദിച്ചിരുന്നില്ല. ആ  അരവിന്ദാക്ഷനാണ് പറമ്പില്‍ പടര്‍ന്നുപന്തലിച്ച് വലുതായി വളരേണ്ട വൃക്ഷങ്ങളുടെ തൈകളെ ചട്ടിയില്‍ വളര്‍ത്താന്‍ തുടങ്ങുന്നത്. ഇതു കണ്ടപ്പോഴാണ് എട്ടുംപൊട്ടും തിരിയാത്ത മക്കള്‍ക്കാണോ അതോ രണ്ടു കുട്ടികളുടെ അച്ഛനായ നിങ്ങള്‍ക്കാണോ കളിപ്രായവും വിവരമില്ലായ്മയും എന്ന്  സുമന ചോദിക്കുന്നത്. സാമാന്യബുദ്ധിക്ക്  നിരക്കാനാവാത്ത കാര്യങ്ങളാണ് അരവിന്ദാക്ഷന്‍ ചെയ്യുന്നതെന്ന ധ്വനിയാണ് സുമനയുടെ വാക്കുകളിലുള്ളത്.
3. $''ഒരു മഹാനഗരത്തില്‍ താമസിക്കുന്നതിനിടെ  മണ്ണന്വേഷിച്ചുപോകേണ്ടിവരുമ്പോഴേ  മണ്ണ്  കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ.''
    $''ഇറച്ചിക്കുവേണ്ടി  ജീവനെടുത്ത  ജന്തുവിന്റെ  ചോരയേക്കാള്‍  അറപ്പിക്കുന്നതും   നികൃഷ്ടവുമാണോ  മണ്ണ്?''
    ആധുനികനഗരജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് മേല്‍ക്കൊടുത്ത വാക്യങ്ങളിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.

    മണ്ണില്‍നിന്നും പ്രകൃതിയില്‍നിന്നും അകന്നാണ് ആധുനികനഗരജീവിതം. അതുകൊണ്ടാണ് ഒരു ഇലഞ്ഞിത്തൈ നടാനായി ഇത്തിരിമണ്ണ് താമസസ്ഥലത്തിന് അരക്കിലോമീറ്റര്‍ അകലെനിന്ന് അരവിന്ദാക്ഷന് കൊണ്ടുവരേണ്ടിവന്നത്. ആ മണ്ണില്‍നിന്നും അല്‍പ്പം ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ വീണത് അവിടുത്തെ താമസക്കാര്‍ വലിയ പ്രശ്‌നമാക്കി. എന്നാല്‍ അതേ ലിഫ്റ്റില്‍ ചോരത്തുള്ളികള്‍ വീണത് അവര്‍ക്ക് അത്ര വലിയ പ്രശ്‌നമല്ല. ഇറച്ചിക്കുവേണ്ടി ജീവനെടുത്ത ഒരു ജന്തുവിന്റെ ചോരയേക്കാള്‍ അറപ്പിക്കുന്നതും നികൃഷ്ടവുമാണ് അവര്‍ക്ക് മണ്ണ്. മണ്ണിനെയും പ്രകൃതിയെയും അറിയാത്തവരായും അതിന് വിലകല്‍പ്പിക്കാത്തവരായും ആധുനികനഗരവാസികളില്‍ ഏറിയപങ്കും മാറിയിരിക്കുന്നു. മണ്ണും മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ടെങ്കില്‍ മാത്രമേ തങ്ങളുള്‍പ്പെടെയുള്ള മനുഷ്യരുടെ ജീവിതം സാധ്യമാവുകയുള്ളൂവെന്ന ചിന്തയും അവര്‍ക്കില്ല. അങ്ങേയറ്റം അപകടകരമാണിത്.


അമ്മ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1. ''വാളും ബയനറ്റും  കൈവിലങ്ങുകളും ഭിത്തിയില്‍ കിടന്നു ഭീകരതയോടെ മിന്നുന്നുണ്ടായിരുന്നു. അതിന്റെ കഠിനമായ തിളക്കവും സ്റ്റേഷനില്‍ നിന്നിരുന്ന പോലീസുകാരുടെ ക്രൂരമുഖവും എന്നെ വല്ലാതെ പേടിപ്പെടുത്തി. നരകത്തിന്റെ ഒരു ഓര്‍മ്മയാണ് എനിക്കു വന്നത്.'' (അമ്മ)
    -'നരകത്തിന്റെ ഒരു ഓര്‍മ്മ' എന്ന പ്രയോഗത്തിന്റെ ഔചിത്യം വിലയിരുത്തുക.    

    വിദേശഭരണത്തിന്റെ നാളുകളില്‍ പോലീസ്‌സ്റ്റേഷനുകള്‍ ക്രൂരമായ മര്‍ദനകേന്ദ്രങ്ങളായിരുന്നു. സ്വാതന്ത്ര്യസമരസേനാനികളെ ഭീകരമായി മര്‍ദിച്ച് സമരം അടിച്ചമര്‍ത്തുന്നതിനുള്ള കര്‍ശനനിര്‍ദേശമാണ് അക്കാലത്ത് ഭരണാധികാരികള്‍ പോലീസുകാര്‍ക്ക്  നല്‍കിയിരുന്നത്.  ജനങ്ങളെ ഭയപ്പെടുത്തി സമരം അടിച്ചമര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. സ്റ്റേഷന്റെ ഭിത്തിയില്‍ തൂക്കിയിരുന്ന തിളങ്ങുന്ന വാളും ബയനറ്റും കൈവിലങ്ങുകളും കണ്ടപ്പോള്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഏല്‍ക്കേണ്ടിവന്ന ഭീകരമര്‍ദനങ്ങള്‍ ബഷീറിന്റെ മനസ്സിലെത്തി. പോലീസുകാരുടെ ക്രൂരമുഖങ്ങള്‍ ഈ തോന്നലുകളുടെ ആക്കംകൂട്ടി. നിരായുധനായ ഓരോ സമരസേനാനിയെയും ചുറ്റും നിന്ന് ക്രൂരമായി മര്‍ദിക്കുന്ന ഭയാനകമായ അവസ്ഥയാണ് ആ ആയുധങ്ങളും പോലീസുകാരുടെ ക്രൂരമുഖങ്ങളും ബഷീറില്‍ ഉണര്‍ത്തിയത്. തീര്‍ച്ചയായും ആ കാഴ്ച നരകത്തെ ഓര്‍മ്മിപ്പിക്കും.
2.     ''ദേശീയപ്രസ്ഥാനകാലത്ത് സാമൂഹികസാഹചര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.''  -പ്രസ്താവന വിലയിരുത്തി കുറിപ്പ് തയാറാക്കുക.            
    സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ദേശീയപ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി വളരെ ശക്തമായി ബഷീര്‍ പ്രതികരിച്ചിരുന്നു. സത്യഗ്രഹാശ്രമത്തില്‍ പോകരുതെന്നും  ഖദര്‍ ധരിക്കരുതെന്നും സ്‌കൂളില്‍നിന്നും കര്‍ശനമായി
നിര്‍ദേശിച്ചിട്ടും ബഷീര്‍ അവയൊന്നും വകവെച്ചില്ല. അതിന്റെപേരില്‍ ഹെഡ്മാസ്റ്ററുടെ കൈയില്‍നിന്നും അടികൊള്ളേണ്ടി വന്നിട്ടുമുണ്ട്. ഗാന്ധിജി വൈക്കത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും തൊടാനും ശ്രമിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടാണ് പഠനം അവസാനിപ്പിച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി നൂറിലധികം മൈലുകള്‍ താണ്ടി കോഴിക്കോട്ടെത്തിയത്. അവിടെവച്ച് മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിച്ചത് രാജ്യസ്‌നേഹിയായ പൗരനെന്നനിലയിലാണ്. തീര്‍ച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹികപ്രശ്‌നങ്ങളോട് അതിശക്തമായി പ്രതികരിച്ച വിദ്യാര്‍ഥിയായിരുന്നു ബഷീര്‍.

കുപ്പിവളകള്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 1.    ''പെട്ടെന്ന്  നീട്ടിപ്പിടിച്ച തന്റെ കൈയില്‍ ആരുടെയോ കൈത്തലം. പൂവിതളുകളുടേതുപോലുള്ള മൃദുസ്പര്‍ശം.''   (കുപ്പിവളകള്‍)
    -വരികളിലെ സാദൃശ്യകല്പനയുടെ ഭംഗി കണ്ടെത്തിയെഴുതുക.  
 
       സന്ദര്‍ശകയുടെ മകളുടെ കൈകള്‍ പൂവിതള്‍പോലെ മൃദുലമായിരുന്നു. കൂടാതെ കണ്ണമ്മയുടെ നീട്ടിപ്പിടിച്ച കൈകളില്‍ അവള്‍  പിടിച്ചത് വളരെ പതുക്കെയാണ്. പരിചയമില്ലാത്ത ഒരാളുടെ സ്പര്‍ശം  കാഴ്ചശക്തിയില്ലാത്ത ഒരാളില്‍ ഉണ്ടാക്കുന്ന അനുഭവമാണ് ഈ വാക്യത്തിലുള്ളത്. കണ്ണമ്മയും സന്ദര്‍ശകയുടെ മകളും തമ്മിലുള്ള ജീവിതാവസ്ഥയുടെ അന്തരംകൂടി ഈ വാക്യത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.
2.     കണ്ണമ്മ നേരിടുന്ന അവഗണനകളെക്കുറിച്ച് കഥാഭാഗത്തുള്ള സൂചനകള്‍ കണ്ടെത്തുക.
    അനാഥാലയത്തിലെ അന്തേവാസിയായ കണ്ണമ്മയെന്ന പെണ്‍കുട്ടി ജന്മനാ അന്ധയാണ്. കാഴ്ചകളുടെയും നിറങ്ങളുടെയും ലോകം അവള്‍ക്ക് അന്യമാണ്. അതുകൊണ്ടുതന്നെ അവള്‍ക്ക് കാഴ്ചയുള്ളവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരാന്‍ കഴിയാറില്ല. അനാഥാലയത്തിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അവളെ സമൂഹവുമായി ബന്ധപ്പെടുന്നതിന് സഹായിക്കുന്നത്. രാവിലെ മുതല്‍ തോരാത്ത മഴയാണ്. കണ്ണമ്മ ഒന്നും കഴിച്ചിട്ടില്ല.  അവള്‍ക്ക് മഴനനഞ്ഞ് പോകാനും നിവൃത്തിയില്ല. ഓരോരുത്തരും അവരവരുടെ കാര്യം മാത്രം നോക്കുന്ന അവസ്ഥയാണ് അനാഥാലയത്തിലുള്ളത്. പ്രഭാതഭക്ഷണം പോലും കഴിക്കാനാവാതെയിരിക്കുന്ന കണ്ണമ്മയെ അനാഥാലയം സന്ദര്‍ശിക്കാന്‍ എത്തിയവരുടെ മുന്നില്‍ മുന്‍പന്തിയില്‍ നിര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന ക്രൂരതകൂടി കഥയില്‍ കാണാം. അരോചകമായ പ്രസംഗവും പുതുവസ്ത്രദാനവുമെല്ലാം കണ്ണമ്മയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അസഹ്യമായ മാനസികപീഡനങ്ങളാണ്.   സമൂഹത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നവരാണ് വൈകല്യമുള്ളവര്‍. നാം അവരുടെ വൈകല്യങ്ങള്‍ മാത്രമേ കാണാറുള്ളൂ. അവരുടെ മനസ്സ് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല എന്നത് യാഥാര്‍ഥ്യംതന്നെയാണ്.    

Thursday, August 11, 2022

യു. കെ. കുമാരന്‍: വീടുകളുടെ കഥാകാരന്‍

 ഓരോ വിളിയും കാത്ത് ...

യു. കെ. കുമാരന്റെ കഥകളുടെ സവിശേഷത അനുഭവങ്ങളുടെ തെളിച്ചമുള്ള അടിയൊഴുക്കാണ്. നമുക്കു ചുറ്റുമുള്ള, സ്വന്തം വീട്ടിലോ അയല്‍വീട്ടിലോ തൊഴിലിടത്തോ, നമുക്ക് അത്രമേല്‍ സുപരിചിതമായ കഥകളും കഥാസന്ദര്‍ഭങ്ങളുമാണ് അദ്ദേഹം വാങ്മയ ചിത്രങ്ങളായി കഥകളില്‍ ദൃശ്യവല്‍കരിക്കുന്നത്.
വീടാണ് യു. കെ. കുമാരന്റെ മിക്ക കഥകളുടെയും കേന്ദ്ര പ്രമേയം. വീട്ടകത്തെ സ്‌നേഹഹര്‍ഷങ്ങളും ഉള്‍പ്പോരുകളും കഥകള്‍ക്ക് അദ്ദേഹം വിഷയമാക്കുന്നു. പത്താം ക്ലാസിലെ 'ഓരോ വിളിയും കാത്ത്' എന്ന കഥയിലാകട്ടെ ഒരച്ഛന്റെയും അമ്മയുടെയും പരസ്പരാശ്രിതത്വത്തെയാണ് ആര്‍ദ്രമായ അനവധി സന്ദര്‍ഭങ്ങളിലൂടെ ചിത്രീകരിക്കുന്നത്. അച്ഛന്‍ മരിച്ചതിനുശേഷം വീട്ടില്‍ ഒറ്റയ്ക്കാവുന്ന അമ്മയുടെ അനുഭവങ്ങള്‍ - അമ്മയുടെ ഓര്‍മ്മയില്‍ സദാ തെളിയുന്ന അച്ഛന്റെ കരുതലും കാര്‍ക്കശ്യവും. വീട്ടില്‍ ഒറ്റപ്പെട്ട അമ്മ ഒടുവില്‍ മകന്റെ ഇംഗിതമനുസരിച്ച് നഗരത്തിലേക്ക് കൂടെപ്പോകാന്‍ സമ്മതിക്കുന്നുണ്ടണ്ട്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. മരണത്തോടെ അവസാനിക്കുന്നില്ല ആത്മബന്ധങ്ങളുടെ സ്‌നേഹസാന്നിധ്യം. വേര്‍പിരിഞ്ഞാലും അത് ഉയിരുടലായി അരികിലുണ്ടാകും. ആകസ്മികമായി പരിചയപ്പെട്ട ഒരമ്മയുടെ ജീവിത ക്രമത്തില്‍ നിന്നാണ് ഈ കഥ വികസിപ്പിച്ചതെന്ന് യു.കെ. കുമാരന്‍ പറയുന്നു.
അച്ഛനമ്മമ്മാരെപ്പോലെ മക്കളും ഒറ്റപ്പെട്ടു പോകുന്നുണ്ട് ആധുനിക വീടുകളില്‍ എന്നു പറയുന്നു കഥാകൃത്ത്. വീടും വീട്ടിലെ അംഗങ്ങളും യു.കെ. കുമാരന്റെ കഥകളില്‍ നിരന്തരം വന്നുചേരുന്ന പ്രമേയങ്ങളാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂശയാണ് ഓരോ വീടും. കെട്ടിയുര്‍ത്തിയ ചുവരുകള്‍ കൊണ്ടണ്ടോ ബലിഷ്ഠമായ ചുറ്റുമതില്‍ കൊണ്ടോ വീട് വീടാകുന്നില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും ചാന്ത് പുരളാത്ത വീട് എങ്ങനെ വീടാകും. നിരന്തരമായി സംസാരിക്കുന്ന, നവീകരിക്കപ്പെടാന്‍ വെമ്പുന്ന, മൗനം കനക്കാത്ത വീടുകളെപ്പറ്റിയാണ് യു.കെ. കുമാരന്‍ എഴുതുന്നത്. 'ഒറ്റമുറിക്കൊട്ടാരവും' 'ഉണ്ണിയും പോകുന്നു' എന്ന കഥയും 'വീട് സംസാരിക്കുന്നു', 'ഉപചാരങ്ങള്‍ അറിയുന്ന നമ്മള്‍', 'മധുരശൈത്യം' എന്നിങ്ങനെ എത്രയോ വീട്ടനുഭവങ്ങളുടെ പൊള്ളുന്ന കഥകള്‍ നമ്മുടെ മുന്നിലുണ്ടണ്ട്. യു കെ കുമാരന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന 20-ാം പതിപ്പില്‍ എത്തിനില്‍ക്കുന്ന 'തക്ഷന്‍കുന്ന് സ്വരൂപം' പ്രാദേശിക തത്വത്തിലൂന്നിയ നാട്ടുകഥയുടെയും നാട്ടുമനുഷ്യരുടെയും ബ്രഹദ്‌വ്യാഖ്യാനമാണ്. പാരമ്പര്യവും പുരോവൃത്തങ്ങളും മാത്രമല്ല, രാഷ്ട്രീയമിടിപ്പുകളും കീഴാളരുടെ ഉയിര്‍പ്പും ഈ വിഖ്യാതകൃതിയില്‍ നമുക്ക് വായിച്ചെടുക്കാം.
കഥയെഴുത്തിലെ പുതുതലമുറയോട് യുകെയ്ക്ക് എന്തുണ്ട് പറയാന്‍? നന്നായി കഥയെഴുതുന്ന എത്രയോ കുട്ടികളുണ്ട്. സ്‌കൂള്‍ കോളജ് മാഗസിനുകളിലും ബാലപംക്തികളിലും അവരുടെ തിരയടിഞ്ഞ സര്‍ഗസാന്നിധ്യം വിളിച്ചുപറയുന്നു. രൂപഘടനയിലും പ്രമേയത്തിലും ധീരമായ ചുവടുകള്‍ പതിഞ്ഞതും ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരോട് പറയാന്‍ ഒന്നേ ഇനി ബാക്കിയുള്ളൂ. ജീവിതത്തെ കുറച്ചുകൂടി അടുത്തും സൂക്ഷ്മമായും നിരീക്ഷിക്കുക. മുന്നോട്ട് കുതിക്കാന്‍ പുതിയ രചനാവഴികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പിന്നില്‍ കാലുറപ്പിക്കണമാദ്യം. അത് വിസ്മരിച്ചുകൂടാ.
-എം. മനോഹരന്‍.

യൂണിറ്റ്-2 : അനുഭൂതികള്‍ ആവിഷ്‌കാരങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 10)

 

 👉 തിരുവള്ളുവര്‍  
സംഘകാലത്ത് ജീവിച്ചിരുന്ന ദ്രാവിഡകവിയാണ് തിരുവള്ളുവര്‍. 'തമിഴ്‌സാഹിത്യത്തിലെ ഇതിഹാസ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുക്കുറള്‍ രചിച്ചത് ഇദ്ദേഹമാണ്.  തിരു എന്നത് ബഹുമാനസൂചകമായി ഉപയോഗിക്കുന്നതാണ്. വള്ളുവന്‍ എന്നതിന്റെ ബഹുമാനസൂചകമാണ് വള്ളുവര്‍. വള്ളുവവംശത്തിലാണ് ഇദ്ദേഹം ജനിച്ചത്. കേരളത്തിലെ പ്രസിദ്ധമായ പറയിപെറ്റ പന്തിരുകുലം കഥയിലെ വള്ളുവര്‍തന്നെയാണ് ഇദ്ദേഹമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതികമാന്‍, കപിലര്‍, ഔവ്വയാര്‍ എന്നിവരുടെ സഹോദരനാണ്  തിരുവള്ളുവരെന്ന് കരുതപ്പെടുന്നു.
👉 തിരുക്കുറള്‍ 
തമിഴ്ഭാഷയില്‍ രചിക്കപ്പെട്ട തത്ത്വചിന്താഗ്രന്ഥമാണ്  തിരുക്കുറള്‍. 'കുറല്‍(ള്‍)' എന്നാല്‍ ഈരടി എന്നാണ് അര്‍ഥം. 'തിരു' എന്നതിന് ശ്രേഷ്ഠമെന്നും. തമിഴ് മറൈ (തമിഴ് വേദം) തെയ്‌വനൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. സംഘസാഹിത്യത്തിലെ കീഴ്ക്കണക്ക് വിഭാഗത്തിലാണ് ഈ കൃതി ഉള്‍പ്പെടുന്നത്. 133 അധ്യായങ്ങളിലായി 1330 ഈരടികളാണ്  ഇതിലുള്ളത്. പരോപകാരം ചെയ്ത് മനുഷ്യജന്മം  സഫലമാക്കുവാനണ്ടാണ് ഇതിലെ ഓരോ ഈരടിയും അനുശാസിക്കുന്നത്. ജാതിമതഭേദമില്ലാതെ മാനവരാശിക്കു മുഴുവന്‍ നന്മയുടെ വഴികള്‍ കാണിച്ചുകൊടുക്കുന്ന ഈ വിശിഷ്ടഗ്രന്ഥം അനേകം വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.